‘കൂടം മുട്ടിയാൽ കീടം തെറിക്കും, അണികൾ നിരാശർ’; പാർട്ടിക്കകത്ത് ശുദ്ധീകരണം വേണമെന്ന് പി. ജയരാജൻ

#ന്യൂസ് ഡെസ്ക്
പി.ജയരാജന്‍ | ഫോട്ടോ: മാതൃഭൂമി
പി.ജയരാജന്‍ | ഫോട്ടോ: മാതൃഭൂമി

കണ്ണൂർ: ജനങ്ങളെ കൂടെനിർത്തുന്നതിൽ സംഘടനാപരമായ പോരായ്മയുണ്ടായിട്ടുണ്ടെന്ന് സി.പി.എം. സംസ്ഥാനസമിതിയംഗം പി. ജയരാജൻ. ജി. സുധാകരൻ, വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ എന്നിവർ പാർട്ടിവിട്ടുപോയത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണം. ശുദ്ധീകരണം പാർട്ടിക്കകത്തും ആവശ്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു. പുറത്തുപോയവർ വർഗവഞ്ചകരാണെന്നും പാർട്ടിവിട്ട സാഹചര്യം പരിശോധിക്കേണ്ടതില്ലെന്നും പ്രധാനനേതാക്കൾ വാദമുയർത്തുമ്പോളാണിത്.

സി.പി.എം. കണ്ണൂർ ജില്ലാകമ്മിറ്റിയുടെ പോഡ്കാസ്റ്റ് പരമ്പരയായ മോട്ടോർ സൈക്കിൾ ഡയറീസിലാണ് തിരഞ്ഞെടുപ്പുതോൽവിയുടെ പശ്ചാത്തലത്തിൽ വിശാലമായ രാഷ്ട്രീയവ്യാഖ്യാനസാധ്യതയുള്ള ജയരാജന്റെ പരാമർശം.

തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് എന്താണ് കാരണമെന്ന് കൃത്യമായി പരിശോധിച്ചിട്ടുണ്ടെന്ന് ജയരാജൻ പറഞ്ഞു. സ്വതന്ത്രവും ഉള്ളുതുറന്നതുമായ ചർച്ച നടത്താമെന്നാണ് നേതൃത്വം അംഗങ്ങളോട് പറഞ്ഞത്. മനസ്സിൽ അടിഞ്ഞുകൂടിയ പല സംശയങ്ങളും പാർട്ടി അംഗങ്ങൾ പരസ്യമായി തുറന്നടിച്ചു. ഇതിനുശേഷമാണ് കേന്ദ്രകമ്മിറ്റി രേഖ അംഗീകരിച്ചത്. തെറ്റുകൾ, പോരായ്മകൾ, തെറ്റായപ്രവണതകൾ എന്നിവയ്ക്കെതിരേ ഉൾപ്പാർട്ടി സമരം നടന്നു. ഇനിയും നടക്കാൻപോവുന്നു. തെറ്റായ പ്രവണതകൾക്ക് വിധേയരായവർ പാർട്ടിക്കകത്തുണ്ടെങ്കിൽ പരിശോധിച്ച് തിരുത്തും. അതിന്റെ ഭാഗമാണ് വിശാല സംസ്ഥാന കമ്മിറ്റിയോഗം.

പാർട്ടി അംഗങ്ങളുടെ അഭിപ്രായംകൂടി കേട്ടുകൊണ്ടുള്ള തെറ്റുതിരുത്തൽ പ്രക്രിയയാണ് നടക്കാൻപോവുന്നത്. തിരഞ്ഞെടുപ്പു പരാജയത്തിന് കാരണം തലപ്പത്തുള്ള നേതാക്കളാണെന്ന വ്യാഖ്യാനം ഉണ്ടാക്കിയിട്ടുണ്ട്. വികസന, ക്ഷേമനേട്ടം പത്തുകൊല്ലത്തെ ഭരണത്തിലുണ്ടായിട്ടും രാഷ്ട്രീയസ്വാധീനത്തിൽ ഇടതുപക്ഷം പുറകോട്ടുപോയത് പരിശോധിക്കണം. കോൺഗ്രസിന്റെയും ലീഗിന്റെയും ബി.ജെ.പി.യുടെയും ഒപ്പംനിൽക്കുന്നവരെ കൂടെ അണിനിരത്തേണ്ട രാഷ്ട്രീയസംഘടനാ പ്രവർത്തനം നടത്തണം. അതിൽ പോരായ്മയുണ്ടായിട്ടുണ്ട്. അത് പരിഹരിച്ച് മുന്നോട്ടുപോയാൽ ഭാവിയുണ്ട്.

കൂടം മുട്ടിയാൽ കീടം തെറിക്കും

ദീർഘകാല പരിചയമുള്ള കേഡർമാരാണ് ശത്രുക്കൾക്കൊപ്പം ചേർന്നത്. ആയുധങ്ങൾ മൂർച്ചകൂട്ടുമ്പോൾ കൊല്ലന്റെ ആലയിൽനിന്ന് തെറിക്കുന്ന കീടങ്ങൾ ഉപയോഗിച്ച് ആയുധം ഉണ്ടാക്കാനാവുമോ? സി.പി.എമ്മിൽ പോരായ്മയുണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ ചർച്ചചെയ്തു പരിഹരിക്കുകയാണ് വേണ്ടത്. അതിനുപകരം സി.പി.എമ്മിനെ തകർക്കാൻ ആഗ്രഹിക്കുന്ന ശക്തികളോടൊപ്പംചേർന്ന് കടന്നാക്രമിക്കുന്ന തെറ്റിലേക്കാണ് പാർട്ടിവിട്ടവർ പോയത്.

അണികൾ നിരാശർ

നിയമസഭാതിരഞ്ഞെടുപ്പിലെ കനത്തതോൽവിയിൽ അണികളും പ്രവർത്തകരും നിരാശരാണ്. അവരെ രാഷ്ട്രീയായി കാര്യങ്ങൾ ബോധ്യപ്പെടുത്തി, തെറ്റുതിരുത്തൽ പ്രക്രിയയിലൂടെ ആത്മവിശ്വാസമുള്ളവരാക്കി രാഷ്ട്രീയമേൽക്കൈ വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ്. ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന ജനങ്ങളെക്കൂടി കാര്യങ്ങൾ ബോധ്യപ്പെടുത്തിയുള്ള തീരുമാനങ്ങളാണ് ഇനി നടപ്പാക്കുക.

ഡീൽ പ്രചാരണം സ്വാധീനിച്ചു

ബി.ജെ.പി.-സി.പി.എം. ഡീൽ എന്ന പ്രചാരണം തിരഞ്ഞെടുപ്പിൽ വലിയതോതിൽ സ്വാധീനിച്ചിട്ടുണ്ട്. വിശ്വാസികളെ വർഗീയതയിലേക്ക് വഴിതെറ്റിച്ച് ഹിന്ദുവോട്ടുബാങ്കുണ്ടാക്കാൻ ശ്രമംനടക്കുന്നുണ്ട്. ആർ.എസ്.എസ്. കേരളത്തിൽ നടത്തുന്ന അധിനിവേശശ്രമത്തെക്കുറിച്ച് കേരളസമൂഹം വേണ്ടത്ര ബോധവാന്മാരല്ല. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറയുന്നത് നായാടിമുതൽ നസ്രാണിവരെ യോജിക്കണം എന്നാണ്. മുസ്‌ലിങ്ങളെ ഒഴിവാക്കി. വർഗീയത വീടകങ്ങളിലേക്കുവരെയെത്തിക്കുന്നനിലയിൽ സംഘപരിവാർ പ്രവർത്തനം ശക്തിപ്പെട്ടു. ആത്മീയപ്രഭാഷണം, ഭാഗവത സപ്താഹയജ്ഞം എന്നീ പേരുകളിൽ വർഗീയപ്രചാരണം നടത്തുകയാണെന്നും ജയരാജൻ ആരോപിച്ചു.

പിണറായിയെ തള്ളിപ്പറഞ്ഞിട്ടില്ല

പോഡ്കാസ്റ്റിൽ പിണറായി വിജയന്റെ നിലപാടുകളെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് പി. ജയരാജൻ സാമൂഹികമാധ്യമത്തിലൂടെ വ്യക്തമാക്കി. വസ്തുതകൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പോഡ്‌കാസ്റ്റ് നേരത്തേ നിശ്ചയിച്ചപ്രകാരം കഴിഞ്ഞ മാസം 24-നാണ് റെക്കോഡ് ചെയ്തത്. പിണറായി പയ്യന്നൂരിലും തളിപ്പറമ്പിലും രാഷ്ട്രീയ വിശദീകരണയോഗങ്ങളിൽ സംസാരിച്ചത് അതിനുശേഷമാണ്.

കേന്ദ്രകമ്മിറ്റി രേഖയുടെ അടിസ്ഥാനത്തിൽ ഉൾപ്പാർട്ടി ചർച്ച നടത്തണമെന്നും തെറ്റുതിരുത്തി മുന്നോട്ടുപോകണമെന്നും ജനങ്ങൾക്കിടയിലുണ്ടായ തെറ്റിദ്ധാരണമാറ്റി സംഘടനയെ ശക്തിപ്പെടുത്തണമെന്നുമാണ് പിണറായി വിശദീകരിച്ചത്. അതേ രാഷ്ട്രീയ നിലപാടാണ് താനും മുന്നോട്ടുവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: P. Jayarajan acknowledged organizational shortcomings in keeping people close to the party., Highlighted the need for self-correction and addressing internal issues following election losses., Addressed the impact of BJP-CPM deal propaganda and rising communal polarization in Kerala.