ഏലപ്പുള്ളിയിൽ ബ്രൂവറി നിർമ്മാണത്തിന് നീക്കം; ജെസിബി തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

പാലക്കാട്: ഏലപ്പുള്ളിയിലെ നിർദ്ദിഷ്ട ബ്രൂവറി പദ്ധതി പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിച്ച ജെസിബി നാട്ടുകാരും സമരസമിതി പ്രവർത്തകരും ചേർന്ന് തടഞ്ഞു. വെള്ളിയാഴ്ച രാവിലെ 7.15-ഓടെയാണ് ജെസിബി സ്ഥലത്തെത്തിയത്. ഇത് ബ്രൂവറി നിർമ്മാണത്തിന്റെ ആദ്യപടിയാണെന്ന് ആരോപിച്ചാണ് സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
സ്ഥലത്തെ കാടു വെട്ടിത്തെളിക്കാനാണ് ജെസിബി കൊണ്ടുവന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാൽ, ഇത് നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായാണെന്ന് സമരസമിതി പ്രവർത്തകർ ആരോപിക്കുന്നു. സ്വകാര്യ ഏജൻസിയെ ഉപയോഗിച്ച് സർവേ നടത്തി അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്നതിന്റെ മുന്നോടിയായാണ് കാടുവെട്ടിത്തെളിക്കുന്നതെന്ന് സമരസമിതിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ കമ്പനി അധികൃതർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നെന്നും, രാത്രിയിൽ നിർമ്മാണം തുടങ്ങാനായിരുന്നു പദ്ധതിയെന്നും നാട്ടുകാർ പറയുന്നു.
ബ്രൂവറി പദ്ധതിയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഈ നീക്കമെന്ന് സമരസമിതി പ്രവർത്തകർ ചൂണ്ടിക്കാട്ടി. അടുത്ത മാസം ആറാം തീയതി കേസ് കോടതി പരിഗണിക്കാനിരിക്കുകയാണ്. ജനുവരി മുതൽ ബ്രൂവറിക്കെതിരെ നിരവധി പരാതികൾ നൽകിയിട്ടും അധികൃതർ അവഗണിക്കുകയാണെന്നും പെട്ടെന്നൊരു ദിവസം നിർമ്മാണവുമായി മുന്നോട്ടുപോകുന്നത് അംഗീകരിക്കാനാവില്ലെന്നും എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഒയാസിസ് കമ്പനി പ്രദേശം വൃത്തിയാക്കാൻ എത്തുമെന്ന വിവരം സമരസമിതിക്ക് നേരത്തെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തകർ രാവിലെ മുതൽ സ്ഥലത്ത് തമ്പടിച്ചിരുന്നു. ജെസിബി എത്തിയ ഉടൻ തന്നെ ഇവർ സംഘടിച്ച് വാഹനം തടയുകയായിരുന്നു. എന്ത് വില കൊടുത്തും മണ്ണുക്കാട്ടിലെ ജനങ്ങളെ അണിനിരത്തി ബ്രൂവറി നിർമ്മാണം തടയുമെന്ന് സമരസമിതി പ്രവർത്തകർ വ്യക്തമാക്കി.
സ്ഥലത്ത് നിലവിൽ പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. മറ്റ് റവന്യൂ ഉദ്യോഗസ്ഥരോ കമ്പനി പ്രതിനിധികളോ സ്ഥലത്തെത്തിയിട്ടില്ല. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ജെസിബി പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാരും സമരസമിതിയും