കോഴിക്കോട്ട് സമരംചെയ്യുന്ന നേഴ്സുമാരെ മാനേജ്മെന്റ് പൂട്ടിയിട്ടെന്ന് പരാതി; പ്രതിഷേധം

#സ്വന്തം ലേഖകൻ
ആശുപത്രിക്കു മുന്നിൽ നേഴ്സുമാർ പ്രതിഷേധിക്കുന്നു
ആശുപത്രിക്കു മുന്നിൽ നേഴ്സുമാർ പ്രതിഷേധിക്കുന്നു

കോഴിക്കോട്: ശമ്പള വർധന ആവശ്യപ്പെട്ട് സമരംചെയ്യുന്ന നേഴ്സുമാരെ  മാനേജ്മെൻ്റ് മുറിയിൽ പൂട്ടിയിട്ടതായി പരാതി. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ നേഴ്സുമാരെയാണ് അധികൃതർ മുറിയിൽ പൂട്ടിയിട്ടത്. തുടർന്ന് നേഴ്സുമാരുടെ സംഘടനാ പ്രവർത്തകർ ആശുപത്രിക്ക് മുന്നിലെത്തി പ്രതിഷേധിച്ചു.

തിങ്കളാഴ്ച രാവിലെയാണ് സമരംചെയ്യുന്ന 25-ഓളം നേഴ്സുമാരെ ക്ലാസിൽ പങ്കെടുക്കണം എന്നുപറഞ്ഞ് അധികൃതർ മുറിയിലേക്ക് വിളിച്ചത്. മുറിയിലെത്തിയ നേഴ്സുമാരെ ജോലിചെയ്യാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും കയ്യേറ്റംചെയ്യാൻ ശ്രമിച്ചതായും ആശുപത്രിയിലെ നേഴ്സുമാരുടെ സംഘടനാ പ്രസിഡൻറ് മുനീർ ചൂണ്ടിക്കാട്ടുന്നു.

പുതുതായി ജോലിക്ക് കയറിയ നേഴ്സുമാരെയാണ് അധികൃതർ ക്ലാസ് ഉണ്ടെന്നും പറഞ്ഞ് വിളിച്ചുവരുത്തുകയും പൂട്ടിയിടുകയും ചെയ്തത്. ഇതറിഞ്ഞ് കോഴിക്കോട് സിവിൽ സ്റ്റേഷന് മുൻപിൽ സമരംചെയ്യുകയായി സംഘടനാ പ്രവർത്തകർ ആശുപത്രിക്ക് മുന്നിലേക്ക് എത്തുകയും പ്രതിഷേധിക്കുകയും ചെയ്തു.

സമരം സംബന്ധിച്ച് നേരത്തെ നോട്ടീസ് നൽകിയതാണ്. എന്നാൽ, വീട്ടുകാരെ അടക്കം വിളിച്ച് ഭീഷണിപ്പെടുത്തുകയാണ് മാനേജ്മെൻറ് ചെയ്തതെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി. കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ തിങ്കളാഴ്ച സമ്പൂർണ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗങ്ങൾ അടക്കം പ്രവർത്തിക്കുന്നില്ല.

Content Highlights: Allegations of management locking up striking nurses at Baby Memorial Hospital., Nurses were reportedly coerced and threatened to resume work., Protests erupted outside the hospital following the incident., Complete strike declared in private hospitals across Kozhikode district.