ഉപതിരഞ്ഞെടുപ്പിലെ ജയം ആവർത്തിക്കാൻ UDF; അൻവർ 'എഫക്ട്' ഇല്ലെന്ന് തെളിയിക്കാൻ LDF, വീണ്ടും സ്വതന്ത്രൻ?

നിലമ്പൂർ: മണ്ഡലം രൂപംകൊണ്ട് അറുപത് വർഷത്തിനിടയ്ക്ക് വിവിധ തിരഞ്ഞെടുപ്പുകളെയാണ് നിലമ്പൂർ നേരിട്ടിട്ടുള്ളത്. ഒരു എം.എൽ.എ. വെടിയേറ്റ് കൊല്ലപ്പെടുന്നതിനും അതേത്തുടർന്ന് ഉപതിരഞ്ഞെടുപ്പിനു സാക്ഷിയാകേണ്ടിവന്ന മണ്ഡലംകൂടിയാണിത്.
എം.എൽ.എ. കൊല്ലപ്പെട്ടതിനെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ സഹതാപ തരംഗമേശാതെ എം.എൽ.എയുടെ പാർട്ടി പരാജയപ്പെടുന്നതും തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എ. പത്തു ദിവസത്തിന് ശേഷം രാജിവെച്ചപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇതേ എം.എൽ..എ.യുടെ പാർട്ടി വിജയിച്ചതും നിലമ്പൂരിന്റെ പറഞ്ഞുപതിഞ്ഞ ചരിത്രം. 45 വർഷത്തിനുശേഷം ഉപതിരഞ്ഞെടുപ്പ് നടന്ന് വിജയം ആവർത്തിച്ചാണ് നിലമ്പൂർ ഇപ്പോൾ നിൽക്കുന്നത്.
പൊതുവേ യു.ഡി.എഫ്. കോട്ട എന്ന വിളിപ്പേരുള്ള നിലമ്പൂർ മണ്ഡലത്തിൽ 2016-ലും 2021-ലും നടന്ന തിരഞ്ഞെടുപ്പുകളിൽ അട്ടിമറി വിജയമാണ് ഇടതുപക്ഷത്തിനുണ്ടായത്. ജില്ലയിലെ മറ്റു ഭാഗങ്ങളിൽനിന്ന് വ്യത്യസ്തമായി ഇടതുപക്ഷത്തിന് കുറച്ചൊക്കെ സ്വാധീനമുള്ള മേഖലയാണ് മലയോര, കുടിയേറ്റ കാർഷികത്തൊഴിലാളി വോട്ടർമാർ കൂടുതലുള്ള നിലമ്പൂർ. ഇവിടെ കോൺഗ്രസാണ് മുന്നണിയെ നയിക്കുന്നത്. 1965-ലും 1967-ലും സി.പി.എമ്മിലെ കുഞ്ഞാലിയാണ് വിജയിച്ചത്. തോറ്റത് രണ്ട് തവണയും ആര്യാടൻ മുഹമ്മദ്. 1969-ൽ കുഞ്ഞാലി വെടിയേറ്റു മരിച്ചു. തുർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിലെ എം.പി. ഗംഗാധരൻ വിജയിച്ചു. 1970-ലെ തിരഞ്ഞെടുപ്പിൽ വീണ്ടും എം.പി. ഗംഗാധരൻ വിജയിച്ചു. 1977-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ സ്ഥാനാർഥിയായ ആര്യാടൻ മുഹമ്മദ് സി.പി.എമ്മിലെ കെ. സൈതാലിക്കുട്ടിയെ പരാജയപ്പെടുത്തി. ആന്റണിക്കൊപ്പം ആര്യാടൻ എൽ.ഡി.എഫിലെത്തിയ 1980-ൽ ആര്യാടന് പകരമായി എത്തിയ ആന്റണി കോൺഗ്രസ്സിലെ സി. ഹരിദാസ് കോൺഗ്രസ്സിലെ ടി.കെ. ഹംസയെ പരാജയപ്പെടുത്തി. നായനാർ മന്ത്രി സഭയിൽ മന്ത്രിയായ ആര്യാടൻ മുഹമ്മദിന് മത്സരിക്കാൻ ദിവസങ്ങൾക്കകം ഹരിദാസ് എം.എൽ.എ. സ്ഥാനം രാജിവെച്ചു. ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായി ആര്യാടൻ മുഹമ്മദ് വിജയിച്ചു. കോൺഗ്രസ്സിലെ മുല്ലപ്പള്ളി രാമചന്ദ്രനെയാണ് പരാജയപ്പെടുത്തിയത്.
1982-ൽ കോൺഗ്രസ്സിൽനിന്ന് രാജിവെച്ച് ടി.കെ. ഹംസ എൽ.ഡി.എഫ്. സ്ഥാനാർഥിയും എൽ.ഡി.എഫ്. വിട്ട് യു.ഡി.എഫിൽ മടങ്ങിയെത്തിയ ആര്യാടൻ മുഹമ്മദും മത്സരരംഗത്തിറങ്ങി. ടി.കെ. ഹംസ വിജയിച്ചു.
പിന്നിട് 1987, 1991, 1996, 2001, 2006, 2011 തിരഞ്ഞെടുപ്പുകളിൽ ആര്യാടൻ മുഹമ്മദിന് മണ്ഡലം തുടർച്ചയായ വിജയം സമ്മാനിച്ചു. 2016-ൽ ആര്യാടൻ മുഹമ്മദ് പിന്മാറി മകൻ ആര്യാടൻ ഷൗക്കത്ത് മത്സരരംഗത്തിറങ്ങിയപ്പോൾ എൽ.ഡി.എഫ്. സ്വതന്ത്രനായി എത്തിയ പി.വി. അൻവർ യു.ഡി.എഫിനെ ഞെട്ടിച്ച് അട്ടിമറിവിജയം നേടി. 2021-ൽ ഡി.സി.സി. പ്രസിഡന്റായിരുന്ന വി.വി. പ്രകാശിനെ പരാജയപ്പെടുത്തിയും അൻവർ മണ്ഡലം നിലനിർത്തി. ഒൻപതു വർഷത്തിനുശേഷം എൽ.ഡി.എഫ്. ബന്ധം വിച്ഛേദിച്ച അൻവർ എം.എൽ.എ.സ്ഥാനം രാജിവെച്ച് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കി.
വിജയം യു.ഡി.എഫിനൊപ്പമായിരുന്നു. മണ്ഡലത്തിലെ എട്ട് തദ്ദേശ സ്ഥാപനങ്ങളിലും ഒപ്പത്തിനൊപ്പമായിരുന്നു യു.ഡി.എഫും എൽ.ഡി.എഫും ഉണ്ടായിരുന്നത്. എന്നാൽ നിലവിൽ യു.ഡി.എഫാണ് എട്ടിലും ഭരണത്തിലുള്ളത്. നിലമ്പൂർ നഗരസഭയിലും പോത്തുകൽ, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളിലും എൽ.ഡി.എഫായിരുന്നു ഭരണത്തിൽ.
2026-ൽ ആരൊക്കെ?
2016-ൽ യു.ഡി.എഫിന് സ്ഥാനം നഷ്ടമായെങ്കിലും അത് ഉപതിരഞ്ഞെടുപ്പിൽ തിരിച്ചു പിടിച്ചത് നിലനിർത്താനുള്ള തീവ്ര ശ്രമത്തിലാണ് യു.ഡി.എഫ്. അതേസമയം രണ്ടു തവണ പി.വി. അൻവറിലൂടെ നേടിയ എം.എൽ.എ. സ്ഥാനം ഉപതിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ടെങ്കിലും തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങളാകും എൽ.ഡി.എഫ് മെനയുക. പി.വി. അൻവർ പുറത്തുപോയത് ഒരു വിധത്തിലും ബാധിച്ചിട്ടില്ലെന്ന് ഇപ്പോഴും തെളിയിക്കേണ്ടത് എൽ.ഡി.എഫിനും സി.പി.എമ്മിനും ആവശ്യമാണ്. എൽ.ഡി.എഫ്. സഥാനാർഥിയാരാണെന്നറിഞ്ഞിട്ടില്ല. ഉപതിരഞ്ഞെടുപ്പിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജിനെ നിർത്തി പാർട്ടി തിരിച്ചടിക്കാൻ നോക്കിയെങ്കിലും സംവിധാനം വേണ്ടത്ര ചലിച്ചില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഒരു പൊതുസ്വതന്ത്രനാവും ഇക്കുറി സ്ഥാനാർഥിയെന്ന അഭ്യൂഹമാണുള്ളത്. യു.ഡി.എഫിൽ നിലവിലെ എം.എൽ.എ.യ്ക്കുതന്നെ വീണ്ടും അവസരം നൽകുമെന്നാണ് പ്രതീക്ഷ.
മുൻതിരഞ്ഞെടുപ്പുകളിൽ
2011
ആര്യാടൻ മുഹമ്മദ് (യു.ഡി.എഫ്.) 66,331
എം. തോമസ് മാത്യു (ഇടതു സ്വതന്ത്രൻ) 60,733
കെ.സി. വേലായുധൻ (ബി.ജെ.പി.) 4,425
ഭൂരിപക്ഷം 5,598
2016
പി.വി. അൻവർ (ഇടതുസ്വതന്ത്രൻ) 77,858
ആര്യാടൻ ഷൗക്കത്ത് (യു.ഡി.എഫ്.) 66,354
ഗിരീഷ് മേക്കാട്ട് (ബി.ഡി.ജെ.എസ്.) 12,284
ഭൂരിപക്ഷം 11,504
2021
പി.വി. അൻവർ (ഇടതു സ്വതന്ത്രൻ) 81,227
വി.വി. പ്രകാശ് (യു.ഡി.എഫ്.) 78,527
ടി.കെ. അശോക് കുമാർ (ബി.ജെ.പി.) 8,500
ഭൂരിപക്ഷം 2,700
2025 (ഉപതിരഞ്ഞെടുപ്പ് )
ആര്യാടൻ ഷൗക്കത്ത് (യു.ഡി.എഫ്.) 77,737
എം. സ്വരാജ് (സി.പി.എം.) 66,660
പി.വി. അൻവർ (എ.ഐ.ടി.സി.) 19,760
മോഹൻ ജോർജ് (ബി.ജെ.പി.) 8,648
ഭൂരിപക്ഷം 11,077
Content Highlights: A detailed 60-year electoral history of the Nilambur assembly constituency., Analysis of major political shifts, including the 2016 and 2021 LDF victories., Covers significant events like the murder of MLA Kunjali and subsequent by-elections., Includes past election results (2011-2025) and a look ahead to the 2026 election.