പെരിയ ഇരട്ടക്കൊല കേസിലെ ശിക്ഷ: കെ. മണികണ്ഠനെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കി

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതി കെ. മണികണ്ഠനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കി. എന്നാൽ ഇത്തരത്തിലൊരു ഉത്തരവ് വരാനിരിക്കെ, രണ്ടുമാസം മുൻപ് മണികണ്ഠൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും പഞ്ചായത്ത് അംഗത്വവും രാജിവെച്ചിരുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിയും കൊലപ്പെടുത്തിയ കേസിലെ പതിനാലാം പ്രതിയാണ് സിപിഎം ഉദുമ മുൻ ഏരിയ സെക്രട്ടറി കൂടിയായ മണികണ്ഠൻ. ഇരട്ടക്കൊലക്കേസിൽ സിബിഐ കോടതി മണികണ്ഠന് വിധിച്ചത് അഞ്ചുവർഷത്തെ ശിക്ഷയാണ്. കോടതി ശിക്ഷ വിധിച്ച പ്രതിക്ക് ജനപ്രതിനിധിയാകാനുള്ള യോഗ്യതയില്ലെന്ന് കാണിച്ച് കോൺഗ്രസ് നേതാവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ കല്യോട്ടെ അഡ്വ. എം.കെ. ബാബുരാജാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ സമിപിച്ചത്.
ശിക്ഷ വിധിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചതിനാൽ മണികണ്ഠൻ ജയിലിലായില്ല. തനിക്കെതിരെയുള്ള കുറ്റം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മണികണ്ഠൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയിൽ അപ്പീൽ നല്കാനാണ് സുപ്രീം കോടതി നിർദേശിച്ചത്. ഇതേ തുടർന്നാണ് ജൂൺ 21-ന് മണികണ്ഠൻ രാജിക്കത്ത് നൽകിയത്. ഉദുമ പാക്കം ഡിവിഷനിൽനിന്നാണ് മണികണ്ഠൻ വിജയിച്ചത്.
Content Highlights: periya murder case Election Commission disqualifies Manikandan