അതൃപ്തിയില്ല; ബിജെപി വിടുകയാണെന്ന റിപ്പോർട്ടുകൾ തള്ളി പത്മജ വേണുഗോപാൽ

കൊച്ചി: ബിജെപിയിൽ വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും പാർട്ടി വിടാനൊരുങ്ങുകയാണെന്നുമുള്ള വാർത്ത നിഷേധിച്ച് പത്മജ വേണുഗോപാൽ. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും നിലവിൽ ബിജെപിയുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും പത്മജ വ്യക്തമാക്കി. മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കുകയായിരുന്നു അവർ.
പാർട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മകളുടെ അടുത്തേക്ക് പോകാനായുള്ള തയ്യാറെടുപ്പിലാണ്. പോയി വന്നതിനുശേഷം സംസാരിക്കാമെന്നും പറഞ്ഞതിനെ മറ്റൊരു അർഥത്തിൽ വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. ദേശീയ വനിതാ കമ്മിഷൻ അംഗമായി നിവേദിത സുബ്രഹ്മണ്യത്തെ തിരഞ്ഞെടുത്തതിലും തനിക്ക് അതൃപ്തിയില്ല. അവർ അതിന് അർഹതയുള്ള സ്ത്രീയാണ്. ബിജെപി വിടുന്നതിനെക്കുച്ച് ആലോചിട്ടില്ലെന്നും അവർ വ്യക്തമാക്കി.
പത്മജയെ തിരികെ കോൺഗ്രസിൽ എത്തിക്കാൻ നീക്കം തുടങ്ങിയതായുള്ള വാർത്തയോടും അവർ പ്രതികരിച്ചു. കോൺഗ്രസിൽനിന്ന് തന്നെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും താനും ആരേയും ബന്ധപ്പെട്ടിട്ടില്ലെന്നും പത്മജ പറഞ്ഞു. ബിജെപി വിടുന്നു എന്നുകേൾക്കുമ്പോൾ എങ്കിൽപിന്നെ കോൺഗ്രസിലേക്ക് പോകുകയായിരിക്കും എന്ന് ചിന്തിക്കുന്നതാണെന്നും അവർ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ പത്മജ മത്സരിച്ചത് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടത് അനുസരിച്ചാണ്. തോറ്റാലും ഗവർണർ പദവിയോ, മറ്റ് ഭരണഘടനാപദവികളോ നൽകാമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ പരിഗണന ലഭിക്കാതായി. ഇതിൽ അതൃപ്തയായ പത്മജ ബിജെപി വിടാനുള്ള തീരുമാനത്തിലാണെന്നായിരുന്നു വാർത്ത.
Content Highlights: Padmaja Venugopal clarifies she has no issues with BJP and denies planning to leave the party, addressing recent rumors.