മലങ്കര സഭ ഭിന്നിക്കരുതെന്ന മോദിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയും യാക്കോബായ സഭാ നേതൃത്വവും തമ്മിൽ നടത്തിയ ചർച്ചയിൽ പ്രതികരണവുമായി ഓർത്തഡോക്സ് സഭ. മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹമെന്ന് കാതോലിക്കാ ബാവ പറഞ്ഞു. സഭാ സമാധാനത്തിന് മറ്റെങ്ങും പോകേണ്ടതില്ലെന്നും ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു.
സഭാതർക്കത്തിലെ 1958, 1995, 2017 കോടതി വിധികളെല്ലാം ഇക്കാര്യം തന്നെയാണ് പറയുന്നത്. പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ കാലം മുതൽ മലങ്കര സഭയുടേയും നിലപാട് ഇതു തന്നെയാണ്. ഒന്നായി മുന്നോട്ട് പോകണമെന്ന നിലപാട് മലങ്കര സഭ കേന്ദ്ര - സംസ്ഥാന സർക്കാരുകളെ അറിയിച്ചിട്ടുള്ളതാണ്. പൗരാണിക പാരമ്പര്യമുള്ള യഥാർത്ഥ ഭാരതീയ സഭയെന്ന വിശേഷണമാണ് സഭയ്ക്ക് ബിജെപിയും, ആർഎസ്എസും നൽകിയിട്ടുള്ളത്. ഭാഗിക്കണമെന്ന ആവശ്യത്തോട് പ്രധാനമന്ത്രി സമ്മതം മൂളുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മലങ്കരസഭയുടെ അസ്ഥിത്വത്തിനെതിരായുള്ള നിലപാട് ആരും സ്വീകരിക്കില്ല. നിഖ്യാ സുന്നഹദോസ് വിളിച്ചു കൂട്ടിയ കുസ്തന്തീനോസ് ചക്രവർത്തിയും സഭകളുടെ യോജിപ്പാണ് ചർച്ച ചെയ്തത്. സഭാ സമാധനത്തിന് മറ്റെങ്ങും പോകേണ്ടതില്ല. സ്വത്വവും സത്യവും മനസിലാക്കിയാൽ മാത്രം മതിയെന്ന് കാതോലിക്കാ ബാവ കൂട്ടിച്ചേർത്തു.
Content Highlights: The Orthodox Church supports PM Modi's position that the Malankara Church should not be divided., This stance aligns with the Supreme Court verdicts of 1958, 1995, and 2017., Catholicos Bava stated that peace can be achieved by understanding the church's identity and truth., The church views itself as an ancient, authentic Indian church.