പതിവ് തെറ്റിച്ചില്ല; പി.കെ. ശശിയുടെ വീട്ടിൽ ഓണസ്സദ്യയുണ്ട് സി.പി.എം. നേതാവ് പാലൊളി മുഹമ്മദ്കുട്ടി

മണ്ണാർക്കാട്: പതിവുതെറ്റിക്കാതെ ഓണത്തിന് ഇത്തവണയും മുതിർന്ന സി.പി.എം. നേതാവ് പാലൊളി മുഹമ്മദ്കുട്ടി സി.എം.പി. സംസ്ഥാനസെക്രട്ടറി പി.കെ. ശശിയുടെ വീട്ടിൽ കുടുംബസമേതമെത്തി.
കഴിഞ്ഞകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇരുവരും വിരുദ്ധ രാഷ്ട്രീയചേരികളിലാണെങ്കിലും പരസ്പരമുള്ള സൗഹൃദത്തിനും ആത്മബന്ധത്തിനും ഒരു കോട്ടവുമില്ലെന്ന് ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഒത്തുകൂടൽ.
പി.കെ. ശശി അദ്ദേത്തിന്റെ സാമൂഹികമാധ്യമ പേജിൽ ഓണസ്സദ്യ കഴിക്കുന്ന ചിത്രങ്ങളും പങ്കുവെച്ചു. “ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. സഖാവ് പാലൊളിയും കുടുംബവും പതിവുപോലെ ഓണത്തിന് വീട്ടിൽ ഒത്തുചേർന്നു. വർഷങ്ങളായി തുടരുന്ന ആ കുടുംബസൗഹൃദം ഓരോ ഓണക്കാലത്തും കൂടുതൽ ഊഷ്മളമാകുകയാണ്. രാഷ്ട്രീയത്തിനും തിരക്കുകൾക്കും അതീതമായി, സ്നേഹവും സൗഹൃദവും പങ്കുവെച്ച് ഒരുമിക്കുന്ന ഈ ഓണം കുടുംബബന്ധങ്ങളുടെ മനോഹരമായ ഓർമ്മയായി മാറട്ടെ” എന്ന് ചിത്രത്തിനുതാഴെ അടിക്കുറിപ്പുമുണ്ട്.
ഈ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളുമുണ്ട്. ‘സി.പി.എം. നേതാവ് പാലൊളിക്കും സി.പി.എം. പുറത്താക്കി സി.എം.പി.യിൽ ചേർന്ന പി.കെ. ശശിക്കും ഓണാശംസകൾ, ഇത് പാലക്കാട്ടെ സഖാക്കൾ എങ്ങനെ സഹിക്കും, പാലൊളി സഖാവേ ഇത് വേണ്ടായിരുന്നു, ഈ ചിത്രം കാണുമ്പോൾ എന്തോ ശരികേട് തോന്നുന്നു, സൗഹൃദത്തിൽ ഒരു രാഷ്ട്രീയവുമില്ല, പാർട്ടിയെ വഞ്ചിച്ച് മറുകണ്ടം ചാടിയ വർഗവഞ്ചകന്മാരുമായി കൂട്ടുകൂടിയത് സാധാരണക്കാരായ പാർട്ടിപ്രവർത്തകരെ വെല്ലുവിളിക്കലാണ്’ തുടങ്ങിയ കമന്റുകളും നിരവധിയാണ്.
സി.പി.എം. വിട്ട പി.കെ. ശശിയെ പല നേതാക്കളും ഇപ്പോഴും നിശിതമായി വിമർശിക്കുമ്പോഴും പി.കെ. ശശിയുടെ കാര്യത്തിൽ മൃദുസമീപനമാണ് പാലൊളി മുഹമ്മദ്കുട്ടി സ്വീകരിച്ചിരുന്നത്. പി.കെ. ശശിയെ പാർട്ടിസഖാക്കൾ വേണ്ടത്ര പരിഗണിച്ചില്ല എന്നൊരു പരാതി അദ്ദേഹത്തിനും അയാൾ പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്നില്ല എന്ന പരാതി പാർട്ടിക്കുമുണ്ടെന്നായിരുന്നു പി.കെ. ശശി വിഷയത്തിൽ പാലൊളി മുഹമ്മദ്കുട്ടിയുടെ അഭിപ്രായം. ആര്യമ്പാവ് നായാടിപ്പാറ ഭാഗത്താണ് ഇരുവരുടെയും വീടുകളുള്ളത്.
Content Highlights: Senior CPI(M) leader Paloli Muhammedkutty attended the Onam feast at CMP state secretary PK Sasi's residence with his family., The meeting showcased a strong personal bond and friendship that transcends current political differences.