രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി വേണം; കോൺഗ്രസ് നേതൃത്വത്തിന് വനിതാ മാധ്യമപ്രവർത്തകരുടെ കത്ത്

#ന്യൂസ് ഡെസ്ക്
രാഹുൽ മാങ്കൂട്ടത്തിൽ, മാധ്യമപ്രവർത്തകരുടെ കത്ത്
രാഹുൽ മാങ്കൂട്ടത്തിൽ, മാധ്യമപ്രവർത്തകരുടെ കത്ത്

തിരുവനന്തപുരം: പാലക്കാട് മുൻ എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതികളിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് വനിതാ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ നെറ്റ്‌വർക്ക് ഓഫ് വുമൺ ഇൻ മീഡിയ ഇന്ത്യ. എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കാണ് കത്ത് അയച്ചിരിക്കുന്നത്.

കത്തിൽ രാഹുലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സംഘടന ഉന്നയിച്ചിരിക്കുന്നത്. 2025 ഡിസംബറിൽ പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട ഇയാൾക്കെതിരെ ലൈംഗിക അതിക്രമം, ബലാത്സംഗം, ക്രൂരമായ ശാരീരിക മർദ്ദനം, നിർബന്ധിത ഗർഭച്ഛിദ്രം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ പരാതികൾ നിലവിലുണ്ടെന്ന് കത്തിൽ പറയുന്നു.

അധികാര ദുർവിനിയോഗം നടത്തിയും ഇരകളുടെ വ്യക്തിജീവിതത്തിലെ ദുർബലാവസ്ഥ ചൂഷണം ചെയ്തുമാണ് ഇയാൾ അതിക്രമങ്ങൾ നടത്തിയതെന്ന് കത്തിൽ ആരോപിക്കുന്നു. ശാരീരികവും മാനസികവുമായ പീഡനങ്ങൾ കൂടാതെ, ഇരകളെ ഭീഷണിപ്പെടുത്താനായി നഗ്നദൃശ്യങ്ങൾ പകർത്തി ദുരുപയോഗം ചെയ്തതായും പരാതിയിലുണ്ട്. ഇതിനായി ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ ഇതുവരെ കണ്ടെത്താത്തത് ഇരകൾക്ക് വലിയ ഭീഷണിയാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.

രാഹുലിന്റെ പെരുമാറ്റത്തിൽ സമാനമായ രീതിയിലുള്ള ക്രൂരതകൾ അനുഭവിക്കേണ്ടിവന്ന നിരവധി സ്ത്രീകൾ ഉണ്ടെന്നും എന്നാൽ ഭയം മൂലമാണ് പലരും പരാതിയുമായി വരാത്തതെന്നും കത്തിൽ പറയുന്നു. നിലവിൽ ജാമ്യത്തിലിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി പാർട്ടി പ്രവർത്തകർ ഇരകളെ സൈബർ ഇടങ്ങളിൽ വേട്ടയാടുകയാണെന്നും ഇത് സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണെന്നും എൻ.ഡബ്ല്യു.എം.ഐ. ആരോപിച്ചു.

പരാതി നൽകിയ സ്ത്രീകൾക്കെതിരെയുള്ള ആസൂത്രിതമായ സൈബർ ആക്രമണവും വ്യക്തിഹത്യയും അവസാനിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ഉടൻ ഇടപെടണമെന്നാണ് പ്രധാന ആവശ്യം. സൈബർ ആക്രമണം നടത്തുന്ന പാർട്ടി പ്രവർത്തകർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ കോൺഗ്രസിന്റെ നിലപാട് പരസ്യമായി വ്യക്തമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

പോഷ് നിയമപ്രകാരം പാർട്ടിയിൽ ഉടൻ തന്നെ ഒരു സമിതി രൂപീകരിക്കണമെന്നും കത്തിൽ നിർദ്ദേശമുണ്ട്. ഇരകൾക്ക് നിയമസഹായവും സുരക്ഷയും നൽകാൻ എ.ഐ.സി.സി. തലത്തിൽ പ്രത്യേക സംവിധാനം വേണമെന്നും സംഘടന ആവശ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിലിന് പാർട്ടിയുടെ വേദികളിലോ സോഷ്യൽ മീഡിയയിലോ യാതൊരുവിധ സംരക്ഷണവും നൽകരുതെന്നും നേതൃത്വത്തോട് എൻ.ഡബ്ല്യു.എം.ഐ. ആവശ്യപ്പെട്ടു.

Content Highlights: NWMI writes to the Congress high command demanding action against Rahul Mankootathil., The letter details serious allegations including sexual assault, rape, physical abuse, and threats., It calls for disciplinary action against party workers involved in cyberattacks on the victims., The organization demands the formation of a POSH committee and legal support for the victims.