ശോഭയ്‌ക്കെതിരായ പരാതി; കളക്ടറുടെ റിപ്പോർട്ട് പരിശോധിച്ച് നടപടിയെന്ന് സി.ഇ.ഒ.

തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥി ശോഭാസുരേന്ദ്രൻ പണം നൽകി വോട്ടുനേടാൻ ശ്രമിച്ചെന്ന ആരോപണത്തിൽ കളക്ടറുടെ റിപ്പോർട്ട് പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ(സി.ഇ.ഒ.) രത്തൻ യു.കേൽക്കർ പറഞ്ഞു. ആരോപണം ശോഭാസുരേന്ദ്രൻ നിഷേധിച്ചിരുന്നു.
കളക്ടറുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. റിപ്പോർട്ടിന്റെ ഗൗരവം കണക്കെലെടുത്തായിരിക്കും തുടർനടപടിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറണോ എന്നു തീരുമാനിക്കുക. സംസ്ഥാനത്തുതന്നെ നടപടിയെടുത്താലും കമ്മിഷന്റെ അംഗീകാരത്തോടെയായിരിക്കും. പേരാമ്പ്രയിൽ ഇ.വി.എം. സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിനുസമീപത്തെ മെറ്റീരിയൽസ് റൂം തുറന്നതിനെപ്പെറ്റിയുള്ള അന്വേഷണം പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കളക്ടർ റിപ്പോർട്ട് കൈമാറി
: കണ്ണാടി തരുവക്കുറുശ്ശിയിൽ നിശ്ശബ്ദ പ്രചാരണദിവസം വോട്ടർക്ക് ബി.ജെ.പി. പ്രവർത്തക പണം കൈമാറിയെന്ന പരാതിയിൽ അന്വേഷണ റിപ്പോർട്ട് കളക്ടർ സി.ഇ.ഒ.യ്ക്ക് കൈമാറി. വരണാധികാരി അൻവർസാദത്ത് തയ്യാറാക്കിയ റിപ്പോർട്ടും പണംനൽകുന്നതായി കോൺഗ്രസ് പ്രവർത്തകർ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളുടെ ഫൊറൻസിക് പരിശോധനാ ഫലവും ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടാണ് കളക്ടറുടേത്. ഇ-മെയിലിലും ദൂതൻവശവും കൈമാറിയിട്ടുണ്ട്.
ശോഭാസുരേന്ദ്രൻ, എൽ.ഡി.എഫ്. സ്ഥാനാർഥി എൻ.എം.ആർ. റസാക്ക്, യു.ഡി.എഫ്.-എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് ഏജന്റുമാർ, സംഭവസ്ഥലത്തുണ്ടായിരുന്ന ബി.ജെ.പി. പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ മൊഴി കളക്ടർ നേരിട്ട് രേഖപ്പെടുത്തിയിരുന്നു. പണംവാങ്ങിയെന്ന് ആരോപണമുള്ള വയോധികയുടെയും മകന്റെയും മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഇതെല്ലാം റിപ്പോർട്ടിന്റെ ഭാഗമാണ്.
Content Highlights: CEO Rattan U. Kelkar is reviewing the District Collector's report regarding alleged vote buying in Palakkad., The inquiry involves forensic analysis of video evidence and statements from candidates and witnesses., The investigation also covers the unauthorized opening of a room near the EVM strong room in Perambra.