കെ. കവിത വന്നതിന് ശേഷം സര്‍ക്കാരിന്റെ മദ്യനയം മാറി, അവര്‍ താമസിച്ചത് ക്ലിഫ് ഹൗസില്‍- വി.ഡി. സതീശൻ

തിരുവനന്തപുരം: എലപ്പുള്ളിയില്‍ സ്വകാര്യ മദ്യകമ്പനി അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ ഗുരുതരമായ ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഡല്‍ഹി മദ്യനയക്കേസില്‍ പ്രതിയും തെലുങ്കാന മുന്‍മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിതയാണ് ഒയാസിസ് എന്ന കമ്പനിക്കുവേണ്ടി കേരളത്തിലെത്തി സംസാരിച്ചതെന്ന് സതീശന്‍ പറഞ്ഞു. കവിത മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് താമസിച്ചത്. ഇതിന് ശേഷമാണ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ മാറ്റംവന്നത്. പിന്നാലെ, ഈ കമ്പനിക്ക് ആരുമറിയാതെ അനുമതി നല്‍കുകയും ചെയ്‌തെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കവിതയെക്കുറിച്ച് പറഞ്ഞത് പരിശോധിച്ചിട്ടുതന്നെയാണെന്ന് സതീശന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മന്ത്രി എം.ബി. രാജേഷുമായി അദ്ദേഹം എം.പി.യായിരിക്കുമ്പോള്‍ മുതല്‍ കവിതയ്ക്ക് ബന്ധമുണ്ട്. അദ്ദേഹം സ്പീക്കറായിരിക്കുമ്പോള്‍ കവിതെ ഇവിടെ വന്നിട്ടുണ്ട്. എലപ്പുള്ളിയില്‍ പ്ലാന്റ് തുടങ്ങുന്ന കമ്പനിയുമായി അവര്‍ക്ക് ബന്ധമുണ്ട്. ഡല്‍ഹി മദ്യനയക്കേസില്‍ അവര്‍ പ്രതിയാണ്. അവരാണ് ഈ കമ്പനിയെ കേരളത്തില്‍ പരിചയപ്പെടുത്തി കൊടുക്കുന്നത്. അവര്‍ക്ക് മദ്യകമ്പനികളുമായി ബന്ധമുണ്ട്- സതീശന്‍ പറഞ്ഞു.
ഒയാസിസ് കമ്പനിക്ക് മദ്യനിര്‍മ്മാണ യൂണിറ്റിനുള്ള അനുമതി ഒരു ഡീലിന്റെ ഭാഗമായി നല്‍കിയതാണെന്നാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം. ഇക്കാര്യം അദ്ദേഹം തിങ്കളാഴ്ച എറണാകുളത്ത് നടത്തിയ പത്രസമ്മേളനത്തിലും ആവര്‍ത്തിച്ചു. 'മുഖ്യമന്ത്രിയുടെ അറിവോടെ എക്സൈസ് മന്ത്രിയുമായാണ് കമ്പനി ഡീല്‍ നടത്തിയത്. അതിന് ഇടനിലക്കാരുമുണ്ട്. എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും അറിയാതെ വേറൊരു വകുപ്പും അറിഞ്ഞിട്ടില്ല. ഒരു വകുപ്പുമായും ചര്‍ച്ച ചെയ്തില്ലെന്ന പ്രതിപക്ഷ ആരോപണം അടിവരയിടാനാണ് മന്ത്രിസഭാ നോട്ട് ഹാജരാക്കിയത്. ഏതായാലും മന്ത്രിസഭ നോട്ട് വ്യാജമാണെന്ന് മന്ത്രി പറഞ്ഞില്ല. ഔദ്യോഗിക രേഖകളാണ് പ്രതിപക്ഷം ഹാജരാക്കിയത്. രേഖകള്‍ എങ്ങനെ കിട്ടിയെന്നു വേണമെങ്കില്‍ അന്വേഷിച്ചു പോകട്ടെ. എല്ലാം നടന്നത് 2023-ലാണ്. പക്ഷേ, കമ്പനിക്ക് അനുമതി നല്‍കിയത് 2025-ല്‍ ആണെന്നും സതീശന്‍ പറഞ്ഞു.
പാലക്കാട്ടെ ബ്രൂവറി വിവാദം കത്തിനില്‍ക്കെ പ്രതിപക്ഷനേതാവ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍നിന്ന്...
ചോദ്യം: പ്രതിപക്ഷം എന്തിനാണ് മദ്യനിര്‍മ്മാണ കമ്പനിയെ എതിര്‍ക്കുന്നത്?
വി.ഡി.സതീശന്‍: ഈ അനുമതിക്ക് പിന്നില്‍ അഴിമതിയുണ്ട്. ഈ കമ്പനിയെ ഇവിടേക്ക് ക്ഷണിച്ചുകൊണ്ടുവന്നത് സര്‍ക്കാരാണ്. മദ്യനയം മാറ്റിയത് തന്നെ ഈ കമ്പനിക്ക് വേണ്ടിയാണ്. മാറിയ മദ്യനയം അനുസരിച്ച് മദ്യനിര്‍മ്മാണ ശാല തുടങ്ങാന്‍ പോകുന്നത് കേരളത്തില്‍ ഒരു ഡിസ്റ്റിലറിയും അറിഞ്ഞിട്ടില്ല. മുന്നണിയിലെ ഒരുഘടകകക്ഷിയും അറിഞ്ഞിട്ടില്ല. അറിഞ്ഞത് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും മാത്രമാണ്. മറ്റൊരുവകുപ്പും അറിഞ്ഞിട്ടില്ല. പുതിയ മദ്യനിര്‍മ്മാണശാല അനുവദിക്കുന്നുവെന്ന് ഇവിടെ ഒരു കമ്പനിയും അറിയാത്തത് എങ്ങനെയാണ് മധ്യപ്രദേശിലും പഞ്ചാബിലുമൊക്കെയുള്ള ഒരു കമ്പനി അറിയുന്നത്. മദ്യനയം മാറുന്നതിന് മുമ്പുതന്നെ ഈ കമ്പനിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഈ കമ്പനിക്കുവേണ്ടിയാണ് മദ്യനയത്തില്‍ മാറ്റം വരുത്തിയത്. നയം മാറുന്നതിന് മുമ്പുതന്നെ ഈ കമ്പനി എലപ്പുള്ളിയില്‍ കോളേജിനാണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്ഥലം വാങ്ങിച്ചു. പിന്നാലെ മദ്യനയം മാറുന്നു, ഈ കമ്പനിമാത്രം അപേക്ഷനല്‍കുന്നു, അവര്‍ക്ക് തന്നെ എഥനോള്‍, ബ്രൂവറി പ്ലാന്റ്, മള്‍ട്ടി സ്പിരിറ്റ്, ബ്രാന്‍ഡ്-വൈന്‍ പ്ലാന്റ് എന്ന് തുടങ്ങി എല്ലാ ഉല്‍പാദനത്തിനും അനുമതി നല്‍കുന്നു. ഇതിലൊക്കെ ഒരു ഗൂഢാലോചനയില്ലേ. ഈ നടപടിക്രമങ്ങളില്‍തന്നെ സുതാര്യതയല്ല, സ്വകാര്യതയാണുള്ളത്.
ചോദ്യം: ഒയാസിസ് എന്ന കമ്പനിക്ക് അനുമതി നല്‍കിയതിലാണ് ഗൂഢാലോചന ആരോപിക്കുന്നത്, ഈ കമ്പനിക്ക് അനുമതി നല്‍കിയതില്‍ മാത്രമാണോ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ്?
വി.ഡി.സതീശന്‍: സുതാര്യതയില്ലാത്ത നടപടിയെന്നത് ഒരുകാരണം മാത്രമാണ്. ഗുരുതരമായ കുടിവെള്ളക്ഷാമം നിലനില്‍ക്കുന്ന ഒരുപ്രദേശമാണിത്. പ്ലാച്ചിമട സമരത്തിലൂടെ കൊക്കകോള പ്ലാന്റ് അടച്ചുപൂട്ടിയ ജില്ലയാണത്. എലപ്പുള്ളി അടക്കമുള്ള പ്രദേശങ്ങള്‍ വിണ്ടുകീറി കിടക്കുകയാണ്. മഴ കുറവുള്ള പ്രദേശം, ഭൂഗര്‍ഭജലത്തിന്റെ അളവ് കുറഞ്ഞ പ്രദേശം. ഇതൊന്നും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ നടപടി. ഈ കമ്പനി പൂര്‍ണമായി പ്രവര്‍ത്തിക്കുമ്പോള്‍ ഒരുദിവസം 80 ദശലക്ഷം ലിറ്റര്‍ വെള്ളം വേണ്ടിവരും. പാലക്കാട്ടെ, നിലവിലെ വെള്ളത്തിന്റെ ആവശ്യം നിറവേറ്റാന്‍ മലമ്പുഴ ഡാമുകൊണ്ട് പറ്റുന്നില്ല. ആവശ്യം കൂടിവരുന്ന സ്ഥിതിയാണ്. ആ സ്ഥലത്തേക്കാണ് വെള്ളം അസംസ്‌കൃതവസ്തുവായി ഉപയോഗിക്കുന്ന ഒരു സംവിധാനം വരുന്നത്. അത് ചെയ്യാന്‍ പാടില്ലാത്തതാണ്. എന്നിട്ട് ഇപ്പോള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.
ചോദ്യം: ഭൂഗര്‍ഭജലം ഉപയോഗിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പിച്ചുപറഞ്ഞിട്ടുണ്ടല്ലോ? മഴവെള്ളസംഭരണിയാണ് പ്രധാന സ്രോതസ്സെന്നും ബാക്കി വെള്ളം കിന്‍ഫ്രയ്ക്ക് നല്‍കാനാകുമെന്നും പറഞ്ഞിട്ടില്ലേ?
വി.ഡി.സതീശന്‍: തെറ്റായ കണക്കാണ് മന്ത്രി പറയുന്നത്. അഞ്ചേക്കറിലാണ് മഴവെള്ള സംഭരണി. ഒരുവര്‍ഷം 40 ലക്ഷം ലിറ്റര്‍ വെള്ളമാണ് സംഭരിക്കാനാകുക. കമ്പനി പൂര്‍ണമായി പ്രവര്‍ത്തിക്കുമ്പോള്‍ ഒരുദിവസം പ്രവര്‍ത്തിക്കാന്‍ വേണ്ട വെള്ളം പോലും ഇതില്‍നിന്ന് മതിയാവില്ല. കിന്‍ഫ്ര കൊടുക്കുമെന്ന് പറയാന്‍, കിന്‍ഫ്രക്ക് വെള്ളം വേണ്ടേ. പിന്നെ, മഴവെള്ളമാണ് ഭൂഗര്‍ഭ ജലവിതാനത്തെ ഉയര്‍ത്തുന്നത്. അത് ശേഖരിക്കുമ്പോള്‍ ഭൂഗര്‍ഭജലത്തിലേക്ക് അത് പോകില്ല. വി.എസ്. അച്യുതാനന്ദന്റെ അടക്കം നേതൃത്വത്തില്‍ എന്തിനായിരുന്നു പ്ലാച്ചിമട സമരം നടത്തിയത്. കൊക്കകോള നിര്‍മ്മിക്കാനുള്ള പ്രധാന അസംസ്‌കൃത വസ്തുവും വെള്ളമാണ്. പാലക്കാട് രൂക്ഷമായ ജലക്ഷാമമാണെന്ന് എം.പി.യായിരുന്നപ്പോള്‍ ദേശീയദിനപത്രത്തില്‍ അഭിമുഖം നല്‍കിയ ആളാണ് മന്ത്രി. അഞ്ചുവര്‍ഷംകൊണ്ട് വെള്ളത്തിന്റെ കാര്യത്തില്‍ എന്ത് മാറ്റമാണ് അവിടെ ഉണ്ടായിട്ടുള്ളത്. മാത്രവുമല്ല, ധാന്യങ്ങള്‍ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. ഇത് സി.പി.എമ്മിന്റെ ദേശീയനിലപാടിന് തന്നെ എതിരാണ്. ഭക്ഷ്യധാന്യങ്ങള്‍ മദ്യനിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് അവരുടെ നയം.
ചോദ്യം: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കര്‍ണാടകയില്‍ സ്പിരിറ്റ് കമ്പനികളുണ്ട്. കേരളം അവരുടെ ഒരു വിപണിയാണ്. ഇവിടെയൊരു പ്ലാന്റ് വന്നാല്‍ അവര്‍ക്കാണ് ദോഷമാകുക. അതിനാല്‍, കര്‍ണടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുവേണ്ടിയുള്ള ഒരുതരത്തിലുള്ള ക്വട്ടേഷന്‍ പണിയാണ് പ്രതിപക്ഷത്തിന്റെ എതിര്‍പ്പെന്നാണ് വിമര്‍ശനം. അങ്ങനെയാണോ?
വി.ഡി.സതീശന്‍: കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്പിരിറ്റ് നിര്‍മ്മാണകമ്പനികളുണ്ടെങ്കില്‍ അവിടുന്ന് വാങ്ങേണ്ടതില്ല. മറ്റേതെങ്കിലും സംസ്ഥാനങ്ങളില്‍നിന്ന് വാങ്ങിച്ചോ. യു.ഡി.എഫ്. സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ കേരളത്തില്‍ മദ്യം തന്നെ വേണ്ടെന്നുവെച്ചതാണല്ലോ. അന്നൊന്നും അവരാരും ഇവിടെ കമ്പനികളാരംഭിക്കാന്‍ വന്നിട്ടില്ലല്ലോ. ഒരു സുതാര്യതയുമില്ലാതെ ഒരു കമ്പനിക്ക് അനുമതി നല്‍കിയതാണ് ഞങ്ങള്‍ ചോദ്യം ചെയ്യുന്നത്. ഞങ്ങളോട് തര്‍ക്കിക്കുന്നതിന് പകരം ഘടകകക്ഷികളെ ബോധ്യപ്പെടുത്തട്ടെ. ഇനി അവരെല്ലാവരും സമ്മതിച്ചാലും പാലക്കാട്ട് മദ്യകമ്പനി തുടങ്ങാന്‍ ഞങ്ങള്‍ അനുവദിക്കില്ല.
ചോദ്യം: ഒരുകമ്പനിയോടും സര്‍ക്കാരിന് പ്രത്യേകം മമതയില്ല. ഏത് കമ്പനിക്കും നടപടിക്രമം പാലിച്ച് അപേക്ഷിക്കാം. സര്‍ക്കാര്‍ അതും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഗൂഢാലോചന ആരോപിക്കുന്നതിനുള്ള കാരണം?
വി.ഡി.സതീശന്‍: ഇനി അപേക്ഷിക്കുന്ന കമ്പനികള്‍ക്കും നടപടികളനുസരിച്ച് അനുമതി നല്‍കുമെന്ന് പറയുന്നതില്‍ എന്ത് ശരിയാണുള്ളത്. മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കാന്‍ തീരുമാനിച്ചാല്‍, അതിന് മാനദണ്ഡം നിശ്ചയിക്കുകയാണ് ആദ്യം വേണ്ടത്. ബാര്‍ അനുവദിക്കുന്നത് പോലും അങ്ങനെയല്ലേ. ക്ലാസിഫിക്കേഷന്‍ അനുസരിച്ചല്ലേ ബാര്‍ അനുവദിക്കുന്നത്. എന്താണ് മദ്യനിര്‍മ്മാണ പ്ലാന്റിനും ബ്രൂവറിയും തുടങ്ങാനുള്ള മാനദണ്ഡം. ആ മാനദണ്ഡം അനുസരിക്കുന്ന കമ്പനികള്‍ക്ക് അപേക്ഷിക്കാമെന്നല്ലേ സര്‍ക്കാര്‍ പറയേണ്ടത്. അത്തരമൊരുകാര്യം ഉണ്ടായോ, ആരെങ്കിലും അറിഞ്ഞോ. പിന്നെ, എങ്ങനെയാണ് മധ്യപ്രദേശിലെ കമ്പനി അറിഞ്ഞത്. അതാണ് ഡീല്‍ ആണെന്ന് പറയുന്നത്.
വായില്‍തോന്നിയത് പറയുന്നു- എം.ബി.രാജേഷ്
പ്രതിപക്ഷനേതാവ് വായില്‍ത്തോന്നിയതെന്തും വിളിച്ചുപറയുകയാണെന്ന് മന്ത്രി എം.ബി.രാജേഷ് പ്രതികരിച്ചു. ഇങ്ങനെയാണ് അദ്ദേഹം ഓരോ ആരോപണവും ഉന്നയിക്കുന്നത്. ഇപ്പോഴാണ് അദ്ദേഹത്തെ ശരിക്കും മനസിലാക്കാനായത്. കൈയില്‍ ഒന്നുമില്ലെങ്കിലും എന്തും വിളിച്ചു പറയും.- രാജേഷ് പറഞ്ഞു.
Content Highlights: palakkad brewery row, vd satheesan allegations against government