നാട്ടിൽ സുപരിചിത; മാതാപിതാക്കളെ ജർമനിയിലേക്ക് കൊണ്ടുപോകാൻ കാത്തിരുന്ന നോവ, നോവായി മരണവാർത്ത

#ന്യൂസ് ഡെസ്ക്

കട്ടപ്പന: ജർമനിയിൽ അപ്പാർട്ട്‌മെന്റിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച ഇരട്ടയാർ ശാന്തിഗ്രാം സ്വദേശിനി നോവ(25)യെ കിളിയെന്നാണ് വീട്ടുകാരും സുഹൃത്തുക്കളും വിളിച്ചിരുന്നത്. ‘കിളി ഞങ്ങളെ വിട്ടുപോയെ’ന്ന നോവയുടെ അച്ഛൻ സാബുവിന്റെ വാക്കുകളിലെ വേദന ഏറ്റുവാങ്ങി ബന്ധുക്കളും സുഹൃത്തുക്കളും. അമ്മ ജ്യോതി, മരണവാർത്ത കേട്ടപ്പോൾ മുതൽ തളർന്നുകിടപ്പാണ്.

തിങ്കളാഴ്ച രണ്ടുതവണ നോവ വിളിച്ചിരുന്നു. മാതാപിതാക്കളെ ജർമനിയിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ചായിരുന്നു, കൂടുതൽ പറഞ്ഞത്. ഇതിനിടെ സഹോരൻ നോയലിന് ജോലിയിൽ ഉദ്യോഗക്കയറ്റം ലഭിച്ചതിന്റെ ആഹ്‌ളാദത്തിലുമായിരുന്നു കുടുംബം. അതിനിടയിലാണ് ദുരന്തവാർത്ത വന്നത്. നോയൽ കാനഡയിൽ ഹോട്ടൽ മേഖലയിലാണ് ജോലി. സഹോദരിയുടെ മരണമറിഞ്ഞ് വെള്ളിയാഴ്ച നാട്ടിലെത്തും.

റിട്ട.എസ്.ഐ.ആയിരുന്ന കെ.പി.സാബുവും ഭാര്യ ജ്യോതിയും വിസ ശരിയായാലുടൻ മകളുടെ അടുത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. സുഹൃത്തുക്കൾ താമസിക്കുന്ന അപ്പാർട്ടമെന്റിൽ അവരെ കാണാനായി പോയതാണ്, നോവ. അപ്പോഴാണ് അക്രമി കെട്ടിടത്തിന് തീവെച്ചത്.

നാട്ടിൽ സുപരിചിത

ബി.കോം പഠനത്തിനു ശേഷം ജിം ട്രെയ്നിങ് കോഴ്സ് പാസ്സായ നോവ ഇരട്ടയാറിലും വെള്ളയാംകുടിയിലും ജിം ട്രെയിനറായിരുന്നു. ആളുകൾക്ക് സുപരിചിത. എല്ലാവരോടും വളരെ സൗമ്യമായി ഇടപെടുന്ന പെൺകുട്ടി. മരണം ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്. ജൂലായ്‌ അഞ്ചിനാണ് നോവ ജർമനിയിലേക്ക് പോയത്. വിദേശത്ത് കരിയർ പടുത്തുയർത്തുക സ്വപ്‌നമായിരുന്നു. ജർമൻഭാഷ പഠിക്കാനും ജോലി നേടാനും ഏറെ കഷ്ടപ്പെട്ടിരുന്നു.

മൃതദേഹം നാട്ടിലെത്തിക്കും

വലിയ സൗഹൃദവലയം സൃഷ്ടിക്കുന്ന ആളായിരുന്നു നോവ. എന്നാൽ ജർമനിയിലെത്തിയിട്ട് നാലു മാസമേ ആയിരുന്നുള്ളു എന്നതിനാൽ പ്രവാസി മലയാളികൾക്കും സംഘടനകൾക്കും നോവയെ പരിചയമുണ്ടായിരുന്നില്ല. ഇത് മരണശേഷമുള്ള നടപടിക്രമങ്ങൾ വൈകിപ്പിച്ചു. ഇതിനിടെ ബന്ധുക്കളുടെ അഭ്യർഥനപ്രകാരം ഡീൻ കുര്യാക്കോസ് എം.പി. ഇടപ്പെട്ടത് നടപടികൾ വേഗത്തിലാക്കാൻ സഹായകമായി. ബുധനാഴ്ച വൈകീട്ടോടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ജർമനിയിലെ നടപടികൾ പൂർത്തിയാകും. എന്നാൽ എന്ന് നാട്ടിലെത്തിക്കാനാകും എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നുണ്ട്.