മന്ത്രി ഗണേഷ്‌കുമാറിന്റെ 'നോ പാര്‍ക്കിങ്' ബോര്‍ഡിന് പുല്ലുവില; നശിപ്പിച്ച് കടയുടമയും ജീവനക്കാരും

കൊച്ചി: ആലുവയില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം സ്ഥാപിച്ച 'നോ പാര്‍ക്കിങ് ബോര്‍ഡ്' നശിപ്പിച്ച് കടയുടമ. കടയ്ക്ക് മുന്‍പിലായി സ്ഥാപിച്ച ബോര്‍ഡ് കടയുടമയും ജീവനക്കാരും ചേര്‍ന്നാണ് മാറ്റിയത്.
ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തിനു ശേഷം നെടുമ്പാശ്ശേരിയിലേക്ക് പോകുന്ന വഴിയില്‍ ഗുരുതര ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. ആ ഭാഗത്ത് കടയുള്ളതുകൊണ്ട് ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാറുണ്ട്. വീതികുറഞ്ഞ റോഡായതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയും ചെയ്യാറുണ്ട്. അതിനാല്‍ ഫ്രീ ലെഫ്റ്റ് സുഗമമാക്കുന്നതിനുവേണ്ടിയാണ് 'നോ പാര്‍ക്കിങ് ബോര്‍ഡ്' സ്ഥാപിക്കാന്‍ മന്ത്രി നിര്‍ദേശിച്ചത്.
നേരത്തെ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ സ്ഥലം സന്ദര്‍ശിക്കുകയും ഗതാഗത പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി വിവിധ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പും പോലീസും ചേര്‍ന്നാണ് പ്രദേശത്ത് ബോര്‍ഡ് സ്ഥാപിച്ചത്. ബോർഡ് നീക്കംചെയ്ത സംഭവത്തില്‍ പോലീസ് നടപടി സ്വീകരിക്കുമെന്നാണ് വിവരം.
Content Highlights: no parking board installed on the direction of minister kb ganesh kumar destructed