വസ്ത്രങ്ങളാല്‍ മലിനമായി പമ്പാനദി; ഈ സീസണില്‍ ഇതുവരെ വാരിയത് ഒരുലോഡ് വസ്ത്രങ്ങള്‍

ശബരിമല: ദേവസ്വംബോര്‍ഡിന്റെ വര്‍ഷങ്ങള്‍നീണ്ട ഇടപെടലും പൂര്‍ണതോതില്‍ ഫലം കാണുന്നില്ല. പമ്പയില്‍ കുളിച്ചശേഷം ചില തീര്‍ഥാടകര്‍ ഇപ്പോഴും നനഞ്ഞ വസ്ത്രങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുന്നു. ദര്‍ശനത്തിനുശേഷം മടങ്ങുന്നവരാണ് വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത്.
തിരുവനന്തപുരം കേന്ദ്രമായ ഹരിഹര കണ്‍സ്ട്രക്ഷന്‍സിനാണ് ദേവസ്വംബോര്‍ഡ് ഇവ നീക്കാന്‍ കരാര്‍ കൊടുത്തിരിക്കുന്നത്. ഈ സീസണില്‍ കഴിഞ്ഞ പത്തു ദിവസംകൊണ്ട് ഒരുലോഡ് വസ്ത്രങ്ങളാണ് ഇത്തരത്തില്‍ പമ്പാനദിയില്‍നിന്ന് വാരി ലോറിയില്‍ കൊണ്ടുപോയതെന്ന് കരാര്‍ ജീവനക്കാരന്‍ പറഞ്ഞു. മുണ്ടും തോര്‍ത്തുമടക്കം ഒരുദിവസം കുറഞ്ഞത് ആയിരത്തോളം വസ്ത്രങ്ങള്‍ നദിയില്‍നിന്ന് കിട്ടുന്നു.
തമിഴ്‌നാട്, ആന്ധ്രാ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവരില്‍ ചിലരാണ് ആചാരമെന്ന് തെറ്റിദ്ധരിച്ച് ഇത്തരത്തില്‍ വസ്ത്രം നദിയില്‍ ഉപേക്ഷിക്കുന്നത്. 30 തൊഴിലാളികളാണ് വസ്ത്രങ്ങള്‍ വാരി നീക്കാന്‍ പമ്പയിലുള്ളത്. ഒരോദിവസവും എടുത്തുമാറ്റുന്ന വസ്ത്രങ്ങള്‍ എരുമേലിയിലെത്തിച്ച് ഉണക്കിയശേഷം ചെന്നെയിലുള്ള ഒരു കമ്പനിക്ക് കൈമാറുന്നു.
പമ്പാനദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ശബരിമലയിലെ ആചാരമല്ലെന്ന് ദേവസ്വംബോര്‍ഡ് വിവിധഭാഷകളില്‍ തന്ത്രിയുടെ സന്ദേശമുള്‍പ്പെടുത്തി പ്രചാരണം നടത്തിയിരുന്നു. വസ്ത്രങ്ങളിട്ട് പമ്പ മലിനമാക്കരുതെന്ന് ബോര്‍ഡുകളും വെച്ചിട്ടുണ്ട്. വിവിധ ഭാഷകളില്‍ അറിയിപ്പും നല്‍കുന്നുണ്ട്. വസ്ത്രം ഉപേക്ഷിക്കുന്നത് ഒരുപരിധിവരെ കുറഞ്ഞിട്ടുണ്ടെങ്കിലും പമ്പയെ മലിനമാക്കുന്ന ഈ ദുരാചാരം പൂര്‍ണമായി ഇല്ലാതാക്കാനായിട്ടില്ല.
ഇക്കാര്യത്തില്‍ തീര്‍ഥാടകര്‍ക്ക് ബോധവത്കരണം നല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ ദേവസ്വംമന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിമാര്‍ക്കും പി.ആര്‍.ഡി. വകുപ്പുകള്‍ക്കും ഒരുമാസംമുമ്പ് കത്തയച്ചിരുന്നതായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് പറഞ്ഞു. തമിഴ്, കന്നഡ പ്രാദേശികപത്രങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ബോധവത്കരണം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഊര്‍ജിതപ്രചാരണം ഫലംകാണാത്ത സ്ഥിതിയില്‍ പിഴ ഈടാക്കുന്നതടക്കമുള്ള നടപടികളെക്കുറിച്ചും ആലോചിക്കേണ്ട സാഹചര്യമാണെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു.
Content Highlights: pampa river gets polluted by the clothes of the pilgrims