ലീഗുകാരായ ചില സാക്ഷികൾ വ്യാജമൊഴി നൽകാൻ തയ്യാറായില്ല, അവർ യഥാർത്ഥ സത്യവിശ്വാസികൾ- പി.ജയരാജൻ

#ന്യൂസ് ഡെസ്ക്
പി. ജയരാജൻ | Photo: Mathrubhumi
പി. ജയരാജൻ | Photo: Mathrubhumi

കണ്ണൂർ: കണ്ണൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ. തനിക്കും മറ്റുള്ളവർക്കുമെതിരെ കോടതിയിൽ കള്ളമൊഴി നൽകിക്കാൻ മുസ്‌ലിംലീഗ് നിരവധി സാക്ഷികളെ തയ്യാറാക്കി നിർത്തിയിരുന്നുവെന്ന് പി.ജയരാജൻ ആരോപിച്ചു. എന്നാൽ ലീഗുകാർ തന്നെയായ ചില സാക്ഷികൾ വ്യാജമൊഴി നൽകാൻ തയ്യാറായില്ല. അവർ യഥാർത്ഥ സത്യവിശ്വാസികളായതിനാലാണ് അതിന് തയ്യാറാകാതിരുന്നതെന്നും ജയരാജൻ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു യഥാർത്ഥ വിശ്വാസിക്ക് മനഃസാക്ഷിക്ക് വിരുദ്ധമായി കള്ളസാക്ഷി പറയാൻ കഴിയില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു. തങ്ങൾ ആക്രമിക്കപ്പെട്ടതിനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന തരത്തിൽ വന്ന മാധ്യമ റിപ്പോർട്ടുകളെയും അദ്ദേഹം നിശിതമായി വിമർശിച്ചു.

കേസിന്റെ തുടർ നിയമനടപടികൾ മുന്നോട്ട് പോകും. എന്നാൽ, രാഷ്ട്രീയ എതിരാളികളെ കുടുക്കാൻ കള്ളസാക്ഷികളെ സൃഷ്ടിക്കുന്ന ഇത്തരം തെറ്റായ കീഴ് വഴക്കങ്ങളെക്കുറിച്ച് സമൂഹം ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. കള്ളസാക്ഷി മൊഴികൾ ഉണ്ടാകുന്നതും, സത്യബോധമുള്ളവർ അതിൽ നിന്ന് പിന്മാറുന്നതും ഇത്തരം കേസുകളുടെ ഗതിയെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് എല്ലാ കേസുകളുടെയും പശ്ചാത്തലത്തിൽ പരിശോധിക്കപ്പെടേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം....

ഇന്നലെ വിധി വന്ന അരിയിൽ കേസ് സംബന്ധിച്ച് പ്രമുഖ പത്രങ്ങൾ ഉൾപ്പെടെയുള്ള ചില മാധ്യമങ്ങൾ ഇന്ന് നൽകിയ വാർത്തകളിൽ ഞാനും ടി.വി. രാജേഷും 'ആക്രമിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന സംഭവം' എന്നാണ് എഴുതിയിരിക്കുന്നത്.

യഥാർത്ഥത്തിൽ അന്ന് മുസ്ലിം ലീഗിന്റെ അക്രമം നടന്ന പ്രദേശങ്ങൾ സന്ദർശിക്കാൻ പോയ ഞങ്ങളാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ ഞങ്ങളെ ആശുപത്രിയിൽ എത്തിച്ചത് പാർട്ടി പ്രവർത്തകരല്ല, മറിച്ച് അന്നത്തെ പോലീസാണ്. ഞങ്ങൾക്ക് പരിക്കേറ്റു എന്ന് പോലീസിന് കൃത്യമായ ബോധ്യമുള്ളതുകൊണ്ടാണ് അവർ ഞങ്ങളെ ആശുപത്രിയിൽ എത്തിച്ചത്.

എന്നിട്ടും കേസിന്റെ വിധി വന്ന ഘട്ടത്തിൽ ഞങ്ങൾ ആക്രമിക്കപ്പെട്ടതിനെ പോലും സംശയത്തിന്റെ നിഴലിൽ നിർത്തുന്ന തരത്തിലുള്ള അധമ മാധ്യമ പ്രവർത്തനമാണ് ചിലർ നടത്തുന്നത്. ഇത്തരം കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമസമീപനങ്ങൾ തീർച്ചയായും പരിശോധിക്കപ്പെടേണ്ടതാണ്.

വർഷങ്ങളായി മനസ്സിൽ കരുതിയ ഒരു കാര്യം കൂടി ഈ സന്ദർഭത്തിൽ തുറന്നു പറയേണ്ടതുണ്ടെന്ന് തോന്നുന്നു. മേൽപ്പറഞ്ഞ അധമ മാധ്യമ പ്രവർത്തനങ്ങളാൽ സ്വാധീനിക്കപ്പെട്ട് ഇന്ത്യയിലെ നിയമവിധേയ പ്രവർത്തനം നടത്തുന്ന സിപിഐ (എം) ന്റെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെ 'സ്വയം പ്രഖ്യാപിത നാടുവാഴി ' യായി ഒരു മുൻ വിധികർത്താവ് എഴുതി വെക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തെ പിടികൂടിയ മാർക്സിസ്റ്റ് വിരുദ്ധജ്വരത്തിന് കൂടി ചികിത്സ നടത്തണം. അത് സ്വതന്ത്രമായ നീതി നിർവ്വഹണ സംവിധാനത്തിന് കരുത്ത് പകരും.

ഈ കേസിൽ ഞങ്ങളെ അക്രമികളായി ചിത്രീകരിക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും അതിനായി ശ്രമിച്ചതും മുസ്ലിം ലീഗാണ്. തങ്ങൾ വരച്ച വരയിൽ നിർത്തി കോടതിയിൽ കള്ളമൊഴി നൽകിക്കാൻ അവർ നിരവധി സാക്ഷികളെ തയ്യാറാക്കി നിർത്തിയിരുന്നു. എന്നാൽ, അവർ കൊണ്ടുവന്ന സാക്ഷികളിൽ ചിലർ കോടതിയിൽ നുണ പറയാൻ തയ്യാറായില്ല എന്നതാണ് യാഥാർത്ഥ്യം.

അതിലൊരാൾ വിദേശത്തുനിന്ന് വിമാനമാർഗ്ഗം കേരളത്തിലെത്തി കോടതിയുടെ കോമ്പൗണ്ടുവരെ എത്തിയതാണ്. എന്നിട്ടും അദ്ദേഹത്തെ വിസ്തരിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. തനിക്ക് തെറ്റായ കാര്യങ്ങൾ കോടതിയിൽ പറയാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതുകൊണ്ടാണ് പ്രോസിക്യൂഷൻ പിന്മാറിയത്.

മുസ്ലിം ലീഗ് പ്രവർത്തകർ തന്നെയായ ചില സാക്ഷികൾ എങ്കിലും ഇത്തരത്തിൽ വ്യാജമൊഴി നൽകാൻ തയ്യാറാകാതിരുന്നത് അവർ യഥാർത്ഥ സത്യവിശ്വാസികൾ ആയതുകൊണ്ടാണ്. ഒരു യഥാർത്ഥ വിശ്വാസിക്ക് മനഃസാക്ഷിക്ക് വിരുദ്ധമായി കള്ളസാക്ഷി പറയാൻ കഴിയില്ല.

അതുപോലെ, കേസിന്റെ തുടക്കത്തിൽ ഞങ്ങൾക്കെതിരെ മൊഴി നൽകാൻ വന്ന രണ്ട് സാക്ഷികൾക്ക്, തങ്ങൾ ഉന്നയിക്കുന്ന കുറ്റം തങ്ങൾക്കെതിരെയും ബാധകമാകുമെന്ന് ബോധ്യപ്പെട്ടു. അതിനെ തുടർന്നാണ് സി. ബി. ഐ അന്വേഷണം വന്നത്.

സത്യത്തിലും നീതിയിലും ന്യായത്തിലും വിശ്വസിക്കുന്ന മനുഷ്യർക്ക് കള്ളം പറയാൻ സാധിക്കാത്തതുകൊണ്ട് മാത്രമാണ് പ്രോസിക്യൂഷന്റെ പല നീക്കങ്ങളും പാളിപ്പോയത്.

ഈ കേസിൽ വിധി വന്നിരിക്കുന്നു; അതിന്റെ തുടർ നിയമനടപടികൾ സ്വാഭാവികമായും മുന്നോട്ട് പോകും. എന്നാൽ, രാഷ്ട്രീയ എതിരാളികളെ കുടുക്കാൻ കള്ളസാക്ഷികളെ സൃഷ്ടിക്കുന്ന ഇത്തരം തെറ്റായ കീഴ് വഴക്കങ്ങളെക്കുറിച്ച് സമൂഹം ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. കള്ളസാക്ഷി മൊഴികൾ ഉണ്ടാകുന്നതും, സത്യബോധമുള്ളവർ അതിൽ നിന്ന് പിന്മാറുന്നതും ഇത്തരം കേസുകളുടെ ഗതിയെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് എല്ലാ കേസുകളുടെയും പശ്ചാത്തലത്തിൽ പരിശോധിക്കപ്പെടേണ്ട വിഷയമാണ്.

Content Highlights: P. Jayarajan claimed Muslim League orchestrated fake witnesses against him and others., He stated some League members refused to lie in court due to their conscience., He criticized media reports casting doubt on the attack he and TV Rajesh faced., Legal proceedings regarding the case will continue.