നടക്കില്ലെന്ന് ഡോക്ടർ വിധിയെഴുതി, തന്നോളം ഭാരമുയർത്തി നാഫിയ, സ്വർണമെഡൽ തൂക്കി

ത്തരാഖണ്ഡിൽ നടന്ന ദേശീയ പാരാ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ എം.എൻ. നാഫിയ
ത്തരാഖണ്ഡിൽ നടന്ന ദേശീയ പാരാ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ എം.എൻ. നാഫിയ

പാലക്കാട്: പിറന്ന കുഞ്ഞിനെ കൊതിയോടെ നോക്കുമ്പോഴാണ് ഫാത്തിമ ശ്രദ്ധിച്ചത്. സാധാരണ കുഞ്ഞുങ്ങളെപ്പോലെ വളർച്ചയില്ല, കൈകാലുകളെല്ലാം വളരെ ചെറുത്. ഡോക്ടർ വിധിയെഴുതി. ‘എല്ലിന് വളർച്ചയില്ലാത്ത രോഗമാണ്, കുഞ്ഞ് എഴുന്നേറ്റു നടക്കില്ല.’

മനപ്രയാസങ്ങളെല്ലാം മാറ്റിവെച്ച് ഫാത്തിമ തന്റെ രണ്ടു പെൺമക്കളോടൊപ്പം കൈക്കുഞ്ഞിനെയുംകൂട്ടി ചികിത്സയ്ക്കായി ആശുപത്രികളിലേക്കോടി. ഒരുവർഷത്തോളം ചികിത്സ. ഒടുവിൽ വളർച്ചയില്ലെങ്കിലും മറ്റു കുട്ടികളെപ്പോലെ എല്ലാ കാര്യങ്ങളും അവൾ ചെയ്തുതുടങ്ങി. ഇന്ന് വാളയാർ ചന്ദ്രാപുരത്തെ വാടകവീട്ടിലിരുന്ന് ഫാത്തിമ ഇളയമകൾ എം.എൻ. നാഫിയയെക്കുറിച്ചോർത്ത് അഭിമാനം കൊള്ളുകയാണ്. പതിനേഴാം വയസ്സിൽ നാഷണൽ പാരാ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തി കേരളത്തിന് അഭിമാനമാവുകയാണ് നാഫിയ. ജൂനിയർ കാറ്റഗറിയിൽ 40 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചത്.

കോയമ്പത്തൂർ കുനിയംമുത്തൂർ സ്വദേശിയായ ഫാത്തിമ, നാഫിയയുടെ പഠനത്തിനായാണ് കേരളത്തിലെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളെത്തുടർന്ന് നാഫിയ നാലാംക്ലാസ് മുതൽ പാലക്കാട്ടെ ഒരു ഓർഫനേജിനുകീഴിൽ താമസിച്ചായിരുന്നു പഠിച്ചത്. എട്ടാംക്ലാസ് ജയിച്ചപ്പോൾ കഞ്ചിക്കോട് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലേക്കു മാറി. ഇപ്പോൾ പ്ലസ് വൺ വിദ്യാർഥിയാണ്.

ഹൈസ്കൂളിൽ പഠിക്കുമ്പോൾ പൊതുവിഭാഗത്തിൽ ജില്ലാതല പവർലിഫ്റ്റിങ് മത്സരത്തിൽ നല്ല മത്സരം കാഴ്ചവെക്കാനായതാണ് പവർലിഫ്‌റ്റിൽ കൂടുതൽ അവസരങ്ങൾ തേടിപ്പോകാൻ പ്രചോദനമായതെന്നു നാഫിയ പറയുന്നു. നാഫിയയുടെ സഹോദരിയുടെ സുഹൃത്തിന്റെ ഉടമസ്ഥതയിൽ കഞ്ചിക്കോട്ടു പ്രവർത്തിക്കുന്ന ജിംനേഷ്യത്തിലാണ് പരിശീലനം തേടുന്നത്. സൗജന്യമായാണ് പരിശീലനം നൽകുമെന്ന് നാഫിയ പറയുന്നു. പാരാ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ജിംനേഷ്യത്തിലെ പരിശീലകൻ ടി. നെൽസൺ മുഴുവൻ ചെലവും ഏറ്റെടുത്തു. കഠിനപരിശീലനവും നൽകി.

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന പാരാ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ ലഭിച്ചതോടെ നാഷണൽസിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളായി. ജനുവരി 17-ന് ഉത്തരാഖണ്ഡിലെ റൂർഖിൽ നടന്ന മത്സരത്തിൽ ഗോൾഡ് മെഡൽ സ്വന്തമാക്കിയ നാഫിയക്ക്‌ കടപ്പാടേറെയും ഉമ്മയോടാണ്. ഭക്ഷണമുണ്ടാക്കിക്കിട്ടുന്ന പണം സ്വരുക്കൂട്ടിയാണ്, ഭർത്താവ് ഉപേക്ഷിച്ചുപോയ ഫാത്തിമ മക്കളെ വളർത്തിയത്. രണ്ടു ശസ്ത്രക്രിയകൾ കഴിഞ്ഞ് വിശ്രമത്തിലാണിപ്പോൾ ഫാത്തിമ. വേദനയ്ക്കിടയിലും മകളുടെ നേട്ടത്തിൽ സന്തോഷമാണ് മനസ്സുനിറയെ.

Content Highlights: Meet Nafiya, a national para powerlifting champion from Kerala who overcame immense challenges to achieve her dreams