പയ്യന്നൂരിലെ CPM വിമതസ്ഥാനാർഥിയുടെ ജയം; ലോക്കൽ കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചെന്ന് പാർട്ടി റിപ്പോർട്ട്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂർ: സിപിഎം വിമതൻ പയ്യന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ജയിക്കാനുണ്ടായ സാഹചര്യത്തിൽ പാർട്ടിക്ക് പ്രത്യേകിച്ച് പയ്യന്നൂർ നോർത്ത് ലോക്കൽ കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചതായി സിപിഎം വിലയിരുത്തൽ. പയ്യന്നൂർ നഗരസഭയിലെ കാര വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിക്കെതിരേ മത്സരിച്ച സിപിഎം വിമതസ്ഥാനാർഥി സി. വൈശാഖ് 458 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇവിടെ എൽഡിഎഫ് സ്ഥാനാർഥി യുഡിഎഫിനും പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു. പയ്യന്നൂർ കാര വാർഡിൽ പാർട്ടിക്കുണ്ടായ പരാജയം വിലയിരുത്താൻ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ നേതൃത്വത്തിൽ വീടുകൾ കയറി അഭിപ്രായം ആരാഞ്ഞിരുന്നു.

പാർട്ടി പ്രവർത്തകരുടെയും അനുഭാവികളുടെയും കുടുംബങ്ങളിൽ നിന്നും ഇവർ വിവരം ശേഖരിച്ചു. വൈശാഖിനെ കാരണമില്ലാതെ ചില ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ താത്‌പര്യപ്രകാരം പുറത്താക്കിയെന്നും ഇത് തെറ്റായ നടപടിയാണെന്നുമാണ് പാർട്ടി റിപ്പോർട്ട്. ഇത്തരം സംഭവങ്ങളാണ് വൈശാഖിന്റെ സ്ഥാനാർഥിത്വത്തിലേക്ക് നയിച്ചതെന്നും പറയുന്നു. ഇതിനിടെ കാര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കെ.വി. രാമചന്ദ്രനെ പാർട്ടിയിൽനിന്ന്‌ പുറത്താക്കി. പാർട്ടിക്കെതിരേ മത്സരിച്ച വൈശാഖിനെ പിന്തുണയ്ക്കുകയും വൈശാഖിനായി പ്രവർത്തിക്കുകയും ചെയ്തു എന്നാണ് ആരോപണം. ഇക്കാര്യം പയ്യന്നൂർ നോർത്ത് ലോക്കലിലെ ബ്രാഞ്ചുകളിലേക്ക് പാർട്ടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനുവരി 15-നാണ് പുറത്താക്കലുമായി ബന്ധപ്പെട്ട പയ്യന്നൂർ നോർത്ത് ലോക്കൽ കമ്മിറ്റി യോഗം ചേർന്നത്. പാർട്ടിയുമായി ഉടക്കിനില്ക്കുന്ന മുഴുവൻ പ്രവർത്തകരെയും അനുനയിപ്പിച്ച് കൊണ്ടുവരണം എന്നാണ് പാർട്ടി തീരുമാനം.

ഉടക്കി 24 ബ്രാഞ്ചംഗങ്ങൾ

പയ്യന്നൂർ കാരയിൽ കാര നോർത്ത്, കാര സൗത്ത്, കാര വെസ്റ്റ് എന്നിങ്ങനെ മൂന്ന് പാർട്ടി ബ്രാഞ്ചുകളാണുളളത്. ഇതിൽ നോർത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു വൈശാഖ്. എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ പത്രിക നല്കിയതിനെ തുടർന്ന് വൈശാഖിനെ പാർട്ടി പുറത്താക്കി. ഇപ്പോൾ വൈശാഖിനായി പ്രവർത്തിച്ചു എന്ന പേരിൽ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കെ.വി. രാമചന്ദ്രനെയും പുറത്താക്കി. എന്നാൽ ഇവർ ഇരുവരും കഴിഞ്ഞ നവംബർ 17-ന് പാർട്ടിക്ക് രാജിക്കത്ത് നല്കിയിരുന്നു. നിലവിൽ കാര സൗത്ത് ബ്രാഞ്ച് സെക്രട്ടറി വി.പി. സതീശൻ ഔദ്യോഗികപക്ഷത്തിനൊപ്പമാണ്. കാര ബ്രാഞ്ചുകളിലെ 24 അംഗങ്ങളും കുടുംബവും അനുഭാവികളും ഇപ്പോഴും പാർട്ടിയോട് ഉടക്കിനില്ക്കുന്ന സ്ഥിതിയാണ്.

പ്രശ്നം പരിഹരിക്കാൻ നീക്കം

ഡിവൈഎഫ്‌ഐ പ്രവർത്തകർ തന്നെ കാരയിലെ ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. തുടർന്ന് പയ്യന്നൂർ നോർത്ത് ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ വൈശാഖിനെ ഡിവൈഎഫ്ഐ പയ്യന്നൂർ നോർത്ത് മേഖലാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്താക്കി എന്നും പറയുന്നു.

ആക്രമിക്കാൻ വന്നവർക്കെതിരേയും വൈശാഖിനെ പുറത്താക്കിയവർക്കെതിരേയും നടപടി ഉണ്ടാകണം എന്നാണ് കാരയിലെ പാർട്ടി പ്രവർത്തകരുടെ ആവശ്യം. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രശ്നം തീർക്കാനുള്ള ശ്രമത്തിലാണ് ജില്ലാ നേതൃത്വം.

Content Highlights: payyanur local body election loss party report