പാലക്കാട്-കണ്ണൂർ എക്‌സ്പ്രസ് കാസർകോടുവരെയോ മംഗളൂരുവരെയോ നീട്ടുന്നത് പരിശോധിക്കും- ഡിആർഎം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: സാജൻ വി. നമ്പ്യാര്‍/ മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: സാജൻ വി. നമ്പ്യാര്‍/ മാതൃഭൂമി

നീലേശ്വരം: പാലക്കാട്-കണ്ണൂർ എക്‌സ്പ്രസ് (16611) കാസർകോടുവരെയോ മംഗളൂരുവരെയോ നീട്ടുന്ന കാര്യം പരിശോധിക്കുമെന്ന് പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ മധുകർ റൗട്ട് അറിയിച്ചു. നീലേശ്വരം റെയിൽവേ ഡിവലപ്പ്മെന്റ് കളക്ടീവ് (എൻ.ആർ.ഡി.സി.) ഭാരവാഹികളുമായുള്ള ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതുതായി സർവീസ് ആരംഭിച്ച മംഗളൂരു ജങ്ഷൻ-നാഗർകോവിൽ ജങ്ഷൻ അമൃത് ഭാരത് എക്‌സ്പ്രസിന് യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഇത് തുടർന്നാൽ പ്രസ്തുത വണ്ടി കൂടുതൽ ദിവസങ്ങളിൽ ഓടിക്കുന്നതിന് ഡിവിഷൻ ശുപാർശ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

നിലവിലുള്ള നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ പ്രധാന കെട്ടിടത്തിനു മുകളിൽ ഡോർമെറ്ററി സംവിധാനം ഒരുക്കുമെന്നും റെയിൽവേ സ്റ്റേഷൻ റോഡരികിൽ നിലവിലുള്ള പാർക്കിങ് സംവിധാനം മാറ്റി, അവിടെ വിവിധോദ്ദേശ സ്റ്റാളുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതിയുമായി റെയിൽവേ മുന്നോട്ടുപോകുമെന്ന് സീനിയർ ഡിവിഷനൽ കമേർഷ്യൽ മാനേജർ അരുൺ തോമസും അറിയിച്ചു. നിലവിൽ പടിഞ്ഞാറുഭാഗത്ത് നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന പാർക്കിങ് സമുച്ചയത്തിലേക്ക്, എല്ലാ വാഹനങ്ങൾക്കുമുള്ള പാർക്കിങ് സൗകര്യം ഒരുക്കും എന്നും അദ്ദേഹം പറഞ്ഞു.

ഈ പാർക്കിങ് സ്ഥലത്തിന്റെ വടക്കുഭാഗത്താണ് പുതുതായി സിന്തറ്റിക്ക് ടർഫ് നിർമിക്കുന്നത്. പുതിയ സ്റ്റേഷൻ കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചശേഷം നിലവിലുള്ള കെട്ടിടത്തിൽ ഉയർന്ന ക്ലാസ് യാത്രക്കാർക്കുള്ള ശീതീകരിച്ച വിശ്രമമുറി ഒരുക്കുമെന്നും അറിയിച്ചു.

ചർച്ചയിൽ ഡിവിഷണൽ മാനേജർക്ക് പുറമെ, അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ എസ്.ജയകൃഷ്ണൻ, എൻ.ആർ.ഡി.സി. പ്രസിഡന്റ് എൻ.സദാശിവൻ, പി.യു.ചന്ദ്രശേഖരൻ, കെ.ബാബുരാജ്, സി.എം.സുരേഷ്‌കുമാർ, ഗീതാ റാവു, എം.ബാലകൃഷ്ണൻ, പി.ടി.രാജേഷ്, എ.വിവേക് എന്നിവർ പങ്കെടുത്തു.

Content Highlights: Proposal to extend Palakkad-Kannur Express (16611) to Kasaragod or Mangaluru., Amrit Bharat Express (Mangaluru-Nagercoil) success leads to potential service increase., New dormitory facilities planned for Nileshwar railway station building., Modernization of parking and construction of synthetic turf at the station., New air-conditioned lounge for premium class passengers post-renovation.