'ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്ക് വേണം, ഇത് ടാറ്റയുടെ ചരിത്രത്തിലാദ്യം'

കൊച്ചി: കേരളത്തിൽ കപ്പൽ നിർമാണശാലയിൽ ടാറ്റയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശനെ പരിഹസിച്ചും വിമർശിച്ചും മുൻ വ്യവസായ മന്ത്രി പി.രാജീവ്. ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി ഒരു മുഖ്യമന്ത്രിക്കുണ്ടാകണമെന്ന് രാജീവ് പരിഹസിച്ചു. ഒരു മുഖ്യമന്ത്രിയുടെ പ്രസ്താവന പരസ്യമായി തള്ളിപ്പറയേണ്ടി വരുന്ന സാഹചര്യം ടാറ്റയുടെ ചരിത്രത്തിൽ ഇതാദ്യമായിരിക്കുമെന്നും കേരളത്തിന്റെ വിശ്വാസ്യതയാണ് ഇതിലൂടെ നഷ്ടപ്പെടുന്നതെന്ന് രാജീവ് വിമർശിച്ചു.
വിഷയത്തിൽ വിശദീകരണം നടത്തിയ പ്രസ്താവനയിലും സതീശൻ എട്ടുകാലി മമ്മൂഞ്ഞാകാൻ ശ്രമിച്ചുവെന്നും രാജീവ് കുറ്റപ്പെടുത്തി. മലബാർ സിമന്റ്സ് ലിമിറ്റഡും, ടാറ്റാ പ്രോജക്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ ആർട്സൺ എഞ്ചിനീയറിംഗ് ലിമിറ്റഡും ചേർന്ന് കൊച്ചിൻ പോർട്ടിൽ കപ്പൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സംയുക്ത സംരംഭത്തിന് (Joint Venture) സർക്കാർ സൗകര്യമൊരുക്കിയെന്നാണ് മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞിരുന്നു. മിഷൻ സുമുദ്രയുടെ ഭാഗമായിട്ടാണ് ഈ പദ്ധതിയെന്നും സതീശൻ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഈ പദ്ധതി 2025ൽ ഇൻവെസ്റ്റ് കേരളയിൽ ഉണ്ടായതാണെന്ന് പി.രാജീവ് പറഞ്ഞു. മലബാർ സിമന്റ്സ് ലിമിറ്റഡും, ടാറ്റാ പ്രോജക്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ ആർട്സൺ എഞ്ചിനീയറിംഗ് ലിമിറ്റഡും തമ്മിൽ ധാരാണാപത്രത്തിൽ ഒപ്പുവെക്കുന്നത് മാധ്യമങ്ങൾ അന്നേ വാർത്തയാക്കിയതാണ്. എട്ടുകാലി മമ്മൂഞ്ഞായി മാറുകയാണ് മുഖ്യമന്ത്രി. അതുമായി ബന്ധപ്പെട്ട നടപടികൾ തങ്ങളുടെ സർക്കാർ നടത്തിയതാണെന്നും രാജീവ് അവകാശപ്പെട്ടു.
'ബുദ്ധി ജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം. ഫിക്ഷൻ വായിക്കുന്ന ആളായത് കൊണ്ട് ഭാവനയിൽ കാണുന്ന കാര്യം യാഥാർഥ്യമായി അവതരിപ്പിച്ചാൽ കേരളത്തിന്റെ സാധ്യത പോകും. കുറച്ച് കഴിയുമ്പോൾ അദ്ദേഹത്തിന്റെ ഭാവന വിടരാനിടയുള്ള മറ്റൊരു കാര്യം പറയാം. 2025- ജൂലയിയിൽ കൊച്ചിൻ ഷിപ്പ്‌യാർഡും ദക്ഷിണ കൊറിയൻ കമ്പനിയായ ഹ്യുണ്ടായിയും ഒരു ധാരാണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി നടപടികളും നടന്നിട്ടുണ്ട്. നാളെ അദ്ദേഹം ഇത് മിഷൻ സമുദ്രയുടെ ഭാഗമായി അവതരിപ്പിച്ചേക്കും' സിപിഎം നേതാവ് പറഞ്ഞു.
ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഒരാൾ സംസാരിക്കുമ്പോൾ ആധികാരികമായിരിക്കണം. ഇത്തരം പ്രസ്താവനകളിലൂടെ മുഖ്യമന്ത്രിയുടെ വിശ്വാസ്യതയല്ല നഷ്ടപ്പെടുന്നത്, കേരളത്തിന്റെതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഞാൻ വ്യവസായ മന്ത്രിയായിരിക്കുന്ന സമയത്ത് ടാറ്റ ചെയർമാനെ കാണാൻ അങ്ങോട്ട് പോയിരുന്നു. രണ്ട് മണിക്കൂറോളം ചർച്ച നടത്തിയിരുന്നു. എന്നാൽ സതീശൻ മുഖ്യമന്ത്രിയായ ഉടൻ ടാറ്റ ഇങ്ങോട്ടേക്ക് വന്ന് 10000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് പറഞ്ഞപ്പോൾ വളരെ സന്തോഷമുണ്ടായിരുന്നു. എല്ലാ പിന്തുണയും നൽകണമെന്നാണ് തീരുമാനിച്ചത്. എന്നാൽ ഇന്ന് മുഖ്യമന്ത്രി പറയുന്നത് മാധ്യമങ്ങൾ കുഴപ്പമുണ്ടാക്കിയെന്നാണ്' പി.രാജീവ് പറഞ്ഞു.
Content Highlights: P. Rajeev criticizes CM V.D. Satheesan for claiming credit for the Tata shipyard project., The project was initiated during the 2025 Invest Kerala summit., Rajeev highlights the loss of Kerala's credibility due to misleading official statements., Concerns raised regarding the authenticity of government claims versus historical project data.