‘ഈ കുഞ്ഞുങ്ങൾ ഇനി ഞങ്ങളുടെ മക്കൾ’; വാൽപ്പാറ ദുരന്തം തളർത്തിയ പാങ്ങ് സ്‌കൂളിൽ പുതിയ അധ്യാപകരെത്തി

കൊളത്തൂർ (മലപ്പുറം): കുട്ടികളെ മക്കളെപ്പോലെ കണ്ട അഞ്ച് അധ്യാപകരെയാണ് വാൽപ്പാറ അപകടത്തിൽ ഒറ്റയടിക്ക് പാങ്ങ് ജി.എൽ.പി. സ്‌കൂളിന് നഷ്ടമായത്. അത് കുട്ടികളിലുണ്ടാക്കിയ നീറ്റൽ ചെറുതല്ല. ആ വേദനയ്ക്ക് ആശ്വാസമാവുകയെന്ന വലിയ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്താണ് ആ നാലു അധ്യാപകരും സ്‌കൂളിലെത്തിയത്. ഇനി ആ കുഞ്ഞുങ്ങൾ ഇവരുടെ സ്വന്തം മക്കളാണ്.
കെ.കെ. രാഖി, വി.പി. ഫസീല, പി. ഷമീന, അബ്ദുൾ മജീദ് കൊട്ടക്കാരൻ എന്നിവരാണ് പുതുതായെത്തിയ അധ്യാപകർ. പാങ്ങ് ഗവ. യു.പി. സ്‌കൂളിലെ പ്രഥമാധ്യാപകൻ കെ. അഹമ്മദ് കുട്ടിക്ക് ജി.എൽ.പി. സ്‌കൂളിന്റെ അധികച്ചുമതല നൽകി. രക്ഷിതാക്കളും നാട്ടുകാരുമടങ്ങുന്ന സംഘം വ്യാഴാഴ്ച സ്‌കൂളിൽ ഒത്തുചേർന്ന് പുതിയ അധ്യാപകർക്ക് സ്വീകരണം നൽകി.
പാങ്ങ് സ്വദേശിയായ കെ.കെ. രാഖി പറങ്കിമൂച്ചിക്കൽ ജി.എൽ.പി. സ്‌കൂളിൽനിന്നാണ് വരുന്നത്. പൂക്കാട്ടിരി സ്വദേശിയായ വി.പി. ഫസീല പുത്തൂർ ജി.എൽ.പി. സ്‌കൂളിൽനിന്നും കൊളത്തൂർ സ്വദേശി പി. ഷമീന കല്ലാർമംഗലം ജി.എൽ.പി. സ്‌കൂളിൽനിന്നുമാണ് വന്നത്.
പാങ്ങ് സ്‌കൂളിന്റെ സ്വന്തം മജീദ് മാഷിന് പകരമായി വരുന്നത് മറ്റൊരു മജീദ് മാഷാണെന്ന പ്രത്യേകതയുമുണ്ട്. പാങ്ങ് പടിഞ്ഞാറ്റുംമുറി സ്വദേശി അബ്ദുൽ മജീദ് കൊട്ടക്കാരൻ ഇങ്ങോട്ടെത്തുന്നത് കല്ലാർമംഗലം ജി.എൽ.പി. സ്‌കൂളിൽനിന്നാണ്.
വിടപറഞ്ഞ അധ്യാപകരെ ഓർത്ത് വിതുമ്പുന്ന രക്ഷിതാക്കൾക്ക് പുതിയ അധ്യാപകർ ആത്മവിശ്വാസം നൽകി. അവരോടൊപ്പം വന്ന ആ സ്‌കൂളിലെ കുട്ടികളോട് അവർ കുശലം പറഞ്ഞു.
‘ഇത് ഞങ്ങളുടെ ഉത്തരവാദിത്വമാണെന്നു തോന്നി. ഈ തീരുമാനമാണ് ശരിയെന്നു തോന്നി’- ഒരേ സ്വരത്തിൽ നാലുപേരും പറഞ്ഞു. ഇതു കേട്ട് സ്വീകരിക്കാൻ സ്‌കൂൾമുറ്റത്ത് ഒത്തുകൂടിയ കുറുവ പഞ്ചായത്തംഗങ്ങളും രക്ഷിതാക്കളും നാട്ടുകാരും കൈയടിച്ചു. ഇണങ്ങിയും പിണങ്ങിയും അടികൂടിയും ഒരു കുടുംബമായിരുന്ന സ്റ്റാഫ് റൂമിനെ പഴയ പ്രസരിപ്പോടെ നിലനിർത്തുകയാണ് പുതിയ അധ്യാപകരുടെ ദൗത്യം. എ.ഇ.ഒ. അമീറയുടെയും പ്രഥമാധ്യാപകൻ കെ. അഹമ്മദ് കുട്ടിയുടെയും നേതൃത്വത്തിലാണ് ഇവരെ നാട്ടുകാർക്കും രക്ഷിതാക്കൾക്കും പരിചയപ്പെടുത്തിയത്.
യോഗം കുറുവ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾസലാം പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. പാചകത്തൊഴിലാളി സാജിതയുടെ മകന്റെ ചികിത്സയ്ക്ക് ആവശ്യമായതെല്ലാം ചെയ്യുമെന്നും അതിനായി വെള്ളിയാഴ്ച പഞ്ചായത്തോഫീസിൽ സർവകക്ഷിയോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.
ബുധനാഴ്ച മരിച്ച ഡ്രൈവർ നൗഷാദിനായി മൗനപ്രാർഥനയ്ക്കുശേഷമാണ് യോഗം തുടങ്ങിയത്. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ. അബ്ദുൾ അസീസ് അധ്യക്ഷനായി.
ഡയറ്റ് ഫാക്കൽറ്റി മുഹമ്മദ് റാഫി, എ.പി. ബിജു, കുറുവ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഴിക്കൽ സുലൈഖ, സ്ഥിരം സമിതി അധ്യക്ഷ സി. മുംതാസ്, പഞ്ചായത്തംഗം ഉമ്മു ഹബീബ, മുഹമ്മദ് കുട്ടി, എ.സി. കുഞ്ഞയമു, കെ. അബ്ദുറഹ്മാൻ, ഹസ്സൻ ഹാജി, കെ.വി. അലി, ശാരിക, ഹസ്‌നത്ത് എന്നിവർ സംസാരിച്ചു.
Content Highlights: New Teachers Step Up to Heal Pang School After Tragic Loss in Valparai