തൊഴിലുറപ്പ് തൊഴിലാളികൾക്കുനേരേ കാട്ടാന ആക്രമണം; വയോധിക കൊല്ലപ്പെട്ടു

#സ്വന്തം ലേഖകൻ

പത്തനാപുരം: തൊഴിലുറപ്പ് ജോലിക്ക് പോകുകയായിരുന്ന തൊഴിലാളികൾക്ക് നേരേ ഉണ്ടായ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. പത്തനാപുരം പുന്നല കടശ്ശേരി സ്വദേശി രാജമ്മ (81) ആണ് ദാരുണമായി മരിച്ചത്.

കടശ്ശേരി ഉമ്മന്നൂരിൽ തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. വനപാതയിലൂടെ ജോലി സ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടെങ്കിലും പ്രായാധിക്യം കാരണം രാജമ്മയ്ക്ക് ഓടിമാറാനായില്ല. കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു. പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.