രക്ഷാപ്രവർത്തനം പൂർത്തിയാക്കി കടലിന്റെ മക്കൾ മടങ്ങി; പത്തനംതിട്ടയ്ക്ക് കാവലായി മത്സ്യത്തൊഴിലാളികൾ

പത്തനംതിട്ട: മഴക്കെടുതിയിൽ പത്തനംതിട്ടയ്ക്ക് കാവലായെത്തിയ കടലിന്റെ മക്കൾ രക്ഷപ്രവർത്തനത്തിനുശേഷം നാട്ടിലേക്കുമടങ്ങി. കൊല്ലത്തുനിന്നും ആലപ്പുഴയിൽനിന്നുമായി രക്ഷാപ്രവർത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികളാണ് മഴ ശമിച്ചതോടെ അഞ്ചുദിവസത്തിനുശേഷം ദൗത്യം പൂർത്തിയാക്കി നാട്ടിലേക്കുമടങ്ങിയത്.
ഒൻപത് ബോട്ടുകളിലായാണ് നിരവധി മത്സ്യത്തൊഴിലാളികൾ പത്തനംതിട്ടയിലെ ദുരിതബാധിത മേഖലകളിലെത്തിയത്.
വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും ദുരിതാശ്വാസ സാമഗ്രികളെത്തിക്കുന്നതിനുമെല്ലാം ഇവർ സജീവമായി പങ്കെടുത്തു. ദുരിതത്തിലായ നിരവധി കുടുംബങ്ങൾക്ക് ആവശ്യമായ സഹായമെത്തിക്കാനും സാധിച്ചു.
‘ബോട്ടിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പക്ഷേ, അതൊന്നും കാര്യമാക്കുന്നില്ല. ദുരിതത്തിലായ ആളുകളെ സഹായിക്കാൻ കഴിഞ്ഞതിലാണ് സന്തോഷം. 2018-ലും ബോട്ടുമായി രക്ഷാപ്രവർത്തനത്തിനെത്തിയിരുന്നു. ഇനിയൊരിക്കലും ഇത്തരം സാഹചര്യമുണ്ടാകരുതെന്നാണ് പ്രാർഥന. എന്നാൽ, അങ്ങനെയൊരു സാഹചര്യം വീണ്ടുമുണ്ടായാൽ ഞങ്ങൾ ഉറപ്പായും ബോട്ടുമായെത്തും’, മത്സ്യത്തൊഴിലാളി സെബാസ്റ്റ്യൻ പറഞ്ഞു.
2018-ലെ പ്രളയകാലത്തും മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. അന്നും ബോട്ടുകളുമായി ദുരിതബാധിത മേഖലകളിലെത്തിയ അവർ നിരവധിപേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ഇത്തവണയും കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായവർക്കൊപ്പം അതേ കരുതലോടെ അവർ നിലകൊണ്ടു.
‘മത്സ്യത്തൊഴിലാളികളെത്തിയത് വലിയ ആശ്വാസമായി. സ്വന്തം ജീവൻപോലും കണക്കിലെടുക്കാതെ അവർ ഏറെ കഷ്ടപ്പെട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്. അവരുടെ സഹായത്തിന് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല. ആറന്മുളയിലെ ജനങ്ങൾ അവരുടെ സേവനം എന്നും ഓർത്തിരിക്കും,’ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
അഞ്ചുദിവസത്തെ സേവനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുമ്പോൾ, ബോട്ടുകൾക്ക് ചെറിയ കേടുപാടുകളും നഷ്ടങ്ങളുമുണ്ടായെങ്കിലും അതിലൊന്നും പരിഭവമില്ല മത്സ്യത്തൊഴിലാളികൾക്ക്. ദുരിതത്തിലായവർക്ക് കൈത്താങ്ങാകാൻ കഴിഞ്ഞതിന്റെ സംതൃപ്തിയാണ് അവരുടെ മടക്കയാത്രയിലെ ഏറ്റവും വലിയ നേട്ടം.