ചാലിയാറിൽ മണലൂറ്റി സ്വർണം അരിച്ചെടുക്കൽ; ശക്തമായ നടപടിയെന്ന് വനംവകുപ്പ്, ഏഴുപേർ പിടിയിൽ

നിലമ്പൂർ: മണലൂറ്റി സ്വർണം ശേഖരിക്കുന്ന ഏഴുപേരെ പിടികൂടി. തിരുവനന്തപുരം വനം ഇന്റലിജൻസ് വിഭാഗത്തിനും നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ്‌കുമാറിനും ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് വനം ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
മമ്പാട് സ്വദേശികളായ കുണ്ടുപറമ്പ് ഷമീം (43), പനങ്ങാടൻ അബ്ദുൽ റസാഖ്(56), നരിമടക്കൽ സക്കീർ (53), പന്താർ അഷ്‌റഫ് (53), ചപ്പങ്ങാ തോട്ടത്തിൽ അലവിക്കുട്ടി (62), പന്താർ ജാബിർ (42), എടക്കര ടി.സി. സുന്ദരൻ (40) എന്നിവരെ അറസ്റ്റ് ചെയ്തു. നിലമ്പൂർ റെയ്ഞ്ച് പനയങ്കോട് സെക്ഷൻ പരിധിയിൽ ചാലിയാർ പുഴയുടെ ആയിരവല്ലിക്കാവ് വനഭാഗത്തെ ആമക്കയത്ത് മോട്ടോർ പമ്പുസെറ്റ് ഉപയോഗിച്ച് മണൽ ഊറ്റി വൻതോതിൽ സ്വർണം അരിച്ചെടുക്കുകയായിരുന്നു. ഈഭാഗം കേന്ദ്രീകരിച്ച് വലിയതോതിൽ സ്വർണഖനനം നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്ന് ദിവസങ്ങളായി നിരീക്ഷണം നടന്നുവരുകയായിരുന്നു.
പനയംകോട് എസ്എഫ്ഒ സി.കെ. വിനോദ്, ബിഎഫ്ഒ മാരായ എം. നൗഷാദ്, പി.പി. അഖിൽ ദേവ് , എൻ. ജിഷ്ണു എന്നിവർ ചേർന്നാണ് പിടി കൂടിയത്. പ്രതികളെ ജാമ്യത്തിൽ വിട്ടു.
ചാലിയാർ പുഴയുടെ മരുത ഭാഗം മുതൽ നിലമ്പൂർ മൊടവണ്ണ കടവ് വരെയുള്ള ഭാഗങ്ങളിൽ മണലിൽ സ്വർണത്തിന്റെ അംശമുണ്ട്. ഇത്ര വലിയതോതിൽ അനധികൃതമായി മണൽ ഊറ്റി ഖനനം ആദ്യമാണ്.
നിലമ്പൂർ മേഖലയിൽ സ്വർണം അരിച്ചെടുക്കൽ, നടപടിയുണ്ടാകുമെന്ന് വനംവകുപ്പ്
നിലമ്പൂർ: നിലമ്പൂരിലെ വനമേഖലകൾ കേന്ദ്രീകരിച്ചുള്ള സ്വർണം അരിച്ചെടുക്കൽ തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് നിലമ്പൂർ റെയ്ഞ്ച് ഓഫീസർ സൂരജ് വേണുഗോപാൽ പറഞ്ഞു. ഇവിടെ പരിശോധന ശക്തമാക്കും. രാത്രിയിലെ പട്രോളിങ് ഏർപ്പെടുത്തും.
നിലമ്പൂർ റെയ്ഞ്ചിലെ പനയങ്കോട് സെക്ഷൻ പരിധിയിൽ ആയിരവല്ലിക്കാവ് വനഭാഗത്തെ ചാലിയാർ പുഴയുടെ ആമക്കയം ഭാഗത്തുനിന്ന് മോട്ടോർ പമ്പു സെറ്റുപയോഗിച്ച് മണലൂറ്റി വൻ തോതിൽ സ്വർണം അരിച്ചെടുക്കാനുള്ള ശ്രമത്തിനിടെ മമ്പാട് പുള്ളിപ്പാടം സ്വദേശികളായ ഏഴുപേർ വനം ഇന്റലിജൻസിന്റെ പിടിയിലായിരുന്നു. മോട്ടോർ പമ്പുകൾ ഉൾപ്പെടെ ഉപയോഗിച്ച് വലിയ തോതിലുള്ള സ്വർണം അരിച്ചെടുക്കലിനെ വനംവകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. ഇതിനു പിന്നിൽ വലിയ ശക്തികളുണ്ടോയെന്നതും അന്വേഷിക്കുന്നുണ്ട്. സ്വർണവില ലക്ഷം പിന്നിട്ടതോടെയാണ് സ്വർണത്തിന്റെ അംശമുള്ള മണലൂറ്റൽ സജീവമായത്. വനംവകുപ്പ് നടപടി ശക്തമാക്കിയ സാഹചര്യത്തിൽ റവന്യൂ അധികൃതർക്കും പരിശോധന ശക്തമാക്കേണ്ടിവരും.
Content Highlights: Seven individuals apprehended in Nilambur for extracting gold from sand in the Chaliyar river. Forest Intelligence seizes equipment; further investigations ongoing.