‘25 കോടി അടിച്ചത് ജീവിതത്തില് ആദ്യമെടുത്ത ബമ്പര് ടിക്കറ്റിന്; ആദ്യം വിശ്വസിക്കാനായില്ല, വീട്ടിലെത്തി പലതവണ നമ്പർ ഒത്തുനോക്കി’

തുറവൂര്: ഇത്തവണത്തെ 25 കോടിയുടെ ഓണം ബമ്പര് ലോട്ടറി അടിച്ച തുറവൂര് സ്വദേശി ശരത് എസ്. നായര് തുറവൂര് തൈക്കാട്ടുശേരി എസ്ബിഐ ശാഖയില് ടിക്കറ്റ് ഹാജരാക്കി. ജീവിതത്തില് ആദ്യമായി എടുത്ത ബമ്പര് ടിക്കറ്റിനു തന്നെ ഒന്നാം സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ശരത്. നെട്ടൂര് നിപ്പോണ് പെയിന്റ്സ് ജീവനക്കാരനായ ശരത്, ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയാണ് കടയില് നിന്ന് ടിക്കറ്റ് എടുത്തത്.
സമ്മാനം കിട്ടിയെന്ന് മനസിലായപ്പോള് ടെന്ഷന് ഉണ്ടായിരുന്നുവെന്നും ഒന്നുകൂടി ഉറപ്പിച്ചിട്ട് എല്ലാവരോടും പറയാമെന്നാണ് കരുതിയതെന്നും ശരത് വ്യക്തമാക്കി. ഫോണില് ലോട്ടറിയുടെ ഫോട്ടോ എടുത്തുവെച്ചിരുന്നു. ഫലം വന്നപ്പോള് ഫോണിൽ ടിക്കറ്റിന്റെ ചിത്രം നോക്കി സമ്മാനം കിട്ടിയെന്ന് ഉറപ്പിച്ചു. ആദ്യം അത് വിശ്വസിക്കാന് സാധിച്ചില്ല. അതിനു ശേഷം വീട്ടില് പോയി രണ്ടുമൂന്ന് തവണ ഒന്നുകൂടി പരിശോധിച്ചു.
ആദ്യം സഹോദരനോടാണ് പറഞ്ഞത്. വിവരം അറിഞ്ഞ്വീട്ടില് എല്ലാവരും സന്തോഷത്തിലാണെന്നും ശരത് പറഞ്ഞു. 12 വര്ഷത്തോളമായി നെട്ടൂരിലാണ് ഇദ്ദേഹം ജോലിചെയ്യുന്നത്.
നെട്ടൂരിലെ ലോട്ടറി ഏജന്റ് എം.ടി. ലതീഷാണ് ടിക്കറ്റ് വിറ്റത്. ബംപര് അടിച്ച നമ്പര് ഉള്ള മറ്റ് സീരീസുകളിലെ ഒമ്പതു ടിക്കറ്റുകളും ലതീഷ് വഴിയാണു വിറ്റത്. ഇവയ്ക്ക് അഞ്ചു ലക്ഷം രൂപവീതം സമാശ്വാസ സമ്മാനം ലഭിക്കും. തിരുവനന്തപുരം ആറ്റിങ്ങല് ഭഗവതി ഏജന്സീസിന്റെ വൈറ്റില ശാഖയില് നിന്നാണ് ലതീഷ് ടിക്കറ്റ് വാങ്ങിയത്.
ബംപർ നറുക്കെടുപ്പ് നടന്ന ദിവസം രാവിലെ ജോലിക്കെത്തിയ ശരത്ത് പിന്നീട് ഇവിടെനിന്ന് മടങ്ങുകയായിരുന്നെന്ന് സഹപ്രവർത്തകർ പറഞ്ഞു. കുടുംബത്തില് കുറച്ച് പ്രശ്നങ്ങളുണ്ടെന്നും ആശുപത്രിയില് പോവണമെന്നും പറഞ്ഞ് പോവുകയായിരുന്നെന്ന് അവർ പറഞ്ഞു. ലോട്ടറിയെടുത്ത കാര്യം അറിയാമായിരുന്നെങ്കിലും ബംപറടിച്ചത് മറ്റുള്ളവർ അറിഞ്ഞിരുന്നില്ല.
Content Highlights: Sharath S. Nair, a 25 crore Onam Bumper lottery winner, shares his joy of hitting the jackpot with his very first bumper ticket. Read his story!