‘സഹപാഠിയെ കൊല്ലാനായിരുന്നു ഉദ്ദേശം’; പാലക്കാട് സ്കൂളിലുണ്ടായ വെടിവെപ്പിൽ വിവാദപരാമർശവുമായി എംഎൽഎ

പാലക്കാട്: പാലക്കാട് പരുതൂർ സ്കൂളിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി ടി.എം. ശശി എം.എൽ.എ. സഹപാഠിയെ കൊല്ലുകയായിരുന്നു തോക്ക് കൊണ്ടുവന്ന കുട്ടിയുടെ ലക്ഷ്യമെന്ന് എം.എൽ.എ ആരോപിച്ചു.
ക്ലാസിലുണ്ടായ ചെറിയ വഴക്കിൻ്റെ പേരിൽ നേരത്തെയും പലതവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മുൻകൂട്ടി ആസൂത്രണം ചെയ്താണ് വെടിവെപ്പ് നടത്തിയതെന്നും എം.എൽ.എ പറഞ്ഞു. ആലത്തൂർ സബ്ജില്ലാ കലോത്സവത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു എംഎൽഎ വസ്തുതകൾക്ക് നിരക്കാത്ത പരാമർശം നടത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച സ്കൂളിലെ ക്ലാസ് മുറിയിൽവെച്ചാണ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് വെടിയേറ്റത്. സഹപാഠി കൊണ്ടുവന്ന തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിശദീകരണം. വെടിവെച്ച കുട്ടിയും സ്കൂൾ അധികൃതരും പോലീസും ഈ വാദം ശരിവെച്ചിരുന്നു.
കുട്ടികൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഇരുവരും സുഹൃത്തുക്കളാണെന്നുമാണ് പോലീസിന്റെയും സ്കൂൾ അധികൃതരുടെയും വിശദീകരണം. തോക്ക് വല്യുപ്പയുടേതായിരുന്നെന്നും അബദ്ധത്തിൽ തന്റെ കൈവശം എത്തിയതാണെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ട്. തോക്ക് കൗതുകത്തിന്റെ പുറത്ത് പരിശോധിക്കുന്നതിനിടെ അറിയാതെ വെടിപൊട്ടുകയായിരുന്നു എന്നാണ് വെടിയേറ്റ കുട്ടി പോലീസിനോട് പറഞ്ഞത്.
Content Highlights: MLA TM Sasi claimed the school shooting was premeditated to kill a classmate., Police and the student stated the gun went off accidentally out of curiosity., The weapon reportedly belonged to the student's grandfather., Controversy surrounds the source of the MLA's contradictory statements.