നോർക്ക കെയർ പ്ലസ്: പ്രവാസികൾക്കും കുടുംബത്തിനും ഒരു കോടിവരെ ഇൻഷുറൻസ്; അംഗമാകാൻ ഒരുമാസം

തിരുവനന്തപുരം: കേരളീയരായ പ്രവാസികൾക്കും കുടുംബത്തിനും നോർക്ക റൂട്‌സ് വഴി നടപ്പാക്കുന്ന ഒരുകോടി രൂപവരെ ചികിത്സാസഹായം കിട്ടുന്ന നോർക്ക കെയർ പ്ലസിൽ അംഗമാകാൻ വീണ്ടും അവസരം. ഓഗസ്റ്റ് 18മുതൽ സെപ്റ്റംബർ 18വരെയാണ് അംഗത്വമെടുക്കാനുള്ള സമയം. നോർക്ക പ്രവാസി, സ്റ്റുഡന്റ്‌സ് (വിദേശത്ത്), എൻ.ആർ.കെ. എന്നീ ഐ.ഡി. കാർഡുള്ളവർക്ക് നോർക്ക കെയർപ്ലസിൽ ചേരാമെന്ന് സി.ഇ.ഒ. രാജേഷ് മാധവൻ പത്രസമ്മേളനത്തിൽ പറഞ്ഞു. അംഗങ്ങളെ ചേർക്കൽ 18-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
ഇതരസംസ്ഥാനങ്ങളിലും വിദേശങ്ങളിലുമുള്ള പ്രവാസി കേരളീയർക്കും കുടുംബാംഗങ്ങൾക്കുമുള്ള സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതികളാണ് നോർക്ക കെയറും കെയർ പ്ലസും. പ്രവാസികളുടെ ആവശ്യത്തെത്തുടർന്നാണ് വീണ്ടും അംഗങ്ങളെ ചേർക്കുന്നത്. അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷത്തിന്റെ അപകടപരിരക്ഷയുമാണ് കെയറിൽ കിട്ടുന്നത്. ആദ്യഘട്ടത്തിൽത്തന്നെ 136 രാജ്യങ്ങളിലുള്ള 1,32,034 പോളിസികളിലൂടെ അഞ്ചുലക്ഷത്തോളം പേർക്കാണ് പ്രയോജനം.
മാർച്ച്-ഏപ്രിൽ മാസങ്ങളിലായി കെയർ പ്ലസിൽ 32,000 കുടുംബങ്ങളാണ് ചേർന്നത്. അഞ്ചുലക്ഷംമുതൽ ഒരുകോടിവരെ ഏഴ് സ്ലാബിലാണ് പരിരക്ഷ. പോളിസി ഉടമയുടെയോ പങ്കാളിയുടെയോ 80 വയസ്സുവരെയുള്ള മാതാപിതാക്കളെയും ഇതിൽ ഉൾപ്പെടുത്താമെന്ന് ജനറൽ മാനേജർ പ്രകാശ് പി. ജോസഫ്, ഇൻഷുറൻസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥ കെ. രമണി എന്നിവർ വിശദീകരിച്ചു. കേരളത്തിലെ 618 ഉൾപ്പെടെ രാജ്യത്തെ 24,000 ആശുപത്രികളിലാണ് ക്യാഷ്‌ലെസ് ചികിത്സ. രണ്ടു സുരക്ഷാപദ്ധതികളിലെ 31660 ക്ലെയിമുകളിലായി 227 കോടി രൂപയുടെ ആനുകൂല്യമാണ് നൽകിയത്.
Content Highlights: Registration open from August 18 to September 18, 2026., Provides up to Rs 1 crore medical and accident insurance coverage., Available for Norka ID card holders and their families, including parents up to 80 years., Cashless treatment available in 24,000 hospitals across the country.