പേരാമ്പ്രയിലെ സംഘര്‍ഷം; ഷാഫി പറമ്പില്‍ എംപി അടക്കമുള്ള നേതാക്കള്‍ക്കെതിരേ കേസ്

കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപി, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ എന്നിവരടക്കം എട്ട് യുഡിഎഫ് നേതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 692 പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു, കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പോലീസിനെതിരെ കല്ലെറിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്യായമായി സംഘം ചേരല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
അതേസമയം, യുഡിഎഫ് പ്രതിഷേധ പ്രകടനത്തിനുനേരേ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റിരുന്നു. എംപിക്ക് ലാത്തിയടിയേല്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മുഖത്തും കൈക്കും കാലിനും പരിക്കേറ്റ ഷാഫിയെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എംപിയുടെ മൂക്കിന്റെ രണ്ട് എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. അദ്ദേഹത്തെ രാത്രിതന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കിയതായി ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഇഎന്‍ടി സര്‍ജന്‍ ഡോ. അഭിലാഷ് അറിയിച്ചു.
Content Highlights: Police registered a case against UDF leaders, including MP Shafi Parambil, and CPM workers following clashes in Perambra. Shafi Parambil was injured in police lathi-charge