മറിയം റഷീദയുമായി ബന്ധമില്ല, ഉറപ്പിച്ച് പറയാം; കസ്റ്റഡികാലം ഓര്‍ക്കാന്‍ ഇഷ്ടമല്ല- നമ്പി നാരായണന്‍

നമ്പി നാരായണൻ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി
നമ്പി നാരായണൻ | ഫോട്ടോ: എസ്. ശ്രീകേഷ് \ മാതൃഭൂമി

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ. ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന സി.ബി.ഐ. കുറ്റപത്രം പുറത്തുവന്നതിനു പിന്നാലെ പ്രതികരിച്ച് നമ്പി നാരായണൻ. സത്യം പുറത്തുവരുമെന്ന് അറിയാമായിരുന്നു. മറിയം റഷീദയുമായി ഒരു ബന്ധവുമില്ലെന്ന് തനിക്ക് ഉറപ്പിച്ച് പറയാനാകുമെന്നും നമ്പി നാരായണൻ മാധ്യമങ്ങളോട് പറഞ്ഞു.

ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മറ്റ് ആരോ തെറ്റ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാണ്. ആരാണ് യഥാര്‍ഥ തെറ്റുകാരന്‍ എന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് പോരാടിയത്. 24 വര്‍ഷം അതിന് വേണ്ടിയാണ് പൊരുതിയതും. 2018-ലെ വിധിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കുറ്റപത്രം വന്നിരിക്കുന്നത്. 

എനിക്ക് ഈ വിഷയത്തിലുള്ള താത്പര്യം പോയി. കുറ്റപത്രം കാണാന്‍ പറ്റിയിട്ടില്ല. അത് കാണാതെ എന്തു പറയാനാണ്. ഒരാഴ്ച മുമ്പ് ഈ വാര്‍ത്ത വന്നപ്പോഴും ഇതേ കാര്യമാണ് പറഞ്ഞത്. പല നല്ല കാര്യങ്ങളും നമ്മൾ ഓര്‍ക്കാന്‍ ഇഷ്ടപ്പെടും. കസ്റ്റഡി കാലം ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന നല്ല കാര്യമല്ല. അറസ്റ്റ് ചെയ്ത് കൈകാര്യം ചെയ്യുന്നത് പിടിച്ചുനിൽക്കാൻ കുറച്ച് പാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഐ.എസ്.ആര്‍.ഒ. ചാരക്കേസ് കെട്ടിച്ചമച്ചതാണെന്നാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ച് മുന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന എസ്. വിജയന്‍ ഹോട്ടൽ റെയ്ഡ് ചെയ്യുന്നതിനിടെയാണ് മറിയം റഷീദയെ കാണുന്നത്. വിജയന്‍ മറിയം റഷീദയെ കടന്നുപിടിച്ചത് എതിര്‍ത്തതിലുള്ള പ്രതികാരത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും കുറ്റപത്രത്തിൽ പറയുന്നു.

Content Highlights: not related to mariyam rasheeda, dont want to remember time in custody says nambi narayanan