ചെയര്‍മാന്‍ സീറ്റ് UDSF പിടിച്ചെടുത്തത് പ്രശ്‌നങ്ങളുടെ തുടക്കം; പോലീസ് തടഞ്ഞതോടെ സംഘര്‍ഷം, ഹര്‍ത്താല്‍; സ്തംഭിച്ച് പേരാമ്പ്ര

പേരാമ്പ്ര: ഹര്‍ത്താല്‍ ദിനത്തില്‍ യുഡിഎഫ് പ്രതിഷേധം പോലീസ് തടഞ്ഞതോടെ പേരാമ്പ്ര ടൗണ്‍ സ്തംഭിച്ചു. ഏറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നതിനെത്തുടര്‍ന്ന് എന്തും സംഭവിക്കാവുന്ന സ്ഥിതിയായി. മെയിന്‍ റോഡില്‍ വൈകീട്ട് മുതല്‍ ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങളെല്ലാം വഴിതിരിച്ചുവിട്ടു.
കഴിഞ്ഞദിവസം സികെജിഎം ഗവ. കോളേജ് തിരഞ്ഞടുപ്പില്‍ ചെയര്‍മാന്‍ സീറ്റ് യുഡിഎസ്എഫ് പിടിച്ചെടുത്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. യുഡിഎസ്എഫ് ആഹ്ലാദ പ്രകടനം പോലീസ് റോഡില്‍ തടഞ്ഞതോടെ സംഘര്‍ഷമുണ്ടായിരുന്നു. പോലീസ് അതിക്രമത്തിനെതിരേ യുഡിഎഫ് ഹര്‍ത്താല്‍ നടത്തിയതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമായി. ഹര്‍ത്താലില്‍ പഞ്ചായത്ത് പ്രസിഡന്റിനെ കോണ്‍ഗ്രസുകാര്‍ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് വന്‍ പ്രതിഷേധ പ്രകടനമാണ് ടൗണില്‍ വെള്ളിയാഴ്ച വൈകീട്ട് ആദ്യം നടന്നത്.
പിന്നാലെ യുഡിഎഫ് പ്രകടനവുമെത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് ബസ്സ്റ്റാന്‍ഡിന് തൊട്ടുമുന്‍പ് പ്രകടനം തടഞ്ഞു. ഇതോടെ പോലീസുമായി ഏറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നു. എതിര്‍ഭാഗത്ത് സിപിഎം പ്രവര്‍ത്തകര്‍കൂടിനിന്ന് മുദ്രാവാക്യം മുഴക്കിയതോടെ പോലീസ് നടുവില്‍ നിലയുറപ്പിച്ചു. ഷാഫി പറമ്പില്‍ എംപി എത്തിയതോടെ പ്രവര്‍ത്തകര്‍ വീണ്ടും ആവേശത്തിലായി.
രണ്ട് മണിക്കൂറിന് ശേഷമാണ് പോലീസ് ലാത്തിവീശലിലേക്ക് കടന്നത്. ടിയര്‍ഗ്യാസും ഗ്രനേഡും പ്രയോഗിച്ചതോടെ എല്ലാവരും ചിതറി ഓടി. വീണ്ടും തിരികെ വന്നെങ്കിലും പോലീസ് ഓടിച്ചു. ഇടയ്ക്ക് കല്ലേറുമുണ്ടായി. ഇതിനിടയിലാണ് ഷാഫി പറമ്പില്‍ എംപിക്ക് ഉള്‍പ്പെടെ പരിക്കേറ്റത്.
പോലീസ് ടിയര്‍ഗ്യാസ് പ്രയോഗത്തില്‍ പരിക്കേറ്റ ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍, ഡിസിസി സെക്രട്ടറിമാരായ പി.കെ. രാഗേഷ്, കെ.കെ. വിനോദന്‍, യുഡിഎഫ് പ്രവര്‍ത്തകരായ നിയാസ് കല്‍പ്പത്തൂര്‍, സജീര്‍ പന്നിമുക്ക്, അഷറഫ് കിഴിഞ്ഞാണ്യം, അജി ചേനോളി എന്നിവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഡിവൈഎസ്പിക്ക് ഗ്രനേഡ് പൊട്ടി പരിക്ക്
പേരാമ്പ്ര: നഗരത്തിലുണ്ടായ സംഘര്‍ഷത്തിനിടെ ഗ്രനേഡ് പൊട്ടി വടകര ഡിവൈഎസ്പി ആര്‍. ഹരിപ്രസാദിനും പേരാമ്പ്ര ഡിവൈഎസ്പി സുനില്‍കുമാറടക്കം എട്ടോളം പോലീസുകാര്‍ക്കും പരിക്കേറ്റു.
ഈ ചോരകൊണ്ട് അയ്യപ്പന്റെ സ്വര്‍ണം കട്ടത് മറച്ചുപിടിക്കാനാവില്ല -ഷാഫി പറമ്പില്‍
കോഴിക്കോട്: ''ഈ ചോരകൊണ്ട് അയ്യപ്പന്റെ സ്വര്‍ണം കട്ടത് മറച്ചുപിടിക്കാമെന്ന് സിപിഎമ്മും സര്‍ക്കാരും വ്യാമോഹിക്കണ്ട'' -മുറിവേറ്റ മുഖവുമായി വെള്ളിയാഴ്ച രാത്രി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിയ ഷാഫി പറമ്പില്‍ മാധ്യമങ്ങളോടു പറഞ്ഞു.
രാത്രി 8.49-ഓടെ ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാറിനൊപ്പം തന്റെ സ്വന്തം വാഹനത്തിലാണ് ഷാഫിയെത്തിയത്. വാഹനം എത്തുന്നതിനുമുന്‍പുതന്നെ അത്യാഹിതവിഭാഗത്തില്‍ ചികിത്സയ്ക്കാവശ്യമായ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. എം.കെ. രാഘവന്‍ എംപിയും കോണ്‍ഗ്രസ് നേതാക്കളും സംഭവസ്ഥലത്തുണ്ടായിരുന്നു.
സ്വര്‍ണം കട്ടത് മറച്ചുപിടിക്കലാണ് ആക്രമണത്തിനുപിന്നിലെങ്കില്‍ ഇതിലും വലിയ പരാജയം സിപിഎമ്മിന് പേരാമ്പ്രയില്‍ ഉണ്ടാവുമെന്ന് ഷാഫി മര്‍ദനമേറ്റയുടന്‍ പ്രസംഗിച്ചു. സ്വര്‍ണം കട്ടവരെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാണിക്കും. ശമ്പളം പാര്‍ട്ടി ഓഫീസില്‍നിന്നല്ലെന്ന ബോധ്യം പോലീസിന് വേണമെന്നും ഇപ്പോള്‍ ചെയ്ത പണിക്കുള്ള മറുപടി അന്ന് ഞങ്ങള്‍ നല്‍കുമെന്നും ഷാഫി പറഞ്ഞു.
യുഡിഎഫ് കമ്മിഷണര്‍ ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം
കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിക്ക് പേരാമ്പ്രയില്‍ മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ കോഴിക്കോട് കമ്മിഷണര്‍ ഓഫീസ് മാര്‍ച്ചിലും പ്രതിഷേധപ്രകടനത്തിലും സംഘര്‍ഷം. കമ്മിഷണര്‍ ഓഫീസിന്റെ ഗേറ്റ് തള്ളിത്തുറന്ന് കടക്കാന്‍ശ്രമിച്ച പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറെനേരം ഉന്തും തള്ളുമുണ്ടായി. തള്ളലില്‍ ഗേറ്റ് തുറന്നെങ്കിലും നേതാക്കളെത്തി പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു. പലതവണ പോലീസ് വലയം തകര്‍ത്ത് പ്രവര്‍ത്തകര്‍ ഉള്ളില്‍ കടക്കാന്‍ശ്രമിച്ചെങ്കിലും നേതാക്കള്‍ പ്രതിരോധിച്ചു.
അരമണിക്കൂറിലധികം കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ തുടര്‍ന്നു. കമ്മിഷണര്‍ ഓഫീസ് കോന്പൗണ്ടിലേക്ക് കടക്കുമെന്ന അവസ്ഥയുണ്ടായി. ഏറെനേരം പണിപ്പെട്ടാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്.
ഡിസിസി ഓഫീസില്‍നിന്ന് കമ്മിഷണര്‍ ഓഫീസിലേക്ക് പ്രകടനവുമായി വരുന്നതിനിടെ ആദ്യം ക്രിസ്ത്യന്‍ കോളേജിനടുത്ത് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. റോഡരികിലുണ്ടായിരുന്ന ബാനറുകള്‍ പ്രവര്‍ത്തകര്‍ കീറിയപ്പോള്‍ ഇടപെട്ടപ്പോഴാണ് പ്രകടനത്തിന് മുന്നില്‍പ്പോയ പോലീസ് വാഹനത്തിനുനേരേ പ്രവര്‍ത്തകര്‍ തിരിഞ്ഞത്. ഒരു പോലീസുകാരന്റെ ലാത്തിപിടിച്ചൊടിക്കുകയും ചെയ്തു.
തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. പോലീസ് പ്രവര്‍ത്തകരുടെ ഫോണ്‍ പിടിച്ചെടുത്തതായി നേതാക്കള്‍ പറഞ്ഞു. രാപകലില്ലാത്ത സമരത്തിന് നേതൃത്വംകൊടുക്കുമെന്ന് മാര്‍ച്ച് ഉദ്ഘാടനംചെയ്തുകൊണ്ട് ടി. സിദ്ദിഖ് എംഎല്‍എ പറഞ്ഞു.
ഇന്ന് പേരാമ്പ്രയില്‍പ്രതിഷേധസംഗമം
കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കുംനേരെ നടന്ന പോലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച വൈകീട്ട് മൂന്നിന് പേരാമ്പ്രയില്‍ യുഡിഎഫിന്റെ അതിവിപുലമായ പ്രതിഷേധസംഗമം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ അറിയിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ഉദ്ഘാടനംചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് ബ്ലോക്ക് തലങ്ങളില്‍ പ്രതിഷേധം
കോഴിക്കോട്: കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിക്കുനേരേയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കോണ്‍ഗ്രസ് ബ്ലോക്ക് തലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. സിപിഎമ്മും പോലീസും ചേര്‍ന്ന് കരുതിക്കൂട്ടി നടത്തിയ അക്രമമാണിത്. സ്വര്‍ണപ്പാളി മോഷണത്തില്‍ പ്രതിക്കൂട്ടിലായ സംസ്ഥാനസര്‍ക്കാരും സിപിഎമ്മും ചേര്‍ന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇത്തരമൊരു ആക്രമണം ആസൂത്രണംചെയ്തത്. പോലീസ് അത് നടപ്പാക്കുകയായിരുന്നു -അദ്ദേഹം പറഞ്ഞു.
Content Highlights: Perambra town paralyzed as police block UDF hartal protest. Clashes erupt after college election victory, leading to traffic disruption and injuries to leaders.