’കുഞ്ഞുനിഹാൻ’ പെരുമ്പളം പാലത്തിലെ ആദ്യ VIP യാത്രികൻ; ഉദ്ഘാടനത്തിനുമുൻപേ കാറിലേറി അമ്മവീട്ടിലേക്ക്

#-കെ.ആർ. സേതുരാമൻ
നിഹാൻ, പെരുമ്പളം പാലം
നിഹാൻ, പെരുമ്പളം പാലം

അരൂർ: നിറവയറുമായി ഫെബ്രുവരി 17-ന് ജങ്കാറിലേറിയാണ് പെരുമ്പളം സ്വദേശിനി ഹിമാഹർഷൻ പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയത്. 19-ന് തന്റെ രണ്ടാമത്തെ ആൺകുഞ്ഞിന് ജന്മം നൽകി ഈ അമ്മ. ചികിത്സകഴിഞ്ഞ് മടങ്ങിയത് 26-നായിരുന്നു. അന്ന് പെരുമ്പളം പാലത്തിന്റെ നിർമാണ കരാർകമ്പനിയുടെ പ്രത്യേക അനുമതിയയോടെ ഏഴുദിവസം പ്രായമുള്ള ’നിഹാൻ’ അമ്മവീടണയാൻ പെരുമ്പളംപാലം കടന്നു. പാലം ഉദ്ഘാടന തീയതിപോലും അന്ന് തീരുമാനമായിട്ടില്ല. അങ്ങനെ ഉദ്ഘാടനത്തിനുമുൻപേ പെരുമ്പളംപാലം കാറിലേറി കടന്ന ആദ്യ വി.ഐ.പി. യാത്രക്കാരനായി ആ കുഞ്ഞ് മാറി.

12,000 ജനങ്ങൾ പാർക്കുന്ന പെരുമ്പളത്തേക്കുള്ള പാലത്തിന്റെ ആവശ്യകത മനസ്സിലാകും ഈ യഥാർഥ സംഭവത്തിനുപിന്നിൽ. കാലങ്ങൾ പിന്നിലേക്ക് സഞ്ചാരിച്ചാൽ 1996-ൽ ഷൈല എന്ന അമ്മ പെരുമ്പളം പാണാവള്ളി ബോട്ടിൽ പ്രസവിച്ച വെങ്കിടേഷ് ബാബുവും 1981-ൽ പ്രസവവേദനയുമായി എത്തിയ ഗർഭിണിയെ വള്ളത്തിൽ കടത്തിറക്കിയ സന്തോഷും ഒക്കെ പെരുമ്പളത്തിന്റെ യാത്രാദുരിതങ്ങളുടെ ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങളാണ്. ഇവർക്കിടയിലേക്കാണ് 100 കോടി രൂപയിൽ യാഥാർഥ്യമായ പാലത്തിലൂടെ കുഞ്ഞുനിഹാൻ വി.ഐ.പി.യായി പാലത്തിലൂടെ അക്കരെ കടന്നത്. ഇതൊക്കെയാണ് പെരുമ്പളം നിവാസികളുടെ ജീവന്റെ വിലയുള്ള പാലം എന്ന സ്വാഗതകമാനത്തിലെ വാചകങ്ങൾ ശരിവയ്ക്കുന്നത്.

പെരുമ്പളം ഏഴാംവാർഡ് ചേപ്പേലിൽ ഹിമാഹർഷനാണ് നിഹാന്റെ അമ്മ. മൂത്തമകൻ മിഹാന്റെ പ്രസവശേഷം വീട്ടിലേക്ക് മടങ്ങിയത് ജങ്കാറിലായിരുന്നു. ഇത്തവണത്തെ യാത്രയ്ക്ക് കരുതലിന്റെ മറ്റൊരു യാഥാർഥ്യം കൂടെയുണ്ടെന്ന് ഹിമ പറയുന്നു. സർക്കാരിന്റെ അമ്മയും കുഞ്ഞും പദ്ധതി പ്രകാരം എറണാകുളം ജനറൽ ആശുപത്രിയിൽനിന്ന് സൗജന്യവാഹനത്തിലാണ് ഇവർ പെരുമ്പളത്തെത്തിയത്. നിഹാനും ഹിമയ്ക്കുമൊപ്പം ഹിമയുടെ അമ്മ ജ്യോതിദേവിയും ഉണ്ടായിരുന്നു. കുഞ്ഞിന്റെപേര് തീരുമാനിച്ചെങ്കിലും ചടങ്ങിന് ഇനിയും ദിവസങ്ങളുണ്ട്. അന്ന് ഭർത്താവ് വൈപ്പിൻ സ്വദേശി മിഥുനും ബന്ധുക്കൾക്കടക്കം പാലത്തിലൂടെ എത്താമെന്ന സന്തോഷവും ഇവർ പങ്കുവെയ്ക്കുന്നു.

ഉയരെ... ഉയരെ... ആഘോഷം

അരൂർ: ശനിയാഴ്ച നടക്കുന്ന പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനം ആഘോഷമാക്കി പ്രദേശവാസികൾ. പുന്നപ്പറമ്പ്, അരയകുളങ്ങര, പുതുക്കാട് എന്നിവിടങ്ങളിലെ വിവിധ കലാപരിപാടികൾ ദ്വീപ് ജനത ഹൃദയത്തോട് ഏറ്റെടുത്തു. ഏഴുദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിലെ അവസാന നാലുദിന പരിപാടികൾ മുഖ്യമന്ത്രി പാലം ഉദ്ഘാടനം ചെയ്യുന്ന കിഴക്കേക്കരയിലെ അപ്രോച്ച് റോഡിനോടുചേർന്നുള്ള വടയാഴം ഗ്രൗണ്ടിലാണ്. ബുധനാഴ്ച വൈകീട്ട് ഇവിടെ കലാപരിപാടികൾ തുടങ്ങി. വെള്ളിയാഴ്ച വൈകീട്ട് പാലത്തിന്റെ പടിഞ്ഞാറേക്കരയിൽ തുടങ്ങി, ദ്വീപിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും സന്തോഷ ദീപം തെളിക്കും.

ബുധനാഴ്ച വൈകീട്ട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പെരുമ്പളം ഹെൽത്ത് കാർണിവൽ നടന്നു. തുടർന്ന് ജനപ്രതിനിധികളുടെ സംഗമം. മുൻ ജനപ്രതിനിധികളെ കൂടി പങ്കെടുപ്പിച്ച പരിപാടി സ്വാഗതസംഘം ചെയർമാൻ അഡ്വ. എ.എം. ആരിഫ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ഗിരീഷ് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ എൻ.ആർ. ബാബുരാജ് ചടങ്ങിൽ പാലത്തിനായി ഭൂമി വിട്ടുനൽകിയവരെ ആദരിച്ചു. സംഗീതനിശയും നടന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് പാലം ദീപാലംകൃതമായി.

പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഇരുവശങ്ങളിലും ഉദ്ഘാടനത്തിനെത്തുന്ന മുഖ്യമന്ത്രിയടക്കമുള്ള ജനനായകർക്ക് അഭിവാദ്യമർപ്പിച്ച് നിരവധി അനുമോദന ബോർഡുകളും ഉയർന്നിട്ടുണ്ട്.

കിഴക്കേക്കരയിൽ ടാറിങ് നടന്നു

പാലത്തിന്റെ കിഴക്കേക്കരയിലെ അപ്രോച്ച് റോഡ് ടാറിങ് ബുധനാഴ്ച പൂർത്തീകരിച്ചു. 300 മീറ്റർ നീളത്തിലാണ് ഉന്നതനിലവാരത്തിലുള്ള ടാറിങ് നടത്തിയത്. ഇതിനൊപ്പം അപ്രോച്ച് റോഡിന് സമാന്തരമായി കായലിലേക്ക് നീളുന്ന റോഡും ടാർചെയ്തു.

വ്യാഴാഴ്ച പടിഞ്ഞാറേക്കരയിലെ ടാറിങ്ങും നടത്തും. ഇതിനൊപ്പം വടയാഴം ഗ്രൗണ്ടിൽ 5000 പേർക്ക് ഇരിക്കാവുന്ന കൂറ്റൻ പന്തലിന്റെ നിർമാണവും അതിവേഗത്തിലാണ്.

വിശാലമായ വേദിയിലും സദസ്സിലും ചൂടിനെ പ്രതിരോധിക്കാൻ തണുത്ത കാറ്റ് ലഭിക്കുന്നതിനുള്ള ക്രമീകരണവും ഉണ്ട്. മുഖ്യമന്ത്രിക്ക് വേദിയിലേക്കെത്തുവാൻ രണ്ടുവഴികളും ഒരുക്കിയിട്ടുണ്ട്. ടാറിങ് മൂലം പാലത്തിൽ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുകയാണ്. അതിനാൽ ബുധനാഴ്ച സംഗീതനിശ അവതരിപ്പിക്കാനുള്ള സാമഗ്രികൾ അടക്കം കിഴക്കേക്കരയിൽ എത്തിച്ചത് ജങ്കാറിലായിരുന്നു.

Content Highlights: A newborn baby named Nihan became the first person to cross the new Perumbalam Bridge before its official inauguration., The ₹100 crore bridge fulfills a long-standing need, ending decades of travel hardships for the 12,000 residents of Perumbalam island., The bridge inauguration is a major week-long celebration, set to be officiated by the Chief Minister of Kerala.