വി.വി.പ്രകാശിന്റെ വീട്ടിലെത്തി പി.വി.അന്‍വര്‍; എന്നും കോണ്‍ഗ്രസിനൊപ്പമെന്ന് ഭാര്യയുടെ പ്രതികരണം

പി.വി. അൻവർ | ചിത്രം: മാതൃഭൂമി
പി.വി. അൻവർ | ചിത്രം: മാതൃഭൂമി

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി.അന്‍വര്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി.വി.പ്രകാശിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം പ്രചാരണത്തിന്റെ തുടക്കമിടാനായിട്ടാണ്‌ അന്‍വര്‍ മുന്‍ ഡിസിസി അധ്യക്ഷനും 2021-ല്‍ തന്റെ എതിര്‍ സ്ഥാനാര്‍ഥിയുമായിരുന്ന വി.വി.പ്രകാശിന്റെ എടക്കരയിലെ വീട്ടിലെത്തിയത്. വി.വി.പ്രകാശിന്റെ ഭാര്യ സ്മിതയോടും മക്കളോടും അന്‍വര്‍ വോട്ടഭ്യര്‍ഥിച്ചു. എന്നാല്‍ എന്നും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് സ്മിത പിന്നീട് പ്രതികരിച്ചു. 'വി.വി.പ്രകാശ് മരിച്ചപ്പോള്‍ പുതപ്പിച്ചത് കോണ്‍ഗ്രസ് പതാകയാണ്. ആ പാര്‍ട്ടി തന്നെയായിരിക്കും ഞങ്ങളുടെ മരണംവരെയും. ഞങ്ങള്‍ എന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമാണ്. അതില്‍കൂടുതല്‍ ഒന്നും പറയാനില്ല' സ്മിത പറഞ്ഞു.

പ്രകാശിന്റെ വീട് സന്ദര്‍ശിച്ച അന്‍വറിന്റെ നീക്കത്തിന് ഏറെ രാഷ്ട്രീയ പ്രധാന്യമുണ്ട്. 2021-ല്‍ വി.വി.പ്രകാശ് പരാജയപ്പെട്ടത് ആര്യാടന്‍ ഷൗക്കത്ത് പാലം വലിച്ചതിനെത്തുടര്‍ന്നാണെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. കുടുംബത്തിന്റെ ചില പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ മരണം സംബന്ധിച്ചും അന്‍വറും ഇടതുപക്ഷവും ആരോപണങ്ങളുയര്‍ത്തിയിരുന്നു.

2021-ല്‍ 2700 വോട്ടുകള്‍ക്കാണ് വി.വി.പ്രകാശ് ഇടതുസ്വതന്ത്രനായിരുന്ന പി.വി.അന്‍വറിനോട് പരാജയപ്പെട്ടത്. അന്ന് നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിനായി വി.വി.പ്രകാശിനൊപ്പം ആര്യാടന്‍ ഷൗക്കത്തും രംഗത്തുണ്ടായിരുന്നു.
 

Content Highlights: TMC candidate P.V. Anvar visits the family of deceased Congress leader V.V. Prakash