യുഡിഎഫ് പ്രവേശനവും ആവശ്യപ്പെട്ട സ്ഥാനാർഥിയും ഇല്ല; ഷൗക്കത്തിനെതിരേ മത്സരിക്കാൻ അന്‍വര്‍?

പി.വി. അൻവർ, ആര്യാടൻ ഷൗക്കത്ത്
പി.വി. അൻവർ, ആര്യാടൻ ഷൗക്കത്ത്

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് കോൺഗ്രസ് സ്ഥാനാർഥിയായേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ പി.വി.അൻവർ ഇനി എന്ത് നിലപാട് സ്വീകരിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അന്‍വറിന്റെ താത്പര്യത്തെ മറികടന്ന് കോണ്‍ഗ്രസ് ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചതിനു പിന്നാലെ അൻവർ നിലമ്പൂരിൽ മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. 

മണ്ഡലത്തില്‍ ആര്യാടന്‍ ഷൗക്കത്തിന് വിജയസാധ്യതയില്ലെന്നും ഡിസിസി അധ്യക്ഷാന്‍ വി.എസ്. ജോയ് സ്ഥാനാര്‍ഥിയാവട്ടെ എന്നുമായിരുന്നു അന്‍വറിന്റെ നിലപാട്. എന്നാല്‍, ഈ അഭിപ്രായം മറികടന്ന് കോണ്‍ഗ്രസ് ചര്‍ച്ചയിലൂടെ ഷൗക്കത്ത് എന്ന ഒറ്റപ്പേരിലേക്കെത്തുകയായിരുന്നെന്നാണ് സൂചന. ഇതോടെയാണ് അൻവറിന്‍റെ തുടർ നിലപാട് നിർണായകമാകുന്നത്. മത്സരിക്കുകയാണെങ്കിൽ അന്‍വര്‍ സ്വതന്ത്രനായാണോ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണോ മത്സരിക്കുക എന്നതും വ്യക്തമാകേണ്ടതുണ്ട്.

അതേസമയം, അന്‍വറിന്റെ ആത്യന്തികമായ ലക്ഷ്യം യുഡിഎഫ് പ്രവേശനമാണെന്നിരിക്കേ, അന്‍വറിന്റെ ഹിതത്തിനനുസരിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം സംഭവിക്കാത്ത സാഹചര്യത്തില്‍ ഇതൊരു സമ്മര്‍ദതന്ത്രമായി ഉപയോഗപ്പെടുത്തി, യുഡിഎഫ് പ്രവേശനം നേടാൻ അന്‍വര്‍ ശ്രമിക്കുന്നുണ്ടെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. ഒരു സമവായത്തിന് ആഗ്രഹിക്കുന്ന കോണ്‍ഗ്രസ്, ഈ ഘട്ടത്തില്‍ അന്‍വറിനെ തണുപ്പിക്കാൻ ഈ വിധത്തിൽ ശ്രമിക്കുമോ എന്നതും കാത്തിരുന്നു കാണേണ്ടതാണ്.

വി.എസ്. ജോയിക്കായി ചരടുവലികള്‍ നടത്തുന്നതിനോടൊപ്പം നിലമ്പൂരില്‍ കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ഥിയാക്കിയാലും പിന്തുണയ്ക്കുമെന്നും അന്‍വര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ അൻവർ പരസ്യമായി എതിര്‍പ്പറിയിച്ചു. ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കാനല്ല താന്‍ രാജിവെച്ചതെന്ന് അന്‍വര്‍ പറഞ്ഞു. സ്ഥാനാര്‍ഥിത്വമോഹികള്‍ക്ക് മത്സരിക്കാനാണെങ്കില്‍ പത്തുമാസത്തിനപ്പുറം 140 സീറ്റുകള്‍ ഒഴിവുണ്ടല്ലോ എന്നും അന്‍വര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അൻവറിന്‍റെ ഈ പ്രതികരണത്തിനു പിന്നാലെയാണ് കോണ്‍ഗ്രസ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കളമശ്ശേരിയിലെ ഹോട്ടലില്‍ നിര്‍ണായക യോഗം ചേര്‍ന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തിന് നേതൃത്വം നല്‍കി. ചര്‍ച്ചയില്‍ അന്‍വറിന് വഴങ്ങേണ്ടതില്ലെന്നും ഷൗക്കത്ത് എന്ന ഒറ്റപ്പേര് ഹൈക്കമാന്‍ഡിന് കൈമാറാമെന്നും പാര്‍ട്ടി നിലപാടെടുക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.

ഇടതുമുന്നണി അംഗമായിരുന്ന പി.വി.അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജൂണ്‍ 19-നാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ 23-ന് നടക്കും. നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമുള്ള അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പാണിത്. ഇതുവരെ നടന്ന നാല് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫും എല്‍ഡിഎഫും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി.

തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും  യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ചേലക്കരയില്‍ ഇടതുപക്ഷം സിറ്റിങ് സീറ്റില്‍ വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കേ, ഇരുമുന്നണികള്‍ക്കും അഭിമാനപ്രശ്നമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്.

Content Highlights: nilambur byelection pv anvars strategy