പത്തനംതിട്ട കളക്ടറുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു

കോന്നി: പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ സഞ്ചരിച്ചിരുന്ന വാഹനം കോന്നി ചിറ്റൂർ മുക്കിന് സമീപം അപകടത്തിൽപെട്ടു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി പട്ടണത്തിന് അടുത്തുള്ള മാമൂട് എന്ന സ്ഥലത്തുവെച്ച് മൂന്ന് മണിയോടെയായിരുന്നു സംഭവം.
കലഞ്ഞൂർ രാക്ഷസൻപാറയിലെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് എം.എൽ.എയോടൊപ്പം നടത്തിയ സൈറ്റ് ഇൻസ്പെക്ഷന് ശേഷം മടങ്ങുന്നവഴിക്കാണ് അപകടമുണ്ടായത്. കളക്ടർ സഞ്ചരിച്ചിരുന്ന വാഹനം എതിർദിശയിൽ വന്ന മറ്റൊരു ഇന്നോവ കാറുമായി കൂട്ടിയിടിക്കുകയും തലകീഴായി മറിയുകയുമായിരുന്നു.
അപകടസമയത്ത് വാഹനത്തിൽ കളക്ടറോടൊപ്പം ഡ്രൈവർ കുഞ്ഞുമോൻ, ഗൺമാൻ മനോജ് എന്നിവരാണ് ഉണ്ടായിരുന്നത്. കൊല്ലത്തുനിന്ന് എതിർദിശയിൽ വന്ന വാഹനത്തിൽ ഒരു കുട്ടി ഉൾപ്പെടെയുള്ള കുടുംബമായിരുന്നു ഉണ്ടായിരുന്നത്.
കളക്ടറുടെ വാഹനത്തിൽ ഇടിക്കാതിരിക്കാൻ മറുഭാഗത്ത് വന്ന വാഹനം പരമാവധി ഒതുക്കി നൽകിയെങ്കിലും പിൻഭാഗം കളക്ടറുടെ വാഹനത്തിൽ തട്ടുകയും നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. വലിയൊരു അപകടമാണ് നടന്നതെങ്കിലും വാഹനത്തിലുണ്ടായിരുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ വലിയ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പരിക്കേറ്റ കളക്ടറെയും മറ്റുള്ളവരെയും ഉടൻതന്നെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളക്ടറുടെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റ് ആശങ്കകൾ ഇല്ലെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരീഷ് വാരിക്കണ്ട അറിയിച്ചു. പരിക്കേറ്റവർ നിലവിൽ നിരീക്ഷണത്തിലാണെന്നും സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾ നടക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
Content Highlights: Pathanamthitta District Collector S. Prem Krishnan`s vehicle met with an accident near Konni Chittur Mukku. All occupants miraculously escaped major injuries due to seat belts.