ബസ് സ്റ്റാന്‍ഡിന് ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നല്‍കിയില്ല; ആര്‍ഡിഒയുടെ വാഹനം ജപ്തി ചെയ്തു

കോടതി ജപ്തിചെയ്ത ഇരിങ്ങാലക്കുട ആര്‍.ഡി.ഒ.യുടെ വാഹനം
കോടതി ജപ്തിചെയ്ത ഇരിങ്ങാലക്കുട ആര്‍.ഡി.ഒ.യുടെ വാഹനം

ഇരിങ്ങാലക്കുട: പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിനുവേണ്ടി നഗരസഭ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടുള്ള നഷ്ടപരിഹാരത്തുക ലഭിക്കാത്തതിനെതിരേ വ്യക്തികള്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍വാഹനങ്ങള്‍ ജപ്തിചെയ്യാന്‍ കോടതി ഉത്തരവിട്ടു.

ഇതിന്റെ അടിസ്ഥാനത്തില്‍ മുകുന്ദപുരം ആര്‍.ഡി.ഒ.യുടെ ഔദ്യോഗികവാഹനമായ സ്‌കോര്‍പ്പിയോ കോടതി അധികൃതര്‍ ജപ്തിചെയ്തു. നടുവത്തുപറമ്പില്‍ ഗണേശന്‍ ചെട്ടിയാര്‍, വെമ്പനാട്ട് മാലതിയമ്മ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ സബ് കോടതി ജഡ്ജ് കെ. ഷൈന്‍ നഷ്ടപരിഹാരത്തുക ഈടാക്കുന്നതിനായി സര്‍ക്കാര്‍വാഹനങ്ങള്‍ ജപ്തിചെയ്യാന്‍ ഉത്തരവിട്ടത്.

1977-ലാണ് നഗരസഭ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിനുവേണ്ടി ഗണേശന്‍ ചെട്ടിയാരുടെയും വെമ്പനാട്ട് മാലതിയമ്മയുടെയും 28 സെന്റ് സ്ഥലം ഏറ്റെടുത്തത്. രണ്ടുപേര്‍ക്കുമായി 25 ലക്ഷം രൂപയാണ് നഗരസഭ നഷ്ടപരിഹാരം ഇനത്തില്‍ നല്‍കാനുള്ളത്. എന്നാല്‍, ഇതുവരെയും പൂര്‍ണമായ നഷ്ടപരിഹാരം ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. നഷ്ടപരിഹാരത്തുക കെട്ടിവെക്കാന്‍ നഗരസഭയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും തുക കെട്ടിവെച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ഇരുവരും കോടതിയെ സമീപിച്ചത്.

സര്‍ക്കാര്‍വാഹനങ്ങള്‍ ജപ്തിചെയ്യാന്‍ വിധിനടപ്പ് ഹര്‍ജിയില്‍ കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ മുകുന്ദപുരം ആര്‍.ഡി.ഒ.യുടെ വാഹനം ജപ്തിചെയ്തത്. മുകുന്ദപുരം തഹസില്‍ദാറുടെ ഔദ്യോഗികവാഹനവും ജപ്തിചെയ്യാന്‍ ഉത്തരവായിട്ടുണ്ടെങ്കിലും വാഹനം സ്ഥലത്തില്ലാത്തതിനാല്‍ ഉത്തരവ് നടപ്പാക്കാനായില്ല. ഹര്‍ജിക്കാര്‍ക്കുവേണ്ടി പോളി ജെ. അരിക്കാട്ട് ഹാജരായി.

Content Highlights: No compensation paid; The official vehicle of the RDO has been confiscated

Content Highlights: