നായർ-ഈഴവ ഐക്യം: ജാതിസെൻസസ് മുതൽ രാഷ്ട്രീയംവരെ കടമ്പകളേറെ

#കെ.എ. ബാബു
ജി. സുകുമാരൻ നായര്‍, വെളളാപ്പള്ളി നടേശൻ
ജി. സുകുമാരൻ നായര്‍, വെളളാപ്പള്ളി നടേശൻ

ആലപ്പുഴ: നായർ-ഈഴവ ഐക്യത്തിനു വീണ്ടും എസ്എൻഡിപി യോഗം, എൻഎസ്എസ് നേതൃത്വങ്ങൾ തയ്യാറെടുക്കുമ്പോൾ മുന്നിൽ പ്രതിസന്ധികളേറെ. വിരുദ്ധമായ രാഷ്ട്രീയനിലപാടും സംവരണംമുതൽ ജാതി സെൻസസുവരെയുള്ള പ്രശ്നങ്ങളിലെ അഭിപ്രായവ്യത്യാസവും ഇതിൽ പ്രധാനമാണ്.

എൻ‌എസ്എസിനു രാഷ്ട്രീയകാര്യത്തിൽ സമദൂരമാണു നയം, ഒരു മുന്നണിക്കും പ്രത്യക്ഷമായി പിന്തുണ നൽകുന്നില്ല. എന്നാൽ, പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ആവർത്തിക്കുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇടതുപക്ഷത്തോടുള്ള ചായ്‌വ് വ്യക്തമാക്കുകയും ചെയ്യുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രസിഡന്റായ ബിഡിജെഎസ്, ബിജെപി നയിക്കുന്ന എൻഡിഎയിൽ ഘടകകക്ഷിയുമാണ്.

മുന്നണിയേതായാലും ഭൂരിപക്ഷസമുദായങ്ങൾക്ക് അർഹമായ പ്രാതിനിധ്യം വേണമെന്നതാണ് ഇരുവർക്കും ഒന്നിച്ച് ആവശ്യപ്പെടാവുന്ന ഒരുകാര്യം. നായാടിമുതൽ നമ്പൂതിരിവരെയുള്ള ഐക്യം പറയുമ്പോഴും ഓരോ വിഭാഗത്തിന്റെയും ആവശ്യങ്ങളും പ്രശ്നങ്ങളും വ്യത്യസ്തമാണ്. നായാടിമുതൽ നസ്രാണിവരെയുള്ളവരുടെ ഐക്യം മുന്നോട്ടുവെക്കുന്ന എസ്എൻഡിപിയോഗം നിലപാട് എൻഎസ്എസിനു സ്വീകാര്യമാകുമോയെന്നതിലും വ്യക്തതവരേണ്ടതുണ്ട്. ജാതി സെൻസസ് വേണമെന്ന നിലപാടിലാണു എസ്എൻഡിപിയോഗം. എന്നാൽ, സമൂഹത്തിൽ ഭിന്നതയുണ്ടാകുമെന്നതിനാൽ ഇതാവശ്യമില്ലെന്ന നിലപാടിലാണു എൻഎസ്എസ്. അതുപോലെ, മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണംനൽകുന്നത് സംവരണത്തിൽ വെള്ളം ചേർക്കുന്നതാണെന്നാണ് എസ്എൻഡിപി പറയുന്നത്. എന്നാൽ, നിലവിലുള്ള സംവരണം അട്ടിമറിക്കാതെ സവർണവിഭാഗങ്ങൾക്ക് നൽകുന്ന ചെറിയ ആശ്വാസമാണിതെന്നാണ് എൻഎസ്എസ് നിലപാട്.

മുൻപ്‌ സുകുമാരൻനായരും വെള്ളാപ്പള്ളി നടേശനും ചേർന്നുണ്ടാക്കിയ ഐക്യം തകർന്നതിന് കാരണമായതിൽ മുന്നാക്ക സംവരണത്തെച്ചൊല്ലിയുള്ള തർക്കവുമുണ്ടായിരുന്നു. ഇപ്പോഴിത് നടപ്പായ അവസ്ഥയിലായതിനാൽ എസ്എൻഡിപി യോഗത്തിന്റെ എതിർപ്പ് മയപ്പെടാനാണ് സാധ്യത.

Content Highlights: nss sndp stance caste census politics opinions