കുത്തനെയുള്ള കയറ്റം; കുട്ടികളെ തോളില്‍കയറ്റി ഓടി, പീച്ചിയിലേത് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം

പീച്ചി: പീച്ചി ഡാം റിസര്‍വോയറില്‍ പെണ്‍കുട്ടികള്‍ വീണ സംഭവത്തില്‍ ഒരു നിമിഷംപോലും കളയാതെയുള്ള രക്ഷാപ്രവര്‍ത്തനമാണ് നടന്നത്. കാലതാമസമില്ലാതെ വിദഗ്ധചികിത്സയും ലഭിച്ചിട്ടും ഒരു പെണ്‍കുട്ടിയെ രക്ഷിക്കാനായില്ല.
കുട്ടികളുടെ നിലവിളി കേട്ട പ്രദേശവാസി റിജോമോന്‍ തോമസാണ് നാട്ടുകാരെ വിവരമറിയിച്ചത്. സമീപത്തുണ്ടായിരുന്ന പ്രദേശവാസിയും എറണാകുളം മുനമ്പത്ത് ലൈഫ് ഗാര്‍ഡുമായ മെജോയ് കുര്യന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളത്തിലിറങ്ങി കുട്ടികളെ പുറത്തെടുത്തു. തങ്കായി കുര്യന്‍, ഷാന്‍ തോമസ്, ഷിജോയി കുര്യന്‍, റിജോമോന്‍ തോമസ്, ഷാജി കാഞ്ഞിരത്തിങ്കല്‍, മോഹനന്‍ മഠത്തില്‍, ജിനീഷ് തെക്കേക്കര, ഡിബിന്‍ ലോറന്‍സ്, ഷിജു പോള്‍ എന്നിവരാണു കുട്ടികളെ കരയിലെത്തിച്ചത്.
20 മിനിറ്റിനുള്ളില്‍ നാലു കുട്ടികളെയും വെള്ളത്തില്‍നിന്നു പുറത്തെടുത്ത് മെജോയ് കുര്യന്‍ സി.പി.ആര്‍. നല്‍കി. ഇതിനിടെ ഒരു കുട്ടിക്ക് ബോധം തിരിച്ചുകിട്ടി മെജോയ്യുടെ കൈയില്‍ കടിച്ചു. റിസര്‍വോയറില്‍നിന്ന് പ്രധാന റോഡിലേക്ക് 150 മീറ്ററോളം കുത്തനെയുള്ള കയറ്റമാണ്. ഈ കയറ്റത്തിലേക്ക് കുട്ടികളെ തോളില്‍വെച്ച് ഓടിക്കയറിയാണു മുകളിലെത്തിച്ചത്. ആദ്യം പുറത്തെടുത്ത കുട്ടിയെ നാട്ടുകാരിലൊരാളുടെ കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പള്ളിപ്പെരുന്നാള്‍ ആഘോഷത്തിനും കൂട്ടത്തിലൊരാളുടെ പിറന്നാള്‍ ആഘോഷത്തിനുമായി പരിസരത്തുണ്ടായിരുന്ന ഒരു സംഘം ആംബുലന്‍സ് ഡ്രൈവര്‍മാര്‍, മിനിറ്റുകള്‍ക്കകം വാഹനവുമായെത്തിയതോടെ മറ്റുള്ളവരെയും അതിവേഗം ആശുപത്രിയിലെത്തിക്കാനായി. ആംബുലന്‍സ് ഡ്രൈവര്‍മാരായ റിജോ പൗലോസ്, അനീഷ് പാപ്പച്ചന്‍, കെ.എം. മഹീന്ദ്രന്‍, കെ.എ. ഷെഫീഖ്, എബി വര്‍ക്കി എന്നിവര്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം കിട്ടിയവരായതും തുണയായി. ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലും ഇവര്‍ കുട്ടികള്‍ക്ക് സി.പി.ആര്‍. നല്‍കിക്കൊണ്ടിരുന്നു.
ഇതിനിടെ, പീച്ചി പോലീസ് തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിവരമറിയിച്ചിരുന്നു. 18 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് 15 മിനിറ്റുകൊണ്ട് ആംബുലന്‍സുകള്‍ ഓടിയെത്തി. ആംബുലന്‍സുകള്‍ ആശുപത്രിയില്‍ എത്തുന്നതിനുമുന്നേ ഡോക്ടര്‍മാരും ജീവനക്കാരും എല്ലാ തയ്യാറെടുപ്പുകളുമായി കാത്തുനിന്നതും നിര്‍ണായകമായി.
മികച്ച ചികിത്സയും പ്രാര്‍ഥനയും
തൃശ്ശൂര്‍: പുറത്തു പ്രാര്‍ഥനയും നിലവിളിയുമായി ബന്ധുക്കളും നാട്ടുകാരും. അകത്ത് ഏറ്റവും മികച്ച ചികിത്സ നല്‍കി കുട്ടികളുടെ ജീവന്‍ തിരിച്ചുപിടിക്കാന്‍ കഠിനാധ്വാനം നടത്തുന്ന ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ ഉദ്വേഗം നിറഞ്ഞ അന്തരീക്ഷം തുടരുമ്പോഴും പ്രതീക്ഷ പകരുന്ന വാര്‍ത്തകളാണ് മണിക്കൂറുകള്‍ക്കകം പുറത്തുവന്നത്. ഏറ്റവും കുറഞ്ഞ സമയംകൊണ്ട് അത്യാധുനികസംവിധാനങ്ങളുള്ള ആശുപത്രിയിലെത്തിക്കാനായി.
ഗുരുതരനിലയില്‍ ആശുപത്രിയിലെത്തിയ കുട്ടികളെ നേരത്തേത്തന്നെ ഒരുക്കിനിര്‍ത്തിയ ഐ.സി.യു.വിലേക്കാണ് മാറ്റിയത്. ഞായറാഴ്ച അവധിയായിട്ടും മുതിര്‍ന്ന ഡോക്ടര്‍മാരെല്ലാം കുതിച്ചെത്തി ചികിത്സ തുടങ്ങി. ഏതാനും സമയത്തിനകം ഡോക്ടര്‍മാര്‍ പുറത്തെത്തി കുട്ടികളുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നായിരുന്നു രാത്രി വൈകി വരെയുള്ള വിവരം. എന്നാല്‍, പുലര്‍ച്ചയോടെയാണ് അലീന മരിച്ചെന്ന വേദനിപ്പിക്കുന്ന വാര്‍ത്തയെത്തിയത്.
കുട്ടികളുടെ ശ്വാസകോശത്തില്‍ കയറിയ വെള്ളവും ചെളിയും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെടുത്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കളെ കുട്ടികളെ കാണാനനുവദിച്ചു.
വിവരം കേട്ട് ഓടിയെത്തിയ മന്ത്രി രാജനും കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. കുട്ടികളുടെ ഹൃദയമിടിപ്പിന്റെ തോത് മെച്ചപ്പെട്ടതായും പ്രതീക്ഷയോടെ കാത്തിരിക്കാമെന്നും പുറത്തെത്തിയ മന്ത്രി അറിയിച്ചു.
കുട്ടികളെ സ്‌പെഷ്യല്‍ ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റുകയും വിദഗ്ധ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കുകയും ചെയ്തു. ചികിത്സയില്‍ സഹായിക്കാന്‍ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വിദഗ്ധസംഘത്തെ ജൂബിലിയിലെത്തിക്കാനും തീരുമാനമായി.
Content Highlights: peechi reservoir accident in thrissur