പെപിത ഇനി കേരളത്തിന്റെ മകൾ; ഇന്ന് ഇന്ത്യൻ പൗരത്വം നൽകും

#കെ.വി. കല
പെപിത
പെപിത

തൃശ്ശൂർ: കേരളത്തിന്റെ വളർത്തുമകളായ പെപിത സേത്ത് ഇനിമുതൽ സ്വന്തം മകൾ. ആനയും തെയ്യവും കാവും ഉത്സവങ്ങളും കണ്ട് കൊതിതീരാത്ത ഈ എൺപത്തിനാലുകാരി ഇനി സ്വന്തം നാടായ ബ്രിട്ടനിലേക്ക് മടങ്ങില്ല. ഇന്ത്യൻ പൗരത്വം സ്വീകരിക്കാനുള്ള പെപിതയുടെ തീരുമാനത്തിന് വെള്ളിയാഴ്ച ഔദ്യോഗിക അംഗീകാരമാകും. തൃശ്ശൂർ കളക്ടറേറ്റിൽ നടക്കുന്ന ചടങ്ങിൽ കളക്ടർ അർജുൻ പാണ്ഡ്യനിൽനിന്ന് പൗരത്വ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങും.

കേരളത്തിന്റെ കലയും സംസ്‌കാരവും ലോകത്തിന്റെ കാഴ്ചയിലെത്തിച്ച പെപിതയെ 2012-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു. ഔദ്യോഗികമായി ഇന്ത്യക്കാരിയാകുന്നതിൽ അഭിമാനമുണ്ടെന്ന് തൃശ്ശൂരിലെ വീട്ടിലിരുന്ന് പെപിത പറഞ്ഞു.

ബ്രിട്ടീഷ് പട്ടാളക്കാരനായിരുന്ന അമ്മയുടെ മുത്തച്ഛന്റെ ഡയറിത്താളുകൾ വായിച്ചു ഭ്രമിച്ച് ഫോട്ടോഗ്രാഫറും എഴുത്തുകാരിയുമായ പെപിത 27-ാം വയസ്സിലാണ് ഇന്ത്യയിലേക്ക് തിരിച്ചത്. നിക്കോൺ ക്യാമറയിൽ അവർ പകർത്തിയ, മദപ്പാടിൽ പനമ്പട്ടയും മണ്ണും വീശിയെറിയുന്ന ഗുരുവായൂർ കേശവന്റെ അപൂർവചിത്രം ലോകശ്രദ്ധ നേടി. 1981-ൽ ഗുരുവായൂർ അടക്കമുള്ള ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ ഹിന്ദു ആചാരപ്രകാരമുള്ള അനുമതിയും പെപിത നേടിയെടുത്തു. ഗാന്ധി എന്ന വിശ്വപ്രസിദ്ധമായ ചിത്രത്തിൽ ജവാഹർലാൽ നെഹ്‌റുവിന്റെ വേഷമിട്ട റോഷൻ സേത്തായിരുന്നു ജീവിതപങ്കാളി. പിന്നീട് സേത്തുമായി വേർപിരിഞ്ഞെങ്കിലും പേരിന്റെ രണ്ടാം ഭാഗം അവർ ഉപേക്ഷിച്ചില്ല.

Content Highlights: 84-year-old Pepita Seth, honored with Padma Shri, embraces Indian citizenship in Thrissur