പെരിയഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍;യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചിന് പോലീസ് അനുമതിയില്ല

കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ രണ്ടുപേർക്ക് പരോൾ നൽകിയതിൽ പ്രതിഷേധം കനക്കുന്നു. കൊലയാളികൾക്ക് സർക്കാർ പരവതാനി വിരിക്കുന്നുവെന്ന് ആരോപിച്ച യൂത്ത് കോൺഗ്രസ്, ഞായറാഴ്ച വൈകിട്ട് അഞ്ചിന് പ്രതിഷേധ ജ്വാല നടത്തുമെന്ന് പ്രഖ്യാപിച്ചു. ശരത്‌ലാലിന്റെയും കൃപേഷിന്റെയും കല്യോട്ടെ സ്മൃതികുടീരത്തിൽനിന്ന് ഏച്ചിലടുക്കത്തേക്ക് പ്രതിഷേധ പ്രകടനം നടത്താനാണ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. എന്നാൽ പ്രകടനത്തിന് പോലീസ് അനുമതി നൽകിയിട്ടില്ല. ഇതുസംബന്ധിച്ച വിവരം ബേക്കൽ പോലീസ് യൂത്ത് കോൺഗ്രസ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.
അനുമതിയില്ലെങ്കിലും തീരുമാനിച്ച പ്രതിഷേധ മാർച്ചിന് മാറ്റമില്ലെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. സമാധാനാന്തരീക്ഷം തകർന്നാൽ അതിനുത്തരവാദി സർക്കാരാണെന്ന് നേതാക്കൾ പറഞ്ഞു. ഇരട്ടക്കൊലക്കേസിൽ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടവരിൽ നാലാംപ്രതി കെ.അനിൽകുമാർ, എട്ടാംപ്രതി സുബീഷ് വെളുത്തോളി എന്നിവർക്കാണ് പരോൾ അനുവദിച്ചത്. സുബീഷിന് 20 ദിവസത്തേക്കും അനിൽകുമാറിന് ഒരുമാസത്തേക്കുമാണ് പരോൾ നൽകിയത്. ഇരുവർക്കും ബേക്കൽ പോലീസ് പരിധിയിൽ പ്രവേശിക്കാൻ അനുമതിയില്ല. പരോൾ നൽകുന്നത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് ബേക്കൽ പോലീസ് നേരത്തേ ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. പ്രതികളുടെ പരോൾ അപേക്ഷ കോടതി തള്ളിയതിനുപിന്നാലെയാണ് സർക്കാരിന്റെ ആനുകൂല്യമുണ്ടായത്.
Content Highlights: periya murder case accused parole youth congress protest