പാലക്കാട് മുതലമടയില്‍ തീവണ്ടി തട്ടി 13 പശുക്കള്‍ ചത്തു

പാലക്കാട്: മുതലമട മീങ്കര ഡാമിനു സമീപത്തെ നാവിളിന്‍തോട്ടില്‍ തീവണ്ടി തട്ടി 13 പശുക്കള്‍ ചത്തു. ചെന്നൈ-പാലക്കാട് സൂപ്പര്‍ഫാസ്റ്റ് തീവണ്ടിയാണ് പശുക്കളെ ഇടിച്ചുതെറിപ്പിച്ചത്. ചത്തത്തില്‍ ഒരെണ്ണം പശുക്കിടാവാണ്. ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
തീവണ്ടി വരുന്നതുകണ്ട് മാറാന്‍ കഴിയാത്തവിധം ട്രാക്കിന്റെ ഇരുഭാഗത്തും വലിയ താഴ്ചയുള്ള ഭാഗത്തായിരുന്നു അപകടം. തീവണ്ടി തട്ടിയ പശുക്കളില്‍ ചിലത് ചതഞ്ഞരഞ്ഞ് ട്രാക്കില്‍കിടക്കുന്നനിലയിലായിരുന്നു. ചില പശുക്കളുടെ ജഡം സമീപത്തെ ചാലിലും കണ്ടെത്തി.
ലോക്കോ പൈലറ്റ് വിവരം നല്‍കിയതനുസരിച്ച് സ്ഥലത്തെത്തിയ ആര്‍പിഎഫ് സംഘം 10.30-ഓടെ ട്രാക്കില്‍നിന്ന് പശുക്കളുടെ ജഡങ്ങള്‍നീക്കി ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു. മീനാക്ഷിപുരം സ്റ്റേഷനില്‍ നിന്നും ഇന്‍സ്‌പെക്ടര്‍ കെ.ശശിധരന്റെ നേതൃത്വത്തില്‍ സ്ഥലത്തിയ പോലീസ് മറ്റു നടപടികള്‍ സ്വീകരിച്ചു. ചത്ത പശുക്കളുടെ മറവുചെയ്യുന്നതിന് പഞ്ചായത്ത് അധികൃതര്‍ക്ക് വിവരം നല്‍കിയതായി പോലീസ് പറഞ്ഞു. പശുക്കളുടെ ഉടമകളെ സംബന്ധിച്ച വിവരം നല്‍കാന്‍ നാട്ടുകാര്‍ തയ്യാറായിട്ടില്ല. ഇതിനിടെ ഉടമയെന്ന് കരുതുന്ന ഒരാളെ വിവരമറിഞ്ഞ് ബോധരഹിതനായതിനെ തുടന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Content Highlights: 13 cows were killed after train hit them in muthalamada palakkad