പതിവുപോലെ കോടീശ്വരനെത്തി, ഗോഡൗണിലെ ഷട്ടറുയര്‍ത്താന്‍...

#ഉണ്ണികൃഷ്ണന്‍ നെട്ടൂര്‍
ഓണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ച തുറവൂര്‍ സ്വദേശി ശരത് എസ്. നായര്‍ | Photo: Screengrab/ MBI News
ഓണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ച തുറവൂര്‍ സ്വദേശി ശരത് എസ്. നായര്‍ | Photo: Screengrab/ MBI News

നെട്ടൂര്‍: പതിവുപോലെ തിങ്കളാഴ്ച രാവിലെ എട്ടരയോടെ നെട്ടൂരിലെ നിപ്പോണ്‍ പെയിന്റ് ഗോഡൗണില്‍ ശരത്ത് എത്തി. നാടുമുഴുവന്‍ ആകാംക്ഷയോടെ കാത്തിരുന്ന കോടീശ്വരനെത്തിയത് യാതൊരുവിധ ഭാവമാറ്റങ്ങളും ഇല്ലാതെയായിരുന്നു.

സാധാരണ തുറവൂരില്‍നിന്ന് ബസ് കയറി നെട്ടൂര്‍ ഐഎന്‍ടിയുസി ജങ്ഷനില്‍ ഇറങ്ങി, താന്‍ ടിക്കെറ്റെടുത്ത ലോട്ടറിക്കടയുടെ മുന്നിലൂടെ നടന്നാണ് ജങ്ഷനില്‍നിന്ന് മുന്നൂറു മീറ്റര്‍ മാറിയുള്ള ഗോഡൗണിലേക്ക് ശരത്ത് എത്തുക. തിങ്കളാഴ്ച സഹോദരന്റെ ബൈക്കിലാണ് എത്തിയത്. അപ്പോഴും തന്നെ തിരയുന്ന ക്യാമറക്കണ്ണുകളുടെ മുന്നിലൂടെ തനിക്ക് ടിക്കറ്റ് നല്‍കിയ ഏജന്റിനെ നോക്കി പുഞ്ചിരിച്ചാണ് ശരത്ത് ഗോഡൗണിലേക്ക് നീങ്ങിയത്.

പതിവുപോലെ ഗോഡൗണിലെത്തി ഷട്ടര്‍ ഉയര്‍ത്തി. പിന്നെ ഒരു മണിക്കൂര്‍കൊണ്ട് താന്‍ ചെയ്യേണ്ട അത്യാവശ്യ ജോലികളെല്ലാം പൂര്‍ത്തിയാക്കി. വീട്ടില്‍ പോകേണ്ട അത്യാവശ്യമുണ്ട് എന്നു പറഞ്ഞ് സഹോദരനൊപ്പം ബൈക്കില്‍ തന്നെ മടങ്ങി. പിന്നീട് മാധ്യമ വാര്‍ത്തകളിലൂടെയാണ് എല്ലാവരും അന്വേഷിച്ച ആ ഭാഗ്യവാന്‍ ശരത്താണെന്ന് തങ്ങളും അറിഞ്ഞതെന്ന് ഗോഡൗണിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഗോപകുമാര്‍ പറഞ്ഞു.

തുടര്‍ന്ന് ഗോഡൗണ്‍ മാനേജര്‍ ശരത്തിനെ ഫോണില്‍ ബന്ധപ്പെട്ടു. 'സര്‍, ഞാന്‍ ബാങ്കിലാണ്. നാളെ വന്ന് എല്ലാവരെയും കാണാം' എന്ന് മറുപടി കിട്ടി. അപ്പോഴേക്കും ശരത്തിന്റെ വിവരങ്ങള്‍ തേടി ഗോഡൗണിലേക്ക് മാധ്യമങ്ങളും നാട്ടുകാരും ഒഴുകിയെത്തി. ഗോഡൗണ്‍ ജീവനക്കാര്‍ വിവരങ്ങള്‍ പങ്കിട്ടു.

Content Highlights: A lottery winner, Sharath, calmly returned to his job at a Nippon Paint godown in Nettur after his big win. He arrived as usual, completed his tasks, and left, surprising everyone with his grounded demeanor.