പി.പി. ദിവ്യയെ ഒഴിവാക്കി, പത്മകുമാറിനെതിരേ നടപടിയില്ല; രണ്ടുനീതിയെന്ന് സിപിഎമ്മിൽ ആക്ഷേപം

പി.പി. ദിവ്യ, പദ്മകുമാർ | Mathrubhumi
പി.പി. ദിവ്യ, പദ്മകുമാർ | Mathrubhumi

തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന നേതൃസ്ഥാനത്തുനിന്ന്‌ കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻപ്രസിഡന്റ് പി.പി. ദിവ്യയെ ഒഴിവാക്കിയതിൽ സിപിഎമ്മിൽ ആക്ഷേപം പുകയുന്നു.

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യക്കേസിൽ കുറ്റാരോപിതയായ ദിവ്യയെ സിപിഎം ജില്ലാകമ്മിറ്റിയിൽനിന്ന്‌ ബ്രാഞ്ചിലേക്ക്‌ തരംതാഴ്ത്തിയതുകൂടാതെയാണ്, ഇപ്പോൾ മഹിളാ അസോസിയേഷന്റെ നടപടി. സ്വർണക്കൊള്ളക്കേസിൽ പ്രതിയായ പത്തനംതിട്ടയിലെ നേതാവ് എ. പത്മകുമാറിനോടും ദിവ്യയോടും പാർട്ടി രണ്ടുതരം നീതി കാണിച്ചെന്നാണ് ചർച്ച.

സ്വർണക്കൊള്ളക്കേസിൽ ജയിലിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻപ്രസിഡന്റായ എ. പത്മകുമാർ. തദ്ദേശതിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായിട്ടും പത്മകുമാറിനെതിരേ പാർട്ടിനടപടി ഉണ്ടായിട്ടില്ല. നവീൻബാബു കേസിൽ ദിവ്യക്കെതിരേ ഉടൻ അച്ചടക്കനടപടിയെടുത്തു.

കണ്ണൂരിലെ മഹിളാനേതാവും സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയുമായ പി.കെ. ശ്യാമളയെ ഇത്തവണ അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറിയാക്കി.

ആന്തൂർ നഗരസഭയിൽ വ്യവസായി ആത്മഹത്യചെയ്ത കേസുണ്ടായപ്പോൾ ആരോപണം നേരിട്ട ശ്യാമളയെ പാർട്ടി ഒറ്റക്കെട്ടായി സംരക്ഷിച്ചെന്നും ദിവ്യക്ക്‌ അതുണ്ടായില്ലെന്നുമാണ് മറ്റൊരു വിമർശനം.

ഗോവിന്ദൻ നിർദേശിച്ചു; ചർച്ചയ്ക്ക്‌ വഴിയടച്ചു

മഹിളാ അസോസിയേഷനിലെ പാർട്ടി അംഗങ്ങളുടെ ഫ്രാക്‌ഷൻ യോഗത്തിൽ എം.വി. ഗോവിന്ദനാണ്, ക്രിമിനൽക്കേസുകളിൽ പ്രതികളായവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടെന്ന്‌ നിർദേശിച്ചത്. ഇക്കാര്യത്തിൽ ഒരു ചർച്ചവേണ്ടെന്നും പറഞ്ഞു. അതോടെ ഫ്രാക്‌ഷനിൽ അഭിപ്രായംപറയാനുള്ള വഴിയുമടച്ചു. ദിവ്യ ആവശ്യപ്പെട്ടതനുസരിച്ച് ഒഴിവാക്കിയെന്നാണ് മഹിളാ നേതാക്കളുടെ മറുപടി.

Content Highlights: cpm criticism pp divya a padmakumar stance