കാരൾ സംഘത്തെ അശ്വിൻരാജ് ആക്രമിച്ചത് മദ്യലഹരിയിൽ; സംഭവത്തിൽ കുട്ടികളെ അധിക്ഷേപിച്ച്‌ കൃഷ്ണകുമാർ

അശ്വിൻ രാജ്
അശ്വിൻ രാജ്

പാലക്കാട്: പുതുശ്ശേരി സുരഭി നഗറിൽ കാരൾ നടത്തിയ കുട്ടികൾക്കെതിരേയുണ്ടായ ആക്രമണത്തിൽ പിടിയിലായ അശ്വിൻരാജിനെക്കൂടാതെ മറ്റാർക്കും പങ്കില്ലെന്ന് പോലീസ്. മദ്യപിച്ചാണ് പ്രതി അക്രമം നടത്തിയതെന്നും വിശദമായ അന്വേഷണം നടത്തി ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും പോലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് കുരുടിക്കാട് സുരഭി നഗറിൽ പത്ത് സ്കൂൾ വിദ്യാർഥികളടങ്ങുന്ന കാരൾ സംഘത്തെ കാണാണ്ടിത്തറ സ്വദേശി അശ്വിൻരാജ് (24) തടഞ്ഞുനിർത്തി മർദിച്ചത്. മദ്യപിച്ചെത്തിയ അശ്വിൻരാജ് ബാൻഡ് വാദ്യങ്ങളുമായെത്തിയ കുട്ടികളെ തടഞ്ഞുനിർത്തി ഡ്രമ്മുകൾ ചവിട്ടിയും അടിച്ചും തകർത്തുവെന്നാണ് കേസ്. അടിപിടി, കഞ്ചാവു കേസുകളിൽ പ്രതിയായതിനെത്തുടർന്ന് കാപ്പ നടപടി നേരിട്ട ഇയാളെ 2023-ൽ ആറുമാസത്തേക്ക് നാടുകടത്തിയിരുന്നു. തിരിച്ചെത്തി വീണ്ടും അക്രമത്തിൽ ഏർപ്പെട്ടതിനാൽ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

അധിക്ഷേപവുമായി സി. കൃഷ്ണകുമാർ; പിന്നീട് തിരുത്തി

കാരൾ നടത്തിയ കുട്ടികൾക്കെതിരെ അധിക്ഷേപപരാമർശവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ. കാരൾ നടത്തിയ കുട്ടികൾ മദ്യപിച്ചിരുന്നുവെന്നായിരുന്നു ആരോപണം. വിവാദമായതോടെ പ്രസ്താവന തിരുത്തി കൈയൊഴിഞ്ഞു. ആക്രമണത്തെത്തുടർന്ന് അറസ്റ്റിലായ അശ്വിൻ രാജിന്റെ രാഷ്ട്രീയം എന്തെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുമ്പോഴായിരുന്നു വിവാദപ്രസ്താവന.

സംഭവത്തിൽ പ്രതിയായ അശ്വിൻരാജിന് ആർഎസ്എസുമായും ബിജെപിയുമായും ഒരു ബന്ധവുമില്ലെന്നും മദ്യപിച്ചവരുമായി ഉണ്ടായ തർക്കങ്ങളെല്ലാം പാർട്ടിയേറ്റെടുക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു പരാമർശം. മദ്യപിച്ച് സിപിഎം ഏരിയ കമ്മിറ്റിയുടെ ബാൻഡ് സെറ്റുമായി പോകുന്നവരെ കാരൾ സംഘമായിട്ടാണോ കാണേണ്ടതെന്നും കൃഷ്ണകുമാർ ചോദിച്ചു. എന്നാൽ, കാരൾ നടത്തിയത് കുട്ടികളാണെന്നും അവർ മദ്യപിച്ചിരുന്നതായി എങ്ങനെ പറയുമെന്നും ചോദ്യം ഉയർന്നതോടെയാണ് താൻ പറഞ്ഞത് പൊതുവായിട്ടാണെന്നു പറഞ്ഞ് കൃഷ്ണകുമാർ കൈയൊഴിഞ്ഞത്. സംഭവത്തിൽ മതപരമായും രാഷ്ട്രീയമായും ഒന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ടെന്നും ബിജെപിയെ കുടുക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നും പറഞ്ഞ് കൃഷ്ണകുമാർ അവസാനിപ്പിച്ചു.

പുതുശ്ശേരിയിൽ ആക്രമിക്കപ്പെട്ട കാരൾ സംഘം പള്ളിയിൽനിന്നുള്ളതല്ലെന്ന് പാലക്കാട് രൂപത ബിഷപ്പ്

പാലക്കാട്‌: പുതുശ്ശേരി കുരുടിക്കാട് ആക്രമിക്കപ്പെട്ടുവെന്ന് പറയുന്ന കാരൾ സംഘം പള്ളിയിൽനിന്നുള്ളതല്ലെന്നും പള്ളിക്കാർ അറിഞ്ഞുകൊണ്ടുള്ള സംഘമല്ലെന്നും പാലക്കാട് രൂപത ബിഷപ്പ് പീറ്റർ കൊച്ചുപുരയ്ക്കൽ.

ആത്മീയരീതിയിൽ പോകേണ്ട കാരൾ സംഘം മറ്റൊരു സൂചനയും നൽകുന്നതാവരുതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കാരൾ പ്രദേശത്തെ പള്ളിക്കാർ നടത്തിയതാണെങ്കിൽ അക്രമത്തെക്കുറിച്ച് തന്നെ അവർ അറിയിക്കുമായിരുന്നു. എന്നാൽ അതുണ്ടായിട്ടില്ല.

ഭക്തനിർഭരമായ, ആത്മീയരീതിലാണ് കാരൾ സംഘടിപ്പിക്കേണ്ടത്.

കുരുടിക്കാട് നടന്ന കാരൾ എങ്ങനെയാണ് നടത്തിയതെന്ന്‌ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കാരൾ എന്നല്ല ഏതൊരു ആക്രമണവും ആർക്കെതിരെയും നടക്കുന്നത് സ്വീകാര്യമല്ല. വിഷയം നിയമപരമായ രീതിയിൽ കൈകാര്യം ചെയ്യണം. ആക്രമണം അപലപനീയമാണെന്നും മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു.

Content Highlights: Palakkad carol group attacked by a drunk man. Police arrest Ashwin Raj, confirm no other involvement. Detailed probe and chargesheet soon.