മൃതദേഹത്തോടും ക്രൂരത; പോസ്റ്റ്മോർട്ടത്തിനായി അഞ്ചുമണിക്കൂർ കാത്തിരിപ്പ്, ഒടുവിൽ വേറെ ആശുപത്രിയിലേക്ക്

പാലക്കാട്: പോസ്റ്റ്‌മോർട്ടം കാത്ത് അഞ്ചുമണിക്കൂർ ആംബുലൻസിൽ. പിന്നെ പാലക്കാട്ട് പോസ്റ്റ്മോർട്ടംചെയ്യാൻ സൗകര്യമില്ലെന്നുപറഞ്ഞ് തൃശ്ശൂരിലേക്ക്. പൊള്ളാച്ചി സ്വദേശി ബാലസുബ്രഹ്മണ്യന്റെ മൃതദേഹത്തോടാണ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ഈ കടുത്ത അനാദരം.
കഞ്ചിക്കോട്ടെ കിടക്കക്കമ്പനിയിൽ ജോലിചെയ്തിരുന്ന പൊള്ളാച്ചി ആത്തിപ്പെട്ടി സ്വദേശി ബാലസുബ്രഹ്മണ്യനെ (54) കമ്പനിയിൽ കുഴഞ്ഞുവീണ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ടിന് ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം ഉച്ചയ്ക്ക് ഒരുമണിക്കാണ് മോർച്ചറിയിലേക്കുമാറ്റിയത്. വാളയാർ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുമ്പോൾ രണ്ടുമണിയായി. ബാലസുബ്രഹ്മണ്യന്റെ സഹോദരി ശാന്തിയും ബന്ധുക്കളും ആംബുലൻസ് ഡ്രൈവറും കമ്പനിയിലെ സഹപ്രവർത്തകരും മണിക്കൂറുകളോളം മോർച്ചറിക്കുമുൻപിൽ നിന്ന് വലഞ്ഞു.
ഏക ഫൊറൻസിക് സർജൻ അസുഖം ബാധിച്ച് അവധിയിലായതോടെ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം തടസ്സപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടാണ് തൃശ്ശൂരിലേക്ക് മൃതദേഹം കൊണ്ടുപോകേണ്ടിവന്നത്. ഇൻക്വസ്റ്റ് നടപടികൾ വൈകിയതിനാലാണ് തൃശ്ശൂരിലേക്ക് കൊണ്ടുപോകാൻ താമസം നേരിട്ടതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞദിവസങ്ങളിലും സമാനരീതിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ വൈകിയിരുന്നു.