RSS തലവന് മുന്നിൽ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല CPM-നും പിണറായി വിജയനുമുള്ളത്- മുഹമ്മദ് റിയാസ്

കോഴിക്കോട്: ആർഎസ്എസിന്റെ തലവന് മുന്നിൽ കുമ്പിട്ട് നിന്ന് നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സഖാവ് പിണറായി വിജയനും സിപിഎം പ്രസ്ഥാനത്തിനും ഉള്ളതെന്ന് പി.എ. മുഹമ്മദ് റിയാസ് എംഎൽഎ പറഞ്ഞു. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനുപകരം വിഷയം വഴിതിരിച്ചുവിടുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു.
പ്ലീഡർ നിയമന വിഷയം സിപിഎം മാത്രം ഉന്നയിച്ചതല്ലെന്നും കോൺഗ്രസ് പാർട്ടിയും കെഎസ്യുവും ഇതേ വിഷയം പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവന്നിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘപരിവാർ നേതാക്കൾ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകുന്നതിൽ ആരും തെറ്റ് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി എല്ലാവരുടെയും മുഖ്യമന്ത്രിയാണെന്നും, എന്നാൽ സംഘപരിവാർ നേതാക്കളുടെ ആവശ്യങ്ങൾ സർക്കാർ നടപ്പാക്കുന്നുവെന്ന വിമർശനമാണ് ഉയർന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന് മറുപടിയായി മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും, വസ്തുതകളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും റിയാസ് പറഞ്ഞു.
കഴിഞ്ഞ അൻപത് ദിവസത്തിനിടെ ബിജെപി സർക്കാർ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ സ്വീകരിക്കുമായിരുന്ന നിരവധി തീരുമാനങ്ങളാണ് നിലവിലെ സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാതെ ജനങ്ങളോട് വ്യക്തമായ മറുപടി പറയുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും പി.എ. മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
Content Highlights: PA Mohamed Riyas clarifies CPM's stance against RSS ideology. Criticism regarding the appointment of pleaders in Kerala. Accusation that the government is deviating from core issues. Allegation that the current administration is adopting BJP-aligned policies.