സിപിഎം കൗണ്‍സിലറുടെ ഇരട്ട വോട്ട്; വിഷയം ഉയര്‍ത്തി UDF, തള്ളാന്‍ അപേക്ഷ നല്‍കിയതാണെന്ന് CPM

പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി

പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ ഇ. ശാരികയ്ക്ക് രണ്ട് ജില്ലകളിലായി ഇരട്ടവോട്ടുണ്ടെന്ന കണ്ടെത്തല്‍ ചര്‍ച്ചയാകുന്നു. വോട്ടര്‍പട്ടികയില്‍നിന്ന് വോട്ടുകള്‍ തള്ളാനുള്ള തീയതി ഏഴായിരുന്നത് 12 വരെ നീട്ടിയിട്ടുണ്ട്. അന്തിമ പട്ടിക വരും മുന്‍പ് ഒരാള്‍ ഇരട്ടവോട്ട് ചേര്‍ത്തു എന്ന് പറയാനാകില്ലെന്ന് സിപിഎം വിശദമാക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ ഇരട്ട വോട്ടുകള്‍ ഉള്ള വിഷയം ഗൗരവമായി ചര്‍ച്ചചെയ്യേണ്ടതും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകേണ്ടതുമാണെന്ന് യുഡിഎഫ് കേന്ദ്രങ്ങള്‍ പറയുന്നു. പല സ്ഥലത്തും വോട്ടര്‍ പട്ടികയില്‍ സ്ഥലത്തില്ലാത്തവരുടെ പേരുകള്‍ ഉണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇരട്ട വോട്ട് തള്ളാനുള്ള അപേക്ഷ കൗണ്‍സിലര്‍ നല്കിയിട്ടുണ്ടെന്നും നടപടി പൂര്‍ത്തിയാകും മുന്‍പുള്ള ആക്ഷേപത്തില്‍ കഴമ്പില്ലെന്നും സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി പി. സന്തോഷ് പറഞ്ഞു. തള്ളേണ്ട അവസാന ദിവസം ഈ മാസം 12 വരെ നീട്ടിയിട്ടുണ്ട്. കാര്യങ്ങള്‍ പരിശോധിച്ചാല്‍ ഇരട്ടവോട്ടുണ്ടെങ്കില്‍ അധികൃതര്‍ അത് ഒഴിവാക്കും. ഇതൊന്നും കഴിയും മുന്‍പ് ആക്ഷേപമുന്നയിക്കുന്നത് സുതാര്യമായി നടക്കുന്ന വോട്ടര്‍ പട്ടികയുടെ പ്രവര്‍ത്തനത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. വോട്ടര്‍ പട്ടികയില്‍ ആകെ കൃത്രിമമാണെന്ന് വരുത്താനുള്ള ശ്രമമാണ് -അദ്ദേഹം പറഞ്ഞു.

ജനപ്രതിനിധിയായ ഒരു കൗണ്‍സിലര്‍ക്കു തന്നെ രണ്ടിടത്തായി ഇരട്ട വോട്ടുണ്ടെന്ന് പറയുന്നത് അതിഗൗരവമായ വിഷയമാണെന്ന് പയ്യന്നൂര്‍ നഗരസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അംഗവുമായ കെ.കെ. ഫല്‍ഗുനന്‍ പറഞ്ഞു. അന്തിമമായ പട്ടിക വരാന്‍ ഇനിയും സമയമുണ്ടെന്നിരിക്കെ കൗണ്‍സിലര്‍ക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് പയ്യന്നൂര്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കെ.വി. ലളിത പറഞ്ഞു. രണ്ട് വോട്ടുണ്ടെങ്കില്‍ അത് തള്ളാന്‍ സമയമുണ്ട്. അന്തിമപട്ടിക വന്നാല്‍ മാത്രമേ യഥാര്‍ഥ വസ്തുത വ്യക്തമാകു. 12 വരെ നടപടി ക്രമങ്ങള്‍ നീട്ടിയിട്ടുണ്ട്. അത് കഴിഞ്ഞു മാത്രമേ ഒരാള്‍ക്ക് രണ്ട് വോട്ടുണ്ട് എന്ന് പറയാനാകൂ- ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

Content Highlights: CPM councillor in Payyannur faces allegations of double voting across two districts