'സതീശന് സല്യൂട്ട്, സാംസ്‌കാരിക പ്രവര്‍ത്തകരെന്ന് പറഞ്ഞ് നിലമ്പൂരിലെത്തിയത് കൂലി എഴുത്തുകാര്‍'

ജോയ് മാത്യു | ഫോട്ടോ: മധുരാജ് \ മാതൃഭൂമി
ജോയ് മാത്യു | ഫോട്ടോ: മധുരാജ് \ മാതൃഭൂമി

കോഴിക്കോട്: പിവി അന്‍വറിനെ മുന്നണിയില്‍ എടുക്കാത്തതില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ അഭിനന്ദിച്ച് ജോയ് മാത്യൂ. വിഡി സതീശനെ സല്യൂട്ട് ചെയ്യുന്നു. ആ നിലപാടിലെ കണിശതയാണ് യുഡിഎഫിന്റെ സക്‌സസ്. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുക ജയിക്കുക എന്നതല്ല. നിലപാട് എടുക്കുക എന്നതാണ് പ്രധാനം. അതിന് ഉറപ്പായും റിസള്‍ട്ട് ഉണ്ടാവും. 

അന്‍വറിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് കൊണ്ടുവരാന്‍ പലരും ശ്രമിക്കുന്നുണ്ട്. അവരെ പറഞ്ഞ് മനസ്സിലാക്കി അടിച്ചിരുത്തുക. അന്‍വറിനെ മുന്നണിയില്‍ എടുത്താല്‍ വിമര്‍ശിക്കുന്നുമെന്നും ജോയ് മാത്യൂ പറഞ്ഞു. 

പുസ്തകം എഴുതിയത് കൊണ്ട് സിനിമയില്‍ അഭിനയിച്ചതുകൊണ്ടോ ആരും സാസ്‌കാരിക പ്രവര്‍ത്തകര്‍ ആവില്ല, സാംസ്‌കാരിക പ്രവര്‍ത്തനം സാംസ്‌കാരിക ഇടപെടലാണ്. ആദിവാസികളും ആശാവര്‍ക്കര്‍മാരും സമരം ചെയ്യുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കുന്ന ഷോക്കടിച്ച് കുട്ടി മരിക്കുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കുന്ന ആരും സാംസ്‌കാരിക പ്രവര്‍ത്തകരാണെന്ന് ഞാന്‍ കരുതുന്നില്ലെന്നും ജോയ് മാത്യൂ പറഞ്ഞു. 

ഇത്തരം വിഷയങ്ങളില്‍ രാഷ്ട്രീയം നോക്കാതെ ഇടപെടുന്നവരാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍. അല്ലാത്തവര്‍ കൂലി എഴുത്തുകാരാണ്, കൂലി എഴുത്തുകാരും കൂലി സാംസ്‌കാരിക പ്രവര്‍ത്തകരും നിലമ്പൂരില്‍ എത്തിയപ്പോള്‍ നിലമ്പൂരിലെ ജനം അത് തിരിച്ചറിഞ്ഞു. 

സ്വരാജ് നല്ല വ്യക്തിയാണ് പ്രാസംഗികനാണ്, നല്ല പാര്‍ട്ടിക്കാരനുമാണ്. പക്ഷെ നല്ല പൊതുപ്രവര്‍ത്തകന്‍ അല്ല. ഏത് പൊതു പ്രവര്‍ത്തനത്തിലാണ് സ്വരാജ് നിലപാട് എടുത്തിട്ടുള്ളത്. 42 കാറിന്റെ അകമ്പടിയില്‍ പോകുന്ന രാജാവിനെ ഏതെങ്കിലും രീതിയില്‍ വിമര്‍ശിച്ചതായി എനിക്കറിയില്ല. കേരളത്തില്‍ നടന്ന ഏതെങ്കിലും സമരങ്ങളില്‍ സ്വരാജ് നിലപാട് പറഞ്ഞതായും അറിയില്ല. പാര്‍ട്ടി പറയുന്നത് കേട്ട് ജീവിക്കുന്ന ഒരു മനുഷ്യന്‍മാത്രമാണ് സ്വരാജ് എന്നും ജോയ് മാത്യൂ. കോഴിക്കോട് സികൈജി അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Content Highlights: nilambur bypoll results vd satheesan joy mathew