ജി.വേണുഗോപാൽ മാധ്യമ പുരസ്കാരം നിലീന അത്തോളിക്ക്

നിലീന അത്തോളി
നിലീന അത്തോളി

കോട്ടയം : പ്രമുഖ മാധ്യമ പ്രവർത്തകനും മംഗളം ദിനപത്രം ന്യൂസ് എഡിറ്ററുമായിരുന്ന  ജി.വേണുഗോപാലിൻ്റെ സ്മരണാർഥം  കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരത്തിനു മാതൃഭൂമി ഓൺലൈൻ കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റർ നിലീന അത്തോളി അർഹയായി. മികച്ച രാഷ്ട്രീയ റിപ്പോർട്ടിനാണ് പുരസ്കാരം നൽകുന്നത്.

ലക്ഷദ്വീപിലെ  തദ്ദേശീയരായ പൗരന്മാർ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ രാഷ്ട്രീയചിത്രം അനാവരണം ചെയ്ത് മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച രക്ഷയില്ലല്ലോ ലക്ഷദ്വീപിന് എന്ന പരമ്പരയാണു നിലീനയെ പുരസ്കാരത്തിന് അർഹയാക്കിയത്. 15,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 

ഓൺലൈനിൽ പ്രസിദ്ധീകരിച്ച പരമ്പരയുടെ പൂർണ്ണ രൂപം വായിക്കാം- രക്ഷയില്ലാതെ ലക്ഷദ്വീപ്

മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ് പൊടിപാറ, ദീപിക ചീഫ് ന്യൂസ് എഡിറ്റർ സി.കെ.കുര്യാച്ചൻ , രാഷ്ട്രീയ നിരീക്ഷകൻ നിസാം സെയ്ത് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്. ജനുവരിയിൽ കോട്ടയത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

രാംനാഥ് ഗോയങ്ക പുരസ്കാരം, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ അവാർഡ്, നാഷണൽ മീഡിയ അവാർഡ്, ലാഡ്ലി മീഡിയ അവാർഡ്, സംസ്ഥാന സർക്കാർ മാധ്യമ അവാർഡ് തുടങ്ങീ ഒട്ടേറെ പുരസ്കാരങ്ങൾ നിലീനക്ക് ലഭിച്ചിട്ടുണ്ട്.

Content Highlights: Nileena atholi ,Kottayam press club,G Venugopal media award,Rakshayillathe Lakshadweep series