'കോണ്‍ഗ്രസ് കുട്ടിനേതാക്കളുടെ നിലവാരമില്ലായ്മ, ഇത് രാഷ്ട്രീയം മാറ്റിവെച്ചുള്ള അഭിപ്രായം' -പത്മജ

പാലക്കാട്ടെ യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് കൈ കൊടുക്കാനായി വിളിക്കുന്ന എതിർസ്ഥാനാർഥി പി. സരിൻ, പത്മജ വേണുഗോപാൽ
പാലക്കാട്ടെ യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് കൈ കൊടുക്കാനായി വിളിക്കുന്ന എതിർസ്ഥാനാർഥി പി. സരിൻ, പത്മജ വേണുഗോപാൽ

പാലക്കാട്: എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി. സരിന് ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പില്‍ എം.പിക്കുമെതിരെ ബി.ജെ.പി. നേതാവ് പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസ് കുട്ടിനേതാക്കളുടെ നിലവാരമില്ലായ്മയാണ് ഇവിടെ തെളിഞ്ഞുകാണുന്നതെന്ന് പറഞ്ഞ പത്മജ, ഇത് രാഷ്ട്രീയം മാറ്റിവെച്ചുള്ള തന്റെ അഭിപ്രായമാണെന്നും വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പത്മജ വേണുഗോപാലിന്റെ പ്രതികരണം. 

'രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. ഇവിടെ സരിന്റെ രാഷ്ട്രീയ മാന്യതയാണ് ഉയര്‍ന്നത്. എതിര്‍ സ്ഥാനാര്‍ത്ഥി  കൈ കൊടുത്തില്ലെങ്കില്‍ സരിന് ഒന്നുമില്ല. പക്ഷേ കോണ്‍ഗ്രസ് കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മയാണ് ഇവിടെ തെളിഞ്ഞു കാണുന്നത്. ഇക്കാര്യത്തില്‍ രാഷ്ട്രീയം മാറ്റി വെച്ചുള്ള എന്റെ അഭിപ്രായമാണിത്.' -പത്മജ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

താന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ തന്റെ അമ്മയെ സംസ്‌കാരശൂന്യമായി അധിക്ഷേപിച്ച പയ്യനല്ലേ ഈ രാഹുല്‍ എന്ന ആമുഖത്തോടെയായിരുന്നു പത്മജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഒരു കല്യാണ ചടങ്ങിനിടെ കണ്ടപ്പോഴാണ് രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും പി. സരിന് ഹസ്തദാനം നല്‍കാതെ പോയത്. മുന്‍ കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥിന് ഇരുവരും കൈക്കൊടുക്കുകയും ആലിംഗനം ചെയ്യുകയും ചെയ്‌തെങ്കിലും സരിനെ ​ഗൗനിക്കാതെ പോകുകയായിരുന്നു.

സരിന്‍ നിരവധി തവണ രാഹുലേ... എന്ന് വിളിച്ചിട്ടും രാഹുല്‍ മാങ്കൂട്ടത്തില്‍ കൈകൊടുക്കാതെ പോകുകയായിരുന്നു. 'മോശമാണ് രാഹുലേ, അയ്യയ്യയ്യേ..' എന്നെല്ലാം പറഞ്ഞ സരിന്‍ തനിക്കിതില്‍ കുഴപ്പമില്ലെന്നും ചുറ്റുമുള്ളവരോട് പറഞ്ഞു.

Content Highlights: Padmaja Venugopal against Shafi Parambil & Rahul Mamkootathil on shake hand row at Palakkad