ആക്രമണങ്ങള്‍ വര്‍ധിക്കുന്നു; ഡോക്ടര്‍മാര്‍ക്ക് കുരുമുളകു സ്‌പ്രേ നല്‍കാന്‍ പാലക്കാട് ഐഎംഎ

Photo: AI generated image
Photo: AI generated image

പാലക്കാട്: ഡോക്ടര്‍മാര്‍ക്കെതിരേ ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വയരക്ഷയ്ക്ക് കുരുമുളകു സ്‌പ്രേ വാങ്ങിനല്‍കുന്ന പദ്ധതിയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പാലക്കാട് ബ്രാഞ്ച്.

ആക്രമണഭീഷണി നേരിടുന്ന അടിയന്തരഘട്ടങ്ങളില്‍ സ്വയരക്ഷ ഉറപ്പുവരുത്താന്‍ മാത്രമാണിതെന്ന് ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സ്ഥാപനങ്ങളില്‍ സംവിധാനമുണ്ടാക്കേണ്ടതിന്റെ ആവശ്യകത ബോധിപ്പിക്കാന്‍ ഇതുമൂലം കഴിയുമെന്നും സംഘടന അവകാശപ്പെടുന്നു.

കുരുമുളക് സ്‌പ്രേ കുപ്പികള്‍ ഐഎംഎ പാലക്കാട് ബ്രാഞ്ചിലെ എല്ലാ അംഗങ്ങള്‍ക്കും അടുത്തയാഴ്ച അവസാനത്തോടെ ഓഫീസില്‍നിന്ന് കൈപ്പറ്റാം. ഉപയോഗിക്കേണ്ട സാഹചര്യത്തെക്കുറിച്ച് അംഗങ്ങള്‍ക്ക് അവബോധം നല്‍കുമെന്നും പ്രസിഡന്റ് ഡോ. ആര്‍. സത്യജിത്ത്, സെക്രട്ടറി ഡോ. അക്ഷയ് ജയപ്രകാശ് എന്നിവരിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

കോഴിക്കോട് താമരശ്ശേരി ഗവ. താലൂക്കാശുപത്രിയില്‍ കഴിഞ്ഞദിവസം ഒന്‍പതു വയസ്സുകാരി മരിച്ചതിനെത്തുടര്‍ന്ന് അച്ഛന്‍ ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതോടെയാണ് പാലക്കാട് ഐഎംഎയുടെ നടപടി.

Content Highlights: Palakkad IMA branch to provide pepper spray to doctors for self-defense amid rising attacks on healthcare professionals. Ensures safety during emergencies.