തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റ അലി അക്ബർ
പുതിയ അഡ്മിനിസ്ട്രേറ്ററായുള്ള പ്രഫുൽ പട്ടേലിന്റെ വരവോടെ ലക്ഷ്വദ്വീപില്‍ നിന്ന് പിരിച്ചുവിടപ്പെട്ട 3000ത്തോളം പേരില്‍ വലിയൊരു വിഭാഗം വിദ്യഭ്യാസ മേഖലയില്‍ നിന്നുള്ളവരാണ്. അധ്യാപക ജോലി നഷ്ടപ്പെട്ട് കോഴിക്കോട് ജിം പരിശീലകയായി വഴിമാറേണ്ടി വന്ന 32കാരി, സംഗീത അധ്യാപന ജോലി നഷ്ടപ്പെട്ട് തെങ്ങ് കയറ്റത്തിനു പോകേണ്ടി വന്ന അലി അക്ബര്‍ എന്നിങ്ങനെ പോകുന്നു ചില അധ്യാപക ജീവിതങ്ങള്‍. സ്‌കൂളുകളിലെ കൂട്ട പിരിച്ചുവിടലിന് ശേഷം പുതിയ അധ്യാപകരെത്തിയപ്പോള്‍ അക്കാദമിക വര്‍ഷത്തിന്റെ പകുതികഴിഞ്ഞിരുന്നു. അധ്യാപകരുടെ കുറവ് കാരണം നേരത്തെ ആഴ്ചയില്‍ 26 പീരീഡ് ഒരു ടീച്ചര്‍ ക്ലാസ്സെടുത്തിരുന്നത് ഇപ്പോൾ 33 പിരീഡ് എന്ന അവസ്ഥയിലേക്ക് വരെ എത്തി. സിലബസ് പഠനത്തിന് പുറമെയുള്ള നൈപുണി വികാസത്തിനായുള്ള സകല കോണ്‍ട്രാക്ട് അധ്യാപകരെയും അഡ്മിനിസ്ട്രേഷന്‍ പിരിച്ചു വിട്ടു.
'ഡ്രോയിങ്ങ് ക്ലാസ് എടുക്കാനാണ് സ്‌കൂള്‍ ആവശ്യപ്പെടുന്നത്. ഭാഷാ അധ്യാപികയായ ഞാനെങ്ങനെ ഡ്രോയിങ് പഠിപ്പിക്കും', പേര് വെളിപ്പെടുത്താന്‍ ഭയമുള്ള അധ്യാപിക മാതൃഭൂമിയോട് പറഞ്ഞു. തുന്നലും കയറുപിരി പോലുള്ള നൈപുണി വികാസ പാഠങ്ങള്‍ പഠിപ്പിക്കാനും മിക്ക സ്‌കൂളുകളിലും ഇപ്പോള്‍ അധ്യാപകരില്ല.
ദ്വീപിലെ സ്‌കൂളില്‍ 11 വര്‍ഷമായി സംഗീത അധ്യാപകനായിരുന്നു അലി അക്ബര്‍. പൊടുന്നനെ ഒരു ദിവസമാണ് പിരിച്ചുവിടപ്പെട്ടത്. ജീവിതം പുലര്‍ത്താന്‍ തെങ്ങ് കയറ്റം പഠിച്ച് അത് തൊഴിലായി സ്വീകരിക്കുകയായിരുന്നു. എന്നാല്‍ ഒരു മാസം മുമ്പാണ് തെങ്ങ് കയറ്റത്തിനിടെ താഴെ വീണ് എല്ലൊടിഞ്ഞത്. ഇപ്പോൾ ജോലി ചെയ്യാനാവാതെ കിടപ്പിലാണ്. 'ഈ കൈകൊണ്ട് ഒരു പണിയും എടുക്കാനാവില്ല. ജീവിതത്തിന്റെ ഒരു വലിയ ഭാഗം ചിലവഴിച്ച അധ്യാപനജോലിയുണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോവുകയാണ്", അലി വേദനയോടെ പറഞ്ഞു നിര്‍ത്തി.

തെങ്ങ് കയറ്റത്തിന് പോയി കൈ ഒടിഞ്ഞ അവസ്ഥയിൽ
കവരത്തി ദ്വീപിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ നിലവില്‍ ആറ് മുതല്‍ 10 വരെയുള്ളവര്‍ക്ക് ഒരു മലയാളം അധ്യാപികയാണുള്ളത്. അധ്യാപകര്‍ക്കുള്ള അമിത സമ്മര്‍ദ്ദം ക്വാളിറ്റി ഓഫ് എജുക്കേഷനെ ബാധിക്കുന്നുവെന്ന് അധ്യാപകരും തിരിച്ചറിയുന്നു. ഒരു അധ്യാപിക മാത്രമുള്ള സ്‌കൂളില്‍ ആഴ്ചയില്‍ 60 പിരീഡ് വരെ ക്ലാസ് എടുക്കേണ്ട ദുരിതാവസ്ഥയിലെത്തിയതിനാല്‍ ഒരു നിവൃത്തിയുമില്ലാതെ അറബി ടീച്ചറാണ് ഇപ്പോള്‍ ചില ഡിവിഷനുകളിലെ കുട്ടികളെ മലയാളം പഠിപ്പിക്കുന്നത്. ആള്‍ക്ഷാമത്തെ തുടര്‍ന്ന് മൂന്നും നാലും തവണ ടൈം ടേബിള്‍ മാറ്റേണ്ടി വന്ന സ്‌കൂളുകളുമുണ്ട്.
കേരളത്തില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയായി സമുദ്രത്താല്‍ ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശമായിട്ടും ഇവിടുത്തെ മനുഷ്യര്‍ മറ്റ് ദ്വീപ് നിവാസികളുമായി താരതമ്യം ചെയ്യുമ്പോള്‍ അല്പം കൂടി ആധുനികരായത് ഇവര്‍ക്ക് ലഭിച്ച വിദ്യാഭ്യാസം കൊണ്ടാണ്. ഇന്ത്യയില്‍ സാക്ഷരതാ നിരക്കില്‍ കേരളം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനമാണ് ലക്ഷദ്വീപിന്. സ്‌കോളര്‍ഷിപ് നിഷേധം, വേണ്ടത്ര അധ്യാപകരില്ലായ്മ, വിദ്യാഭ്യാസമേഖലയില്‍ നിന്നുള്ള പിരിച്ചുവിടല്‍ എന്നിവയടക്കം വലിയ നീതി നിഷേധമാണ് ഇന്നീ മേഖലയില്‍.
വൃത്തിഹീനമായ വിദ്യാലയ അന്തരീക്ഷം
650 കുട്ടികളുള്ള സ്‌കൂളില്‍ മള്‍ട്ടി സ്‌കില്‍ എംപ്ലോയി ഇല്ലാത്തതിനാല്‍ കുട്ടികളുടെ ശുചിമുറി വൃത്തിയാക്കല്‍ മാസത്തിലൊരിക്കലാണ് നടക്കുന്നത്. അത് ചെയ്യുന്നതാവട്ടെ എന്‍എസ്എസ് കേഡറ്റുകളും. ഇതിനു പുറമെ ക്ലര്‍ക്കിന്റെയും പിയൂണിന്റെയും ജോലിയും അധ്യാപകർ തന്നെ ചെയ്യണം. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കുട്ടികളുടെ പഠനം. തത്കാലത്തേക്ക് 250 രൂപ വീതം അധ്യാപകര്‍ പിരിവെടുത്ത് തൂപ്പുകാരെ നിയമിച്ചിരിക്കുകയാണ് .
Also Read
സര്‍ക്കാരിന് നഷ്ടമെന്നാണ് ഇതിനെല്ലാമുള്ള അഡ്മിനിസ്ട്രേഷന്‍ വാദം. സേവനമേഖലയായ വിദ്യാഭ്യാസവും ആരോഗ്യരംഗവുമെല്ലാം ലാഭാധിഷ്ടിത മേഖലയാണ് പുതിയ അഡ്മിനിസ്ട്രേഷന്.
സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാതെ വിദ്യാര്‍ഥികള്‍
അഡ്മിനിസ്ട്രേറ്ററുടെ സ്പോണ്‍സര്‍ ലെറ്റര്‍ ഉണ്ടായിരുന്നെങ്കില്‍ സൗജന്യ വിദ്യാഭ്യാസം കേരളത്തില്‍ കിട്ടുമായിരുന്നു. അതില്‍ നയം മാറ്റം വന്നത് ദ്വീപിലെ കുട്ടികളുടെ ഉപരിപഠനത്തെ ബുദ്ധിമുട്ടിലാക്കി.സ്‌കോളര്‍ഷിപ് ലഭിക്കാത്തത് മൂലം ഉന്നതപഠനം നിര്‍ത്തിവെക്കേണ്ടി വരുന്നവരും ഉണ്ട് കൂട്ടത്തില്‍. പണ്ട് സ്റ്റേറ്റായിരുന്നു ഉപരിപഠനത്തിനായി കേരളത്തിലേക്ക് പോയിരുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് തുക നല്‍കിയിരുന്നത്. പുതിയ അഡമിനിസ്ട്രേഷന്‍ വന്നതോടെ സ്‌കോളര്‍ഷിപ്പിനപേക്ഷിക്കുന്നത് നാഷണല്‍ സ്‌കോളര്‍ഷിപ് പോര്‍ട്ടല്‍ (എന്‍എസ്പി) വഴിയാക്കിയത് ലക്ഷദ്വീപുവിദ്യാർഥികളെ സംബന്ധിച്ച് ഇരട്ടിഭാരമായി.
എൻഎസ്പി എന്തുകൊണ്ട് ദ്വീപുകാർക്ക് സഹായകമാകുന്നില്ല?
- ദ്വീപില്‍ ഇന്റര്‍നെറ്റ് പലയിടങ്ങളിലും ഇല്ലാത്തതിനാല്‍ എന്‍സ്പി വഴി അപേക്ഷിക്കല്‍ പലര്‍ക്കും അപ്രാപ്യമാണ്.
- പണ്ട് പഠിക്കുന്ന കോളേജിലേക്ക് ഫീസ് തുക നേരിട്ട് സ്റ്റേറ്റ് അടക്കുമായിരുന്നു. ഇപ്പോള്‍ റീ ഇംബേര്‍സ്മെന്റ് സിസ്റ്റം ആണ് എന്‍എസ്പി വഴിയുള്ളത്. ഫീസടക്കാന്‍ വീട്ടില്‍ കാശില്ലാത്ത കുട്ടികളില്‍ പലരും പഠനം ഉപേക്ഷിക്കാന്‍ ഇതു കാരണമായി. യഥാസമയം തുക അനുവദിക്കാത്തത് കാരണം പിജിക്ക് ചേരുമ്പോള്‍ ഡിഗ്രി ഫീസടച്ചില്ലെന്ന് പറഞ്ഞ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ട കുട്ടികള്‍ വരെയുണ്ട് ദ്വീപില്‍.
.jpg?$p=a1a9064&&q=0.8)
ഇതിനു പുറമെ ലക്ഷദ്വീപില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പിജി കോഴ്‌സുകളും അറബിക് ഡിഗ്രി കോഴ്‌സും നിര്‍ത്തലാക്കി . ദ്വീപിലെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണവും പുതിയ അഡ്മിനിസ്ട്രേഷന്‍ വെട്ടിക്കുറച്ചു.
കേരളത്തിലെ കോളേജുകളിലെ ദ്വീപ് കുട്ടികള്‍ക്കുള്ള സംവരണം പ്രോത്സാഹിപ്പിക്കാത്തിനെ കുറിച്ച് ചോദിച്ചാല്‍ അധികാരികളുടെ മറുപടി ദ്വീപില്‍ കോളേജുണ്ടല്ലോ എന്നാണ്. എന്നാല്‍ ദ്വീപില്‍ നിലവില്‍ സ്റ്റഡി സെന്റര്‍ മാത്രമേ ഉള്ളൂ എന്ന് പറയുന്നു റിട്ട ജില്ലാ പഞ്ചായത്ത് പിആര്‍ഒ വിഎം ഫത്തഹുള്ള. 'റഗുലര്‍ സ്റ്റാഫില്ലാത്ത, ട്യൂഷന്‍ സെന്റര്‍ നിലവാരമുള്ള സ്റ്റഡിസെന്റര്‍, കോളേജാണെന്ന് പറഞ്ഞ് ഭരണകൂടം ദ്വീപുകാരെ പറ്റിക്കുകയാണ്. ശരിയായ കോളേജിന്റെ അഭാവം കുട്ടികള്‍ക്ക് സാമൂഹിക വിദ്യാഭ്യാസത്തില്‍ വിള്ളലുണ്ടാക്കും. പണ്ട് യുജിസി സ്‌കെയിലിലുള്ള മികച്ച് ലക്ചേഴ്സിനെയാണ് നിയമിച്ചിരുന്നത്. ഇപ്പോള്‍ സ്ഥിതിഗതികളെല്ലാം മാറി', ഫത്തഹുള്ള പറയുന്നു.
കടമത്തിലും ആന്ത്രോത്തിലും അടക്കം കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴില്‍ സ്റ്റഡി സെന്റര്‍ ഉണ്ടായിരുന്നത് നിലവില്‍ പോണ്ടിച്ചേരി സര്‍വ്വകലാശാലയുടെ കീഴിലാക്കിയതും വിദ്യാര്‍ഥികള്‍ക്ക് വലിയ തിരിച്ചടിയാണ്. ഇത്രനാളും ദ്വീപിലെ കുട്ടികള്‍ പഠിച്ചത് കേരള സിലിബസ്സാണ് ദ്വീപിലെ ഒരു വിഭാഗം ഉപയോഗിക്കുന്ന ജസരി ഭാഷ വാ മൊഴിയായതിനാല്‍ ലിപിഭാഷ മലയാളമാണ്. സംസ്‌കാരികമായും അവര്‍ കേരളത്തോടാണ് അടുത്ത് നില്‍ക്കുന്നത്. മാത്രവുമല്ല പഠനത്തിനായി ദ്വീപില്‍നിന്ന് കേരളത്തിലേക്കാണ് എത്താന്‍ എളുപ്പം. എന്നാല്‍ ദ്വീപിലെ സ്റ്റഡിസെന്ററുകള്‍ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ നിന്ന് മാറ്റി പോണ്ടിച്ചേരി സര്‍വ്വകലാശാലയുടെ കീഴിലാക്കിയത് തങ്ങളെ തകര്‍ക്കാന്‍ വേണ്ടി മാത്രമാണെന്ന് ആരോപിക്കുന്നു എല്‍എഎസ് പ്രസിഡന്റ് അനീസ് പിപി.

തങ്ങളുടെ മൗലികാവകാശം പല രീതിയില്‍ നിഷേധിക്കപ്പെടുന്നതില്‍ പലയിടങ്ങളിലും വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയപ്പോള്‍ ഭരണകൂടം നേരിട്ടത് പ്രതിഷേധങ്ങളും പ്രകടനങ്ങളും നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയായിരുന്നു. വിദ്യാര്‍ഥികളുടെ മൗലികാവകാശങ്ങളെ സംരക്ഷിക്കുന്നതിനുള്ള മുന്‍കരുതലാണെന്നായിരുന്നു അധികൃതരുടെ വാദം. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക്, ലക്ഷദ്വീപിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും പൂര്‍ണമായോ ഭാഗികമായോ നിഷേധിക്കുമെന്ന പ്രചരണം വരെയുണ്ടായി. ഇതില്‍ 14 വയസ്സിനുമുകളിലുള്ള വിദ്യാര്‍ഥികള്‍ ഉത്തരവ് ലംഘിച്ചാല്‍ സ്ഥിരമായോ നിര്‍ദിഷ്ട കാലയളവിലേക്കോ പുറത്താക്കുമെന്നും 14 വയസ്സിനുതാഴെയുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ പിഴ ചുമത്തുന്ന നടപടി സ്വീകരിക്കുമെന്ന ആശങ്കാജനകമായ സാഹചര്യവുമുണ്ടായി. മിനിക്കോയ് ദ്വീപിലെ എന്‍ജിനിയറിങ് ഡിപ്ലോമ കോളേജില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ക്യാമ്പസില്‍ പൊലീസ് തല്ലിചതച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

നാല് കപ്പലുകളാണ് കൊച്ചിയിൽ നിന്നുള്ളത്. മുമ്പ് ഏഴെണ്ണമാണ് ഓടിയിരുന്നത്. പുതിയ അഡ്മിനിസ്ട്രേറ്ററുടെ വരവോടെ
ഒരു കപ്പൽ മാത്രം ഓടിയിരുന്ന ദുരിത കാലവും രണ്ട് വർഷത്തിനിടെ ദ്വീപിലുണ്ടായി
ദുരിത യാത്രകള്‍, കപ്പല്‍ക്ഷാമം
ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ ദ്വീപിലെത്തിക്കാന്‍, രോഗത്തിന് ചികിത്സയ്ക്ക്, ഉപരിപഠനം തുടങ്ങീ ദ്വീപിലെ ജനങ്ങളുടെ മുഴുവന്‍ ജീവിത ചക്രവും കപ്പല്‍യാത്രയെ ആശ്രയിച്ചാണിരിക്കുന്നത്. അത് മുഴുവനായും താളം തെറ്റിയ അവസ്ഥയിലാണിപ്പോള്‍. കൊച്ചിയിലേക്ക് ഏഴ് യാത്രാ കപ്പലുണ്ടായിരുന്ന സ്ഥാനത്ത് ഒരു വര്‍ഷത്തോളം രണ്ട് കപ്പലുകള്‍ മാത്രമാണോടിയത്. മെച്ചപ്പെട്ട ആശുപത്രി സൗകര്യം പോലും വെട്ടിക്കുറച്ചിടത്ത് കപ്പലോട്ടം കൂടി കുറഞ്ഞതോടെ തീര്‍ത്തും ദുരിതപൂര്‍ണ്ണമായ ജീവിതത്തിലേക്കാണ് ദ്വീപുകാര്‍ തള്ളിവിടപ്പെട്ടത്.
രാത്രി ഒരുപോള കണ്ണടക്കാതെ മൂന്നു നാലും ദിവസം തുടര്‍ച്ചയായി ആന്ത്രോത്തിലെയും കവരത്തിയിലെയും ടിക്കറ്റ് കൗണ്ടറിനു മുന്നില്‍ കാത്തുകെട്ടി കിടന്നാണ് കുഞ്ഞിന്റെ ചികിത്സയ്ക്കായി ഷംഷാദലിക്ക് കൊച്ചിയിലേക്ക് ടിക്കറ്റ് ലഭിക്കുന്നത്. കേരളത്തിലെത്തി തിരിച്ച് ബേപ്പൂരില്‍ നിന്ന് ടിക്കറ്റെടുക്കാനും കുറെയേറെ ബുദ്ധിമുട്ടി. കടലാസ്സ് തുണ്ടുകളില്‍ പേരെഴുതി അതിനു മുകളില്‍ കല്ലും വെച്ച് ടിക്കറ്റ് റിലീസ് ദിവസം വരെ കാത്തിരിക്കുന്ന പ്രാകൃത രീതിയാണ് ബേപ്പൂരിലെ ടിക്കറ്റ് കൗണ്ടറിലുള്ളത്. കാത്തുനിന്നില്ലെങ്കില്‍ മറ്റാരെങ്കിലും കടലാസ്സ് ഒഴിവാക്കി അവരുടെ പേര് മുന്നിലാക്കും. അതിനാല്‍ കുറച്ച് ദിവസം ഷംഷാദലിയുടെ ഊണും ഉറക്കവും എല്ലാം കൗണ്ടറിനു മുന്നില്‍ തന്നെയായിരുന്നു. മഴകൊള്ളാതിരിക്കാന്‍ കൗണ്ടറിനു മുന്നില്‍ ഷീറ്റ് വിരിച്ചിട്ടതു തന്നെ ദ്വീപുകാരോട് അലിവു തോന്നിയ നാട്ടുകാരും പാര്‍ട്ടിക്കാരും ചേര്‍ന്നാണ്. ശുചിമുറി പോലും ഇല്ലാത്തതിനാല്‍ മൂത്രശങ്കവരെ അടക്കിപിടിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ കാത്തുനില്‍പ്. ശസ്ത്രക്രിയ കഴിഞ്ഞ് ഇരിക്കാന്‍ പോലും പറ്റാതെ ബേപ്പൂരിലെ കൗണ്ടറിനു മുന്നില്‍ രാത്രി ടിക്കറ്റിനായുള്ള ഒരു യുവതിയുടെ ദയനീയ കാത്തിരിപ്പും കാണാനിടയായി. അഭയാര്‍ഥികളുടേത് പോലെ യാതൊരു അവകാശങ്ങളും അഭിമാനവും സംരക്ഷിക്കപ്പെടാത്ത കാത്തിരിപ്പും യാത്രയുമാണിവരുടേത്. ഇതിനു പുറമെയാണ് ഇവരുടെ ഗതികേടിനെ ചൂഷണം ചെയ്യാന്‍ ബ്ലാക്കിലുള്ള ടിക്കറ്റ് വില്‍പന നടക്കുന്നത്.

'ദ്വീപ് ജീവിതം സുഗമമാക്കുന്നതില്‍ കപ്പല്‍ സര്‍വ്വീസിന് വലിയ പങ്കാണുള്ളത്. എനിക്ക് ചുമതലയുണ്ടായിരുന്ന കാലത്ത് രണ്ട് കപ്പലുകളേ ഓടിയിരുന്നുള്ളൂ. പക്ഷെ ടൂറിസ്റ്റ് പാക്കേജുകള്‍, സ്‌കൂള്‍ കലണ്ടര്‍, ആഘോഷങ്ങള്‍, വകുപ്പുകളുടെ വിവിധ ആവശ്യങ്ങള്‍, കണ്‍വെന്‍ഷനുകള്‍, വിവിധ പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ തുടങ്ങീ വിവിധ ഘടകങ്ങള്‍ പരിഗണിച്ച് കപ്പലുകളുടെ ഒരു വര്‍ഷത്തേക്കുള്ള യാത്രാ ഷെഡ്യൂളുകളാണ് ഇട്ടിരുന്നത്. അതുമൂലം ആളുകള്‍ക്ക് യാത്ര നേരത്തെ പ്ലാന്‍ ചെയ്യാമായിരുന്നു. ചുരുങ്ങിയത് ഒരു മാസം മുമ്പ് ബുക്ക് ചെയ്യാനുള്ള സൗകര്യമെങ്കിലുമുണ്ടായിരുന്നു. ഇപ്പോള്‍ 15 ദിവസത്തേക്കുള്ള യാത്രാ ഷെഡ്യൂള്‍ മാത്രമാണിടുന്നത്. അത് പലപ്പോഴും കൃത്യമായി പാലിക്കപ്പെടുന്നുമില്ല, യാത്രകള്‍ താളം തെറ്റിയാല്‍ തന്നെ ദ്വീപ് ജനത ഉലയും. അവരുടെ എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണമാണിത്''.
ഇതിനെല്ലാറ്റിനും പുറമെ പോര്‍ട്ട് മംഗലാപുരത്തേക്കാക്കാനുള്ള പദ്ധതി പുതിയ അഡ്മിനിസ്ട്രേഷനുണ്ടെന്നത് അവരെ വല്ലാതെ ഭയപ്പെടുത്തുന്നു്.'ബേപ്പൂരിലേക്ക് സ്പീഡ് ബോട്ട് വന്നിട്ട് നാലുമാസമായി. കേരളത്തില്‍ നിന്ന് ഞങ്ങളെ അകറ്റാനാണ് ശ്രമം. ഞങ്ങളുടെ ലിപി മലയാളമാണ്. ചെറുപ്പം മുതല്‍ പഠിക്കുന്നതെല്ലാം കേരളവുമായും മലയാളവുമായും ബന്ധപ്പെട്ട പാഠ്യപദ്ധതിയും. മലബാറിന്റെ സംസ്‌കാരമാണ് ഞങ്ങളുടേത്. ആ ഞങ്ങളെ കേരളത്തില്‍ നിന്ന്് വിഛേദിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്', ബേപ്പൂര്‍ പോര്‍ട്ട് ഏജന്റായ ആന്ത്രോത്തുകാരന്‍ ദര്‍വേഷ് പറയുന്നു.
.jpg?$p=a1a9064&&q=0.8)
ചികിത്സയ്ക്കും വിദ്യാഭ്യാസ വരുമാന ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ള 2 ലക്ഷം പേരുടെ യാത്ര നിഷേധിക്കപ്പെട്ടു എന്ന് കണക്കില്‍ വ്യക്തം. ഇതിനുപുറമെയാണ് കപ്പല്‍, ബോട്ട് ഹെലികോപ്റ്റര്‍ നിരക്കില്‍ 70 മുതല്‍ 150 ശതമാനം വരെയുണ്ടായ വര്‍ധന.
കപ്പലുകളുടെ റണ്ണിങ് ആന്‍ഡ് മെയിന്റനന്‍സ് ചിലവും കിട്ടുന്ന വരുമാനവും ഒത്തു പോകാത്തതുകൊണ്ടാവാം ചിലത് നിര്‍ത്തിയതെന്ന വാദവുമുണ്ട്. അമിനി ദ്വീപ് മിനിക്കോയി എന്നീ രണ്ട് കപ്പലുകള്‍ ദൂര യാത്ര നടത്താനുള്ള ഫിറ്റ്നസ് ഇല്ലെന്ന് പറഞ്ഞാണ് സ്‌ക്രാപ്പിലേക്ക് പോകുന്നത്. പക്ഷെ ഇന്റര്‍ ഐലന്‍ഡ് സർവ്വീസിനെങ്കിലും ഓടിക്കാമായിരുന്നു എന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറാവാത്ത പോര്‍ട്ട് അധികൃതര്‍ മാതൃഭൂമിയോട് പങ്കുവെച്ചു.

700 പേരെ കൊള്ളുന്ന കവരത്തി കപ്പല്‍ ഒമെയിന്റനന്‍സെന്ന് പറഞ്ഞ് ഡോക്കില്‍ കിടന്നത് ഒരു വര്‍ഷമാണ്. അതും പരിഹരിക്കാവുന്ന വിഷയമായിരുന്നു. 'കൊച്ചിന്‍ ഷിപ്പയാര്‍ഡില്‍ നേവിയുടേതോ മറ്റേതെങ്കിലും കപ്പലോ മെയിന്റനന്‍സിനായി എത്തിയിട്ടുണ്ടെങ്കില്‍ അടിയന്തിര ഘട്ടത്തില്‍ പ്രൈവറ്റായോ മറ്റോ മെയിന്റനന്‍സ് ചെയ്യാവുന്നതാണ്. ഒരിക്കല്‍ ഷാഫ്റ്റ് പൊട്ടിയപ്പോള്‍ ഗോവയിലെ ഷിപ്പ്യാര്‍ഡില്‍ കൊണ്ടുപോയി ഒന്നരമാസത്തിനുള്ളില്‍ ചെയ്തിട്ടുണ്ട്', ഒരു വര്‍ഷം ഡോക്കില്‍ കിടന്ന കവരത്തിയുടെ കാര്യം ചോദിച്ചപ്പോള്‍, മുൻ പോർട്ട് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന അലി മണിക്ഫാന്‍ പറഞ്ഞതിതാണ്.
വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ലക്ഷദ്വീപില്‍ ഏറ്റവും നന്നായി വികസിച്ചത്. ഇത്രയും തുക ദ്വീപ് ഗതാഗതത്തിനായി ചിലവഴിക്കേണ്ടതില്ലെന്ന നിലപാടായിരുന്നു മന്ത്രിസഭാ അംഗങ്ങള്‍ക്കെല്ലാം. 19 കേന്ദ്രമന്ത്രിമാരും എതിര്‍ത്തിട്ടും വാജ്പേയി അന്ന് പറഞ്ഞത് ' ഞാനവിടം സന്ദര്‍ശിച്ച ഒരാളാണ് ഗതാഗത മേഖലയിലെ ഇവരുടെ പ്രശ്നം നമുക്ക് പരിഹരിക്കാന്‍ സാധിച്ചാല്‍ ഇവരുടെ 90 ശതമാനം പ്രശ്്നങ്ങളും അവസാനിക്കുമെന്നാണ്'. അവരുടെ സകല പ്രശ്നങ്ങളുടെയും മൂലഹേതു സുഗമമായ ഗതാഗത ചരക്കു ഗതാഗത സംവിധാനങ്ങളില്ലാത്തതാണ് എന്ന തിരിച്ചറിവിലാണ് വാജ്പേയി ലക്ഷ്വദ്വീപിലെ ഗതാഗത വികസനത്തിന് മുന്‍കൈയ്യെടുക്കുന്നത്. മാത്രവുമല്ല ലക്ഷദ്വീപിന്റെ വികസനത്തിന് ദിശാബോധമുള്ള 15 വര്‍ഷ പദ്ധതിയും ആവിഷ്‌കരിച്ചു. അതേ ജനതയെ തകര്‍ക്കാന്‍ ഇതേ മേഖലയെ തകര്‍ത്താല്‍ മതിയെന്ന ചിന്തയിലാണ് കപ്പലുകള്‍ വെട്ടിക്കുറച്ചതും ഗതാഗത സംവിധാനങ്ങള്‍ താറുമാറാക്കിയതെന്നും ഓരോ ദ്വീപും നിവാസിയും ഇന്ന് ചിന്തിക്കുന്നു.
20 വര്‍ഷത്തോളം ലക്ഷദ്വീപ് ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ കീഴിലായിരുന്നു കപ്പലുകളുടെ മെയിന്റനന്‍സ ചുമതല നടത്തിയിരുന്നത്. എന്നാല്‍ ജനപ്രതിനിധികളോട് ആലോചിക്കുക പോലും ചെയ്യാതെയാണ് അത് ഷിപ്പിങ് കോര്‍പറേഷന്റെ കീഴിലാക്കിയത്. ഷിപ്പിങ് കോര്‍പറേഷന്‍ സ്വകാര്യവത്കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കെ ഈ ചാഞ്ചാട്ടം ദ്വീപുകാര്‍ക്ക് ദോഷം ചെയ്യുമെന്ന് പറയുന്നു മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് യു.സി.കെ തങ്ങള്‍.
Content Highlights: Rakshayillathe Lakshadweep, transport and education sector, nileena atholi,social, nileena atholi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..